കരളിൽ ഉണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. പല കാരണങ്ങൾ കൊണ്ടും ഹെപ്പറ്റൈറ്റിസ് ഉണ്ടാകാം. ഹെപ്പറ്റോട്രോപ്പിക്, നോൺ ഹെപ്പറ്റോട്രോപ്പിക് വൈറസുകൾ മൂലം, പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന തകരാറുകൾ, കരളിനെ ബാധിക്കുന്ന ദഹനസംബന്ധിയായ പ്രശ്നങ്ങൾ, ശരീരത്തിനുള്ളിൽ കടക്കുന്ന വിഷാംശങ്ങൾ, മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവർ, എന്നിവയെല്ലാം ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നു. ഇവയിൽ ഏത് കാരണത്താലാണ് ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നത് എന്നതിന് അനുസരിച്ച് രോഗത്തിന്റെ തീവ്രത കൂടുകയോ കുറയുകയോ ചെയ്യും.
ഹെപ്പറ്റോട്രോപ്പിക് വൈറസുകളാണ് അധിക രോഗികളിലും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത് . പക്ഷെ ഇപ്പോൾ ജീവിതശൈലി കാരണമുണ്ടാകുന്ന ഫാറ്റി ലിവറും അതുമൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസും കൂടിവരികയാണ്. ആരംഭത്തിൽ പ്രത്യേക ലക്ഷണങ്ങളൊന്നും പുറമെ കാണിക്കാത്തതുകൊണ്ട് ഹെപ്പറ്റൈറ്റിസ് പലപ്പോഴും വേറെ എന്തെങ്കിലും ഒരു അസുഖത്തിന് വേണ്ടി ടെസ്റ്റുകൾ നടത്തിനോക്കുമ്പോഴാണ് കണ്ടുപിടിക്കപ്പെടുന്നത്. ചിലരിൽ തലകറക്കം, മനംപിരട്ടൽ, ഛർദ്ദി, വിശപ്പില്ലായ്മ, അടിവയറ്റിലെ വേദന, മഞ്ഞപ്പിത്തം, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാറുണ്ട്. ചിലരിൽ ഗുരുതരമാം വിധം കരൾ തകരാറിലായ ശേഷമായിരിക്കും ഹെപ്പറ്റൈറ്റിസ് തിരിച്ചറിയുന്നത്. അപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത രക്തസ്രാവം, ബോധമില്ലായ്മ, വയറ്റിലെ നീര് എന്നീ ലക്ഷണങ്ങളും ഉണ്ടാവും.
രോഗനിർണ്ണയം ചെയ്യുന്നതിനായി മുൻകാലങ്ങളിൽ രോഗി ചികിത്സ തേടിയിട്ടുള്ള രോഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ അനിവാര്യമാണ്. ഒപ്പം കൃത്യമായ രക്ത, സ്രവ പരിശോധനകളും. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ ഹെപ്പറ്റൈറ്റിസ് എത്ര ഗുരുതരമായ സ്റ്റേജിലാണെന്ന് കണ്ടെത്താം. രോഗകാരണം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ കരൾ ബയോപ്സി പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.
ഹെപ്പറ്റൈറ്റിസ് വരാനുള്ള കാരണങ്ങൾ
എ, ബി,സി, ഡി, ഇ എന്ന് വിളിക്കുന്ന അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. ഈ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ മലിനമായ ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. രോഗിയുടെ മലവിസർജ്യത്തിലൂടെയാണ് ഈ വൈറസുകളെ പുറന്തള്ളുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകൾ ഗുരുതരമായ ലിവർ സിറോസിസിനും കാൻസറിനും കാരണമാകുന്നു.
അണുബാധയുള്ള രക്തം സ്വീകരിക്കൽ, സൂചികൊണ്ടുള്ള മുറിവുകൾ, എന്നിവയിലൂടെയും ഹെപ്പറ്റൈറ്റിസ് പകരും. ഹെപ്പറ്റൈറ്റിസ് സി വൈറസ് ശരീരത്തിൽ കടന്നു കഴിഞ്ഞാൽ വർഷങ്ങളോളം ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല. കരൾ ഗുരുതരാവസ്ഥയിലാകുമ്പോഴായിരിക്കും ഹെപ്പറ്റൈറ്റിസ് ആണെന്ന് തിരിച്ചറിയുന്നത്. ഹെപ്പറ്റൈറ്റിസ് ബി ഉണ്ടായവരിൽ കാണുന്ന ഒരു ഉപരോഗമാണ് ഹെപ്പറ്റൈറ്റിസ് ഡി. ഹെപ്പറ്റൈറ്റിസ് ഡി മാത്രമായി ആരിലും ഉണ്ടാകാറില്ല.
ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ
പനി, ക്ഷീണം, വിശപ്പില്ലായ്മ, തലകറക്കം, ഛർദി, അടിവയറ്റിൽ വേദന, ഇരുണ്ടനിരത്തിലുള്ള മൂത്രം, വിളറിയ മലം, സന്ധിവേദന, മഞ്ഞപിത്തം എന്നിവയാണ് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ. ഏത് വൈറസാണ് രോഗകാരിയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധന ആവശ്യമാണ്. ശരീരത്തിൽ എത്രത്തോളം വൈറസ് പിടിമുറുക്കിയിട്ടുണ്ടെന്ന് കണ്ടെത്താൻ വൈറൽ ലോഡ് ടെസ്റ്റും വേണം.
പ്രതിരോധം
ശുദ്ധമായ വെള്ളം മാത്രം കുടിക്കുക, മലമൂത്രവിസർജ്യങ്ങൾ ശരിയായവിധം മറവുചെയ്യണം, ശുചിത്വം പാലിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ ധാരാളം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ശുദ്ധമായ ഇടങ്ങളിൽ നിന്ന് മാത്രം വെള്ളം കുടിക്കുക. ഉപയോഗിച്ച ശേഷം സിറിഞ്ചുകളും മറ്റ് വസ്തുക്കളും ശരിയായവിധം ഉപേക്ഷിക്കാൻ ആശുപത്രി സംവിധാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗികൾക്ക് രക്തം നൽകുന്നതിന് മുൻപ് അതിൽ അണുബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പിക്കണം. നാടൻ, ആയുർവേദ ചികിത്സകൾ പരമാവധി ഒഴിവാക്കുക.
ഹെപ്പറ്റൈറ്റിസ് എ, ബി രോഗങ്ങൾക്ക് വാക്സിൻ ലഭ്യമാണ്. ഒരു വയസ് കഴിഞ്ഞ കുട്ടികൾക്ക് രണ്ട് ഡോസ് വാക്സിൻ എടുക്കണം. ലൈവ് വാക്സിൻ ആണെങ്കിൽ ഒറ്റ ഡോസ് മതിയാകും.വാക്സിൻ ലഭ്യമായി തുടങ്ങിയ ശേഷം, ഹെപ്പറ്റൈറ്റിസ് ഡി വരാതിരിക്കാനുള്ള ഒരേയൊരു മാർഗം ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ മാത്രമാണ്. ഹെപ്പറ്റൈറ്റിസ് സി, ഇ വൈറസുകൾക്കെതിരെ ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. കൃത്യമായ ഇടവേളകളിലെ പരിശോധന, പ്രതിരോധ കുത്തിവെയ്പ്പ്, എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് കാരണമുണ്ടാകുന്ന വെല്ലുവിളികളെ നമുക്ക് അതിജീവിക്കാം.
Share your comments