കണ്മഷി ഇടാത്തവരും ഇഷ്ടമില്ലാത്തവരും വളരെ കുറവായിരിക്കുമല്ലേ? കണ്ണിന്റെ ഭംഗി എന്ന് പറയുന്നത് തന്നെ കണ്‍മഷി ഇടുന്നതാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് കണ്മഷി എഴുതിയാല്‍ നല്ല ഭംഗിയായിരിക്കും. ഇന്ന് എല്ലാവരും കടകളില്‍ നിന്നാണ് കണ്മഷി മേടിക്കുന്നത്. എന്നാല്‍ കുഞ്ഞു കുട്ടികള്‍ക്ക് ഇത് എത്രത്തോളം നല്ലതാണ് എന്ന് നമ്മള്‍ ആലോചിക്കാറെ ഇല്ല. കുറച്ചു സമയം ചിലവഴിച്ചാല്‍ നല്ല നാടന്‍ ഗുണങ്ങളുള്ള പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്ത കണ്മഷി വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഇതിന് പ്രത്യേകിച്ച് അധിക ചിലവുകളും ഇല്ല. അതെങ്ങനെ എന്ന് ഒന്ന് നോക്കിയാലോ ?
നല്ല കോട്ടണ്‍ തുണി പൂവാംകുരുന്നില നീരില്‍ 7-8 പ്രാവശ്യം മുക്കി നല്ല വൃത്തിയുള്ള സ്ഥലത്തു വെച്ച് ഉണക്കിയ വെള്ള തുണിയാണ് കണ്മഷി ഉണ്ടാക്കാന്‍ ഉള്ള വിളക്കിലെ തിരി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതിനു പകരം ത്രിഫല കഷായം, നാരങ്ങാ നീര്, കയ്യോന്നി എന്നിവയുടെ നീര് അരച്ച് തുല്യമായി തുണിയില്‍ മുക്കിയെടുത്ത് ആവണക്കെണ്ണയിലോ നല്ലെണ്ണയിലോ കത്തിച്ച് കിട്ടുന്ന കരി നെയ്യിലോ വെളിച്ചെണ്ണയിലോ ചാലിച്ചെടുത്തും കണ്മഷിയുണ്ടാക്കാം. കറ്റാര്‍ വാഴയും നല്ലതാണ്. ഒരു ചിരാതിലോ ചെറിയ ഓട്ടു വിളക്കിലോ നല്ലെണ്ണ, അല്ലെങ്കില്‍ ആവണക്കെണ്ണ ഒഴിച്ച് കോട്ടണ്‍ തുണി തറുത്ത തിരി മുക്കി വെച്ച് കത്തിക്കുക. വീട്ടില്‍ ഉണ്ടാക്കിയ നെയ്യ് ഒഴിച്ച് വിളക്ക് കത്തിക്കുകയാണെങ്കില്‍ ഏറ്റവും നല്ലത്. കത്തിച്ച വിളക്കിന്റെ രണ്ടു സൈഡിലും രണ്ടു സ്റ്റീല്‍ ഗ്ലാസ് കമിഴ്ത്തി വെക്കുക അല്ലെങ്കില്‍ ഒരേ പൊക്കമുള്ള രണ്ട വസ്തുക്കള്‍.
അതിന്റെ മുകളില്‍ ഒരു നല്ല കനമുള്ള സ്റ്റീല്‍ പാത്രം കമിഴ്ത്തി വെക്കണം. വിളക്ക് കത്തുമ്പോള്‍ തിരിയില്‍ നിന്നുള്ള കരി ആ പാത്രത്തില്‍ പറ്റി പിടിക്കും. വിളക്ക് കെട്ട് കഴിഞ്ഞു മുകളിലെ പാത്രം നന്നായി തണുത്തു കഴിയുമ്പോള്‍ അത് ഒരു സ്പൂണോ ചെറിയ വൃത്തിയുള്ള ഈര്‍ക്കലോ ഉപയോഗിച്ച് ചുരണ്ടി എടുത്തു, ഒരു കുഞ്ഞു പാത്രത്തില്‍ ഇടുക. അതിലേക്ക് നന്നായി പൊടിച്ചെടുത്ത പപ്പക്കര്‍പ്പൂരവും ആവണക്കെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. കണ്മഷി തയ്യാറായി. ഇങ്ങനെ തയ്യാറാക്കിയ കണ്മഷി കുട്ടികള്‍ക്കും അതുപോലെ തന്നെ മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാന്‍ നല്ലതാണ്. പ്രകൃതി വസ്തുക്കള്‍ ഉപയോഗിക്കുന്നതു കൊണ്ട് തന്നെ യാതൊരു തരത്തിലുമുള്ള പാര്‍ശ്വഫലങ്ങള്‍ വരികയുമില്ല.
Share your comments