ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കഞ്ഞുണ്ണി അഥവാ കയ്യോന്നി. ദശപുഷ്പങ്ങൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്. ഇത് ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും നിരവധി മരുന്ന് കൂട്ടുകൾ നിർമ്മിക്കുവാൻ ഉപയോഗപ്പെടുത്തുന്നു. കൂടാതെ ഇത് ഹൈന്ദവ സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ പൂജയ്ക്കും മറ്റു മംഗള കർമങ്ങൾക്കും ഉപയോഗിച്ചുവരുന്നു. ഈ ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കയ്യോന്നി എന്ന സസ്യത്തിന്റെ മാഹാത്മ്യവും, അതുമായി ബന്ധപ്പെട്ട ഔഷധ പ്രയോഗങ്ങളും താഴെ നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ആസ്ത്മയെ പ്രതിരോധിക്കാൻ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പ്രാധാന്യം
കയ്യോന്നി അഥവാ കഞ്ഞുണ്ണി സ്ത്രീകൾ മുടിയിൽ ചൂടുന്നത് കൊണ്ട് ഗുരുപത്നി ഗമനം, കളവ്, ബ്രഹ്മഹത്യ തുടങ്ങിയവ മൂലമുണ്ടാകുന്ന പാപങ്ങൾ ഇല്ലായ്മ ചെയ്യുവാൻ സാധിക്കും എന്നാണ് കണക്ക് കൂട്ടുന്നത്. കുടുംബ ജീവിതം ഏറെ മംഗളകരമായി ഇരിക്കുവാൻ കയ്യോന്നി ചൂടണം എന്നാണ് ഹൈന്ദവ സംസ്കാരം. സംസ്കൃതത്തിൽ കേശ രാജ, ഭൃംഗ രാജ, കുന്തള വർദ്ധിനി എന്ന പേരുകളിൽ അറിയപ്പെടുന്നത് ഈ സസ്യമാണ്.
ഔഷധപ്രയോഗങ്ങൾ
1. മുടിവളർച്ച മികച്ച രീതിയിൽ ആക്കുവാൻ കയ്യോന്നി വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് താളിയായി ഉപയോഗിച്ചാലും എണ്ണയിലിട്ടു കാച്ചി ഉപയോഗിച്ചാലും ഫലം ഒന്നുതന്നെയാണ്. ഇത് മുടി വളർച്ച വേഗത്തിലാക്കുകയും താരൻ ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ എണ്ണ ഉപയോഗിച്ചാൽ മുടിയുടെ അറ്റം പിളരുന്ന അവസ്ഥ ഉണ്ടാവുകയില്ല.
2. കയ്യോന്നി സമൂലം അരച്ച് നെറ്റിതടത്തിൽ ഇട്ടാൽ തലവേദന പൂർണമായും ഇല്ലാതാക്കാം. അല്ലെങ്കിൽ ഇതിൻറെ നീര് നെറ്റിതടത്തിൽ പുരട്ടിയാൽ മതി.
3. ഇതിൻറെ ഉപയോഗം കഫ രോഗ ശമനത്തിന് ഫലപ്രദം ആണെന്ന് ആയുർവേദത്തിൽ അനുശാസിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സന്ധിവാതം പൂർണമായും മാറ്റുവാൻ മഷിത്തണ്ട് തിളപ്പിച്ച വെള്ളം മതി
4. ഇതിൻറെ നീര് ഉപയോഗിച്ചാൽ വാതസംബന്ധമായ സർവ്വ രോഗങ്ങളും ഇല്ലാതാക്കാം.
5. വിട്ടുമാറാത്ത ചുമ ഇല്ലാതാക്കുവാൻ കഞ്ഞുണ്ണി നീരിൽ സമം നല്ലെണ്ണ ചേർത്ത് കൽക്കമാക്കി കാച്ചിയെടുക്കുന്ന തൈലം അഞ്ചുമുതൽ എട്ടുവരെ മില്ലി സേവിച്ചാൽ മതി.
6. മഞ്ഞപ്പിത്ത രോഗം പൂർണമായും ഇല്ലാതാക്കുവാൻ ഈ സസ്യത്തിന് അതി വിശേഷാൽ കഴിവുണ്ട്. മഞ്ഞ പൂവുള്ള കയ്യോന്നി സമൂലം അരച്ച് നെല്ലിക്ക അളവിൽ എടുത്ത് പാലിൽ രാവിലെ സേവിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാക്കാം.
7. കൃമി ദോഷങ്ങൾ ഇല്ലാതാക്കുവാൻ ഇതിൻറെ അഞ്ച് മില്ലി സ്വരസം രാവിലെ ആവണക്കെണ്ണ ചേർത്ത് ഒന്നിടവിട്ട ദിവസം സേവിച്ചാൽ മതി.
8. കരൾ രോഗങ്ങൾ ഇല്ലാതാക്കുവാൻ ഇതിൻറെ നീരിൽ തിപ്പലിപ്പൊടി ചേർത്ത് ഇരുമ്പ് ചട്ടിയിൽ തേച്ച് നിഴലിൽ ഉണക്കി രണ്ട് ഗ്രാം വീതം സേവിച്ചാൽ മതി.
9. നേത്ര സംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾ അകറ്റുവാനും കഞ്ഞുണ്ണി സ്വരസവും കൽക്കവും ചേർത്ത് വിധിപ്രകാരം കാച്ചിയ തൈലം ഉപയോഗിച്ചാൽ മതി. കയ്യോന്നി നീര് തുടർച്ചയായി 7 ദിവസം കഴിക്കുന്നത് നിശാന്തത രോഗത്തെ ഇല്ലാതാക്കാൻ സഹായകമാകും.
10. മൈഗ്രൈൻ ഇല്ലാതാക്കുവാൻ കഞ്ഞുണ്ണി, ചെമ്പരത്തി മൊട്ട്, ചെറിയഉള്ളി, നെല്ലിക്ക ഇവ കഴുകി ചതച്ച് എണ്ണയിൽ ഇട്ട് കാച്ചി ഒടിഞ്ഞ തുടങ്ങുന്ന പാകത്തിൽ അരച്ച് കുറച്ച് ഉലുവ ഇട്ട് വയ്ക്കുക. അതിനുശേഷം ഇത് നെറ്റിത്തടത്തിൽ പുരട്ടിയാൽ മൈഗ്രേൻ ഇല്ലാതാക്കാം.
11. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ കയ്യോന്നി നീര് കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ സമ്പന്നമായ അളവിൽ ഫ്ലവനോയിഡുകൾ അടങ്ങിയിരിക്കുന്നു.
12. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും പനി, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുവാനും കയ്യോന്നി നീര് ഒരു ചെറിയ ടീസ്പൂൺ രാവിലെ കഴിക്കുന്നത് നല്ലതാണ്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ പ്രതിരോധിക്കാൻ കഴിയുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ചെടിയാണ് കയ്യോന്നി.
13. വായ്പുണ്ണ്, പല്ലുവേദന, മോണ വീക്കം തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുവാനും കയ്യോന്നി ഫലപ്രദമാണ്. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള ഈ സസ്യത്തിന്റെ നീര് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ നിമിഷങ്ങൾക്കുള്ളിൽ വേദന കുറയും.
14. ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണ തലയോട്ടിയിൽ ദിവസം 10 മിനിറ്റ് തേച്ചു പിടിപ്പിച്ചതിനു ശേഷം കുളിച്ചാൽ അകാലനര ഇല്ലാതാക്കാം.
15. ആയുർവേദവിധിപ്രകാരം ഇത് ഉപയോഗിച്ചുണ്ടാക്കുന്ന ടോണിക്ക് കരൾ സംബന്ധമായ രോഗങ്ങൾക്ക് പ്രതിവിധി ആണെന്ന് ആയുർവേദ ശാസ്ത്രം പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം നിയന്ത്രിക്കാൻ ഇനി പപ്പായ വിത്തുകളും ഉപയോഗിക്കാം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments