കരിങ്ങാലിയിട്ട് തിളപ്പിച്ച വെളളം കുടിക്കുന്നത് പലരുടെയും കാലങ്ങളായുളള ശീലമാണ്. എന്നാല്‍ അതിന്റെ ഗുണങ്ങളെപ്പറ്റിയൊന്നും അധികം ആര്‍ക്കും അറിയില്ല.
പല ആയുര്‍വ്വേദ ഔഷധങ്ങളും നിര്‍മ്മിക്കാന്‍ കരിങ്ങാലി ഉപയോഗിക്കാറുണ്ട്. സ്ഥിരമായി കരിങ്ങാലി വെളളം കുടിച്ചാല്‍ പലവിധത്തിലുളള പ്രശ്‌നങ്ങളെ നമുക്ക് അകറ്റിനിര്‍ത്താം.
പലതരം ഗുണങ്ങളുളള ഔഷധസസ്യമായ കരിങ്ങാലി ഒരു ഇലപൊഴിയും വൃക്ഷമാണ്. ചൈന, ഇന്ത്യ എന്നിവിടങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലും ഇത് കാണപ്പെടുന്നു. കേരളത്തില്‍ വ്യാപകമായി വളരുന്ന സസ്യമാണിത്. അക്കേഷ്യ കറ്റെച്ചു എന്നാണ് ഇതിന്റെ ശാസ്ത്രനാമം. 15 മീറ്റര്‍ വരെ ഉയരത്തില്‍ ഇത് വളരും. നിരവധി ആയുര്‍വ്വേദ മരുന്നുകള്‍ക്കുളള ചേരുവയാണിത്. അതിനാല്‍ വ്യാവസായികാടിസ്ഥാനത്തിലും കരിങ്ങാലി കൃഷി ചെയ്യുന്നുണ്ട്.
ജലദോഷവും ചുമയും
ജലദോഷം, ചുമ പോലുളള പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം കരിങ്ങാലിയിലുണ്ട്. ഇത് ചുമയെ ഇല്ലാതാക്കാനും കഫക്കെട്ട് പോലുളളവയ്ക്ക് പരിഹാരം കാണാനും സഹായകമാണ്. അതിനാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉളളവര്‍ക്ക് കരിങ്ങാലി വെളളം ശീലമാക്കാം.
പ്രമേഹരോഗികള്‍ക്ക്
ഇപ്പോള്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് പ്രമേഹം. എന്നാല്‍ കേട്ടോളൂ കരിങ്ങാലി വെളളം ശീലമാക്കിയാല്‍ പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാനാകും.
ദന്തരോഗങ്ങള്‍ അകറ്റും
ദന്തരോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കുളള മികച്ച പരിഹാരമാര്‍ഗമാണ് കരിങ്ങാലി വെളളം. ഇത് പല്ല് വേദന, മോണരോഗങ്ങള്‍, വായ്‌നാറ്റം എന്നിവ നിയന്ത്രിയ്ക്കും. പല്ലുകള്‍ക്ക് ബലമേകാന്‍ കരിങ്ങാലിയുടെ തൊലി നല്ലതാണെന്ന് ആയുര്‍വ്വേദം പറയുന്നു.
ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക്
ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജി, ചൊറിച്ചില്‍, ത്വക് രോഗങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാന്‍ കരിങ്ങാലി സഹായിക്കും.
രക്തശുദ്ധിയ്ക്ക്
രക്തത്തെ ശുദ്ധീകരിക്കാന്‍ ഏറ്റവും മികച്ചതാണ് കരിങ്ങാലി. രക്തശുദ്ധിയ്ക്കായി കരിങ്ങാലി വെളളം ശീലമാക്കാവുന്നതാണ്. ഇത് പലതരത്തിലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകും.
നിര്‍ജ്ജലീകരണം തടയും
നിര്‍ജ്ജലീകരണം ഇല്ലാതാക്കി ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യാന്‍ കരിങ്ങാലി സഹായിക്കും. ദിവസവും കുറഞ്ഞത് ആറ് മുതല്‍ എട്ട് ഗ്ലാസ് വരെ കരിങ്ങാലി വെളളം കുടിച്ചാല്‍ നിര്‍ജ്ജലീകരണം പോലുളള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ദാഹശമനി ശീലമാക്കിയവര്‍ അറിയാന്‍: കരിങ്ങാലിയിലെ മായം തിരിച്ചറിയാം
Share your comments