പ്രായഭേദമേന്യേ എല്ലാവർക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കാൽസ്യത്തിൻറെ കുറവ് എങ്കിലും 45 വയസ്സ് കഴിഞ്ഞവരിലാണ് ഇത് കൂടുതലായി കാണുന്നത്. ഇതിൻറെ ലക്ഷണങ്ങൾ എളുപ്പം തിരിച്ചറിയാത്തതു കൊണ്ട് പലപ്പോഴും വേറെ അസുഖങ്ങൾ വന്ന് ഡോക്ടറുടെ അടുത്ത് പോകുമ്പോഴാകും ഇതിൻറെ കുറവ് നമുക്ക് മനസ്സിലാകുക.
നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒരു മിനറലാണ് കാൽസ്യം. സ്വാഭാവികമായ ഒരാൾക്ക് ഒരു ദിവസം 1000mg കാൽസ്യം കഴിച്ചിരിക്കേണ്ട ആവശ്യമുണ്ട്. എന്നാൽ 50 കഴിഞ്ഞ സ്ത്രീകൾ, മാസമുറയുള്ള സ്ത്രീകൾ, ഗർഭിണികൾ, കുട്ടികൾ, എന്നിവർ 1200-1300mg കാൽസ്യം കഴിച്ചിരിക്കണം.
നമ്മൾ കഴിക്കുന്ന കാൽസ്യത്തിൻറെ 99% വും എല്ലിൻറെയും പല്ലിൻറെയും വളർച്ചയ്ക്കും ആരോഗ്യത്തിനും ഉപയോഗിക്കപ്പെടുന്നു. ബാക്കി 1% ആണ് ശരീരത്തിൻറെ ബാക്കി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നത്. ഇത് പലർക്കും അറിയാത്ത ഒരു സത്യമാണ്. മസിലുകളുടെ പ്രത്യേകിച്ചും ഹൃദയത്തിൻറെ മസിലുകളുടെ പ്രവർത്തനം, വൃക്കകളുടെ പ്രവർത്തനം, ബ്ലഡ് പ്രഷർ റെഗുലേറ്റ് ചെയ്യാൻ, മുടി, ചർമ്മം, എന്നിവയുടെ ആരോഗ്യത്തിന്, ഓർമ്മയ്ക്ക്, ബുദ്ധിശക്തിക്ക്, തലച്ചോറിൻറെ പ്രവർത്തനത്തിന്, എന്നിവയ്‌ക്കെല്ലാം ഈ ഒരു ശതമാനം കാൽസ്യത്തിൽ നിന്നാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ശരീരത്തിലുള്ള കാൽസ്യത്തിൻറെ കുറവ് ആദ്യം ബാധിക്കുന്നത് ഈ പ്രവർത്തനങ്ങളെ ആയിരിക്കും.
ഇതിൻറെ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുമ്പോഴാണ് അത് പിന്നീട് എല്ലിനേയും പല്ലിനേയും ബാധിക്കുന്നത്. അതുകൊണ്ട് കാൽസ്യത്തിൻറെ കുറവ് കൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്തൊക്കെയാണ് അവ എന്ന് നോക്കാം. നമ്മൾ കഴിച്ച ആഹാരത്തിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യണമെങ്കിൽ ശരീരത്തിന് വിറ്റാമിൻ ഡിയുടെ ആവശ്യമുണ്ട്. ഇതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കാൽസ്യം കുറഞ്ഞാൽ ശരീരം എന്തൊക്ക ലക്ഷണങ്ങൾ കാണിക്കുമെന്ന് നോക്കാം
* അമിതായ ക്ഷീണം
* ഇടയ്‌ക്കിടെയുള്ള മസിലുപ്പിടുത്തം, കാല് ഉളുക്കുക, ഹൃദയമിടുപ്പ് അറിയാൻ പറ്റുക, ബ്ലഡ് പ്രഷറിൽ വരുന്ന വ്യതിയാനം. മസിലുകളുടെ പ്രവർത്തനത്തിന് കാൽസ്യം ആവശ്യമായതുകൊണ്ടാണ് ഈ അവസ്ഥകൾ ഉണ്ടാകുന്നത്.
*വിട്ടുമാറാത്ത മുടികൊഴിച്ചിൽ, ഉറക്ക കുറവ്, ഓർമ്മക്കുറവ്
* കുട്ടികളിലുണ്ടുന്ന കൈകാൽ മുട്ടുകളിലുള്ള വേദന
* വലിയവരിൽ സന്ധി വേദന, കാൽ മുട്ടിൽ നീര്, കാൽ മുട്ടിനകത്ത് എന്തോ പൊട്ടുന്ന പോലുള്ള അവസ്ഥ
* പല്ലുകൾ എളുപ്പത്തിൽ കേടുവരുന്ന അവസ്ഥ, നഖങ്ങൾ എളുപ്പത്തിൽ പൊട്ടിപോകുക
* വിട്ടുമാറാത്ത തലവേദന, കണ്ണുകൾക്ക് മങ്ങൽ
* കാൽസ്യത്തിൻറെ അളവ് തീരെ കുറയുന്ന സാഹചര്യത്തിൽ osteoporosis അല്ലെങ്കിൽ എല്ലുകൾക്ക് തേയ്മാനം ഉണ്ടാകുന്ന അവസ്ഥയുണ്ടാകുന്നു.
നിങ്ങളുടെ ദൈന്യംദിന ഭക്ഷണത്തിൽ താഴെ പറയുന്നവ ഉൾക്കൊള്ളിച്ചാൽ കാൽസ്യത്തിൻറെ കുറവ് നികത്താം
*പാലും പാലുൽപ്പന്നങ്ങളും (പാലിനെക്കാളും വെണ്ണ, ചീസ്, പോലുള്ള പാലുൽപ്പന്നങ്ങളിലാണ് കൂടുതൽ കാൽസ്യം അടങ്ങിയിരിക്കുന്നത്).
* ചാള, നത്തോലി, തുടങ്ങിയ ചെറിയ മൽസ്യങ്ങൾ
* ധാന്യങ്ങൾ പ്രതേകിച്ച് എള്ള് (എള്ള് വറുത്തത്, എള്ളുണ്ട) പതിവായി കഴിക്കുക
* ഇലക്കറികൾ
* പയറുവർഗ്ഗങ്ങൾ
Share your comments