ദശമൂലാരിഷ്ടം(Dasamoolarishtam) എന്നാൽ എന്താണ്?
Dasamoolarishtam (Dashmularishta) Benefits, Uses & Dosage
മലയാളിയുടെ ഓര്‍മയില്‍ ആദ്യം എത്തുന്ന അരിഷ്ടമാണ് ദശമൂലാരിഷ്ടം. മലയാളി തളര്‍ന്നപ്പോഴെല്ലാം ഊര്‍ജം പകര്‍ന്ന് കർമോത്സഖനാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഔഷധങ്ങളിലൊന്ന്.
ആയുർവേദത്തിലെ ഒരു അരിഷ്ട ഔഷധയോഗമാണ് ദശമൂലാരിഷ്ടം
(Dasamoolarishtam). മലയാളിയെ സംബന്ധിച്ചിടത്തോളം ഊര്‍ജദായിനി ആയ ഔഷധമാണ് ദശമൂലാരിഷ്ടം.രുചിയും ,വിശപ്പും വര്‍ധിപ്പിക്കുവാനും, മലമൂത്രവിസര്‍ജനം തൃപ്തികരമാക്കാനും, ശ്വാസകോശത്തെ രോഗവിമുക്തമാക്കാനും, വൃക്കകളില്‍ കല്ലുകളുണ്ടാകുന്നതിനെ തടയാനും, വാതം, ശരീരവേദന, നീര്, ശ്വാസരോഗങ്ങൾ, ദൗർബല്യം എന്നീ രോഗങ്ങളിലും , പ്രസവാനന്തര ശുശ്രൂഷയിലും പ്രധാനമായി ഇത് നൽകി വരുന്നു.ഇതിനു പുറമേ വിവിധ രോഗങ്ങളുടെ ചികില്‍സയ്ക്കും ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു.
35 ദിവസത്തോളം എടുത്താണ് ദശമൂലാരിഷ്ടം നിര്‍മിക്കുന്നത്. 66 മരുന്നുകളും , ശര്‍ക്കരയും , തേനും ചേര്‍ത്താണ് ദശമൂലാരിഷ്ടം നിര്‍മിക്കുന്നത്. ദശമൂലവും മറ്റു പ്രധാനപ്പെട്ട ഔഷധദ്രവ്യങ്ങളും ഇതില്‍ ചേരുന്നു
.കഷായത്തില്‍ തേനും , ശര്‍ക്കരയും ചേര്‍ത്ത് 30 ദിവസത്തോളം വലിയ ടാങ്കുകളില്‍ സൂക്ഷിക്കുന്നതാണ് സന്ധാനപ്രക്രിയ.
ദശമൂലം (ഓരില, മൂവില, ചെറുവഴുതിന, വെൺവഴുതിന, കൂവളം, കുമിഴ്, പാതിരി, പയ്യാഴാന്ത, മുഞ്ഞ ,ഞെരിഞ്ഞിൽ എന്നിവയുടെ വേര് ), പുഷ്കരമൂലം, പാച്ചോറ്റിത്തൊലി, ചിറ്റമൃത്, നെല്ലിക്കാത്തോട്, കൊടിത്തൂവവേര്, കരിങ്ങാലിക്കാതൽ, വേങ്ങാക്കാതൽ, കടുക്കാത്തോട്, കൊട്ടം, മഞ്ചട്ടി, ദേവതാരം, വിഴാലരി, ഇരട്ടിമധുരം, ചെറുതേക്കിൻവേര്, വ്ലാങ്ങാക്കായ്, താന്നിക്കായ്തോട്, താഴുതാമവേര്, കാട്ടുമുളകിൻവേര്, ജടാമാഞ്ചി, ഞാഴൽപ്പൂവ്, നറുനീണ്ടിക്കിഴങ്ങ്, കരിംജീരകം, ത്രികോല്പക്കൊന്ന, അരേണുകം, ചിറ്റരത്ത, തിപ്പലി, അടയ്ക്കാമണിയൻ, കച്ചോലം, വരട്ടുമഞ്ഞൾ, ശതകുപ്പ, പതിമുകം, നാഗപ്പൂവ്, മുത്തങ്ങാ, കുടകപ്പാലയരി, അഷ്ടവർഗം എന്നിവയെല്ലാം ചേർത്ത് വിധിപ്രകാരം കഷായം വച്ച് ഊറ്റിയെടുത്ത് ആ കഷായത്തിൽ ഇരുവേലി, ചന്ദനം, ജാതിക്കാ, ഗ്രാമ്പു, ഇലവംഗം, തിപ്പലി ഇവ പൊടിച്ചുചേർത്ത് വേണ്ടത്ര താതിരിപ്പൂവും , ശർക്കരയും , തേനും കലക്കിച്ചേർത്തശേഷം പുകച്ച് നെയ്പുരട്ടി പാകമാക്കിയ ഒരു മൺപാത്രത്തിലാക്കി ശീലമൺചെയ്ത് ഈർപ്പമില്ലാത്ത മണ്ണിനടിയിൽ ഒരു മാസം കുഴിച്ചിടുന്നു. പുറത്തെടുത്ത് നല്ലതുപോലെ അരിച്ച് കുപ്പികളിൽ സൂക്ഷിക്കാം.ഗുണമേന്‍മ വിലയിരുത്താന്‍ കൃത്യമായ ഇടവേളകളില്‍ ലാബില്‍ പരിശോധനയുമുണ്ട്.
ഒരു ഔണ്‍സ് ദശമൂലാരിഷ്ടം ദിവസേന സേവിക്കുക വഴി ക്ഷീണം അകറ്റി ശരീരത്തിന് ഉന്‍മേഷം പകരാനും , വിശപ്പും രുചിയും വര്‍ധിപ്പിക്കുവാനും സാധിക്കും. പക്ഷേ ഒരു കാര്യം ഓര്‍ക്കണം. മറ്റേത് മരുന്നിനേയും പോലെ പ്രമേഹം, അസിഡിറ്റി, കരള്‍വീക്കം തുടങ്ങിയ രോഗമുള്ളവര്‍ക്ക് ദശമൂലാരിഷ്ടം ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കും. വിദഗ്ദ്ധരുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
Share your comments