പുകവലി ആരോഗ്യത്തിന് ഹാനികരവും ജീവനെ വരെ അപായപ്പെടുത്തുന്നവയാണ് എന്നെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. സിഗരറ്റ്, ബീഡി മറ്റ് പുകയില ഉൽപ്പന്നങ്ങളെല്ലാം ശ്വാസകോശത്തേയും ഹൃദയത്തേയും ബാധിക്കുന്നവയാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പാക്കറ്റിന് പുറത്ത് തന്നെ എഴുതിവച്ചിട്ടുണ്ടെങ്കില്‍ പോലും അത് വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നുമില്ല. മദ്യപാനം പോലെ തന്നെ പുകവലിയും ശീലമാകുമ്പോഴാണ് നിര്‍ത്താന്‍ സാധിക്കാതെ വരുന്നത്. ശീലം എന്നത് മാനസികമായി മാത്രം തോന്നുന്ന അവസ്ഥയാണ്, അതായത് ശരീരത്തിന് അതിൻറെ ആവശ്യമുണ്ടായിരിക്കണമെന്നില്ല.
പുകവലി മാത്രമല്ല ഏതു കാര്യവും നിര്‍ത്തുവാന്‍ തീരുമാനിക്കുമ്പോള്‍ പ്രധാനമായും മനസിനെയാണ് നാം പരിഗണനയില്‍ എടുക്കേണ്ടത്. താഴെ പറയുന്ന ചില ടിപ്പുകളും നിങ്ങളെ പുകവലി ഉപേക്ഷിക്കാൻ സഹായിച്ചേക്കാം.
* പുകവലിക്കുന്നതിന് പിന്നിലും ഓരോരുത്തര്‍ക്കും അവരവരുടെതായ കാരണങ്ങള്‍ കാണാം. ചിലര്‍ 'സ്‌ട്രെസ്' കാരണമാക്കുമ്പോള്‍, മറ്റ് ചിലരാകട്ടെ ഭക്ഷണം കഴിച്ച ശേഷം ദഹനത്തിനാണെന്ന് വാദിക്കാറുണ്ട്. ഭൂരിപക്ഷം പേരും ഒരു 'രസത്തിന്' എന്ന മറുപടിയാണ് നല്‍കാറ്. കാരണം ഏതുമാകട്ടെ, നിങ്ങള്‍ക്ക് സ്വയം തോന്നുന്ന കാരണം എന്താണോ, അത് ഒരു കടലാസില്‍ എഴുതിവയ്ക്കുക. അത് സ്വയം ബോധ്യത്തില്‍ വയ്ക്കുകയും ചെയ്യുക. ശേഷം ആ കാരണം പ്രായോഗികമായി അഭിമുഖീകരിക്കേണ്ട സമയത്ത് മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക.
പുകവലി നിര്‍ത്തണോ? മിസ്ഡ്കോള്‍ ചെയ്യൂ
* ആദ്യമേ സൂചിപ്പിച്ചത് പോലെ പുകവലി ഒരു അളവ് വരെ മാനസികമായ ആസ്വാദനമാണ്. അതിനാല്‍ തന്നെ സ്വയം പറ്റിക്കും വിധം മനസിനെ വഴിതിരിച്ചുവിട്ടുകൊണ്ട് പുകവലി നിയന്ത്രിക്കാന്‍ സാധിക്കും. വെറുതെ ഒരു സ്‌ട്രോ വായില്‍ വച്ച് ഊതി വിടുന്നത് പോലുള്ള കാര്യങ്ങള്‍ ഇതിനായി ചെയ്യാം. ഇത് വിദഗ്ധര്‍ തന്നെ നിര്‍ദേശിക്കാറുള്ള പരിശീലനമാണ്.
* നമ്മള്‍ മാനസികമായി മോശം നിലയിലായിരിക്കുമ്പോള്‍ പുകവലി നിര്‍ത്തുക എളുപ്പമല്ല. അതിനാല്‍ സന്തോഷമായിരിക്കുമ്പോള്‍ തന്നെ ഇത് നിയന്ത്രിച്ച് പരിചയിക്കുക.
* പുകവലിക്കുന്നവര്‍ മിക്കവാറും അതിനായി ചിലവിടുന്ന പണം എത്രയാണെന്ന് കണക്ക് വച്ച് നോക്കാറില്ല. ധാരാളം പണം ഈ വകയില്‍ നമ്മള്‍ ചിലവിട്ടേക്കാം. ഈ പണം അതത് സമയങ്ങളില്‍ ഒരിടത്ത് സൂക്ഷിച്ചുവച്ചുകൊണ്ട് പുകവലി കുറച്ചുനോക്കുന്നതും ഒരു പരിശീലനമാണ്. ഇങ്ങനെ സൂക്ഷിക്കുന്ന പണം കൊണ്ട് എന്തെങ്കിലും സാധനങ്ങള്‍ നാം നമുക്ക് തന്നെ വാങ്ങി സമ്മാനിക്കുകയും ആവാം. അത്തരം പരിശീലനങ്ങളെല്ലാം അനുകൂലമായ സ്വാധീനം നമ്മളില്‍ ചെലുത്തിയേക്കാം.
* പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ അതിനെ ഓര്‍മ്മപ്പെടുത്തുന്ന എല്ലാ സാധനങ്ങളും ചുറ്റുപാടുകളില്‍ നിന്നും ഒഴിവാക്കുക. ആഷ് ട്രേ, ലൈറ്ററുകള്‍ എന്നിങ്ങനെ പുകവലിയെ ഓര്‍മ്മിപ്പിക്കുന്ന എന്തും വീട്ടില്‍ നിന്നോ ഓഫീസ് മുറിയില്‍ നിന്നോ ഒഴിവാക്കുക..
* പുകവലിക്കാന്‍ തോന്നുമ്പോള്‍ മനസിനെ വഴി തിരിച്ചുവിടുന്നതിന്റെ ഭാഗമായി പുറത്തേക്ക് പോകാം. എങ്ങോട്ടെങ്കിലും നടക്കാന്‍ പോവുകയോ സുഹൃത്തുക്കളെ കാണുകയോ അവരുമായി സമയം ചിലവിടുകയോ ആവാം. പുകവലി ശീലമുള്ളവരെ ആ സമയങ്ങളില്‍ ഒഴിവാക്കുന്നതാണ് ഉചിതം.
Share your comments