ഇഞ്ചിപ്പുല്ല് സുഗന്ധദ്രവ്യങ്ങളുണ്ടാക്കുന്നതിന് വാറ്റി തൈലമെടുക്കുന്നു. അജീർണമുണ്ടാകുമ്പോൾ ഇഞ്ചിപ്പുല്ല് സമൂലം കഷായം വെച്ച് 20 മില്ലി കഴിക്കുന്നത് നന്നാണ്. അതുകൊണ്ടായിരിക്കണം തെക്കൻ നാടുകളിൽ ഇതിനെ കൊതിപ്പുല്ലെന്നും എഴും പുല്ലെന്നും വിളിക്കുന്നത്.
വിഷൂചിക്ക് മൂന്നു തുള്ളി വീതം പുൽതൈലം ചൂടുവെള്ളത്തിൽ കഴിക്കുകയും കണംകാലിൽ ഉരുണ്ടുകയറുന്നതിന് (പിണ്ഡികോവേഷ്ടനം) പുരട്ടുകയും ചെയ്യുന്നത് ഗുണകരമാണ്. വാതവേദനകൾക്ക് പുൽതൈലം പുരട്ടുകയും ഇഞ്ചിപ്പുല്ലിട്ട് വെന്ത വെള്ളത്തിൽ തുണി മുക്കി ആവിപിടിക്കുകയും ചെയ്യുന്നത് പ്രയോജനപ്രദമാണ്.
ഒരു കിലോ ഇഞ്ചിപ്പുല്ല് 16 ലിറ്റർ വെള്ളത്തിൽ കഷായം വച്ച് നാല് ലിറ്ററാക്കി അരിച്ച് 100 ഗ്രാം അതിന്റെ വേര് കലമാക്കി ഒരു ലിറ്റർ എണ്ണകാച്ചി പാകത്തിലരിച്ചുവെച്ചിരുന്ന് പതിവായി തലയിൽ തേച്ചു കുളിക്കുന്നത് തൊണ്ടമുഴയ്ക്കും കണ്ഠമാലയ്ക്കും (ഗളഗണ്ഡം) ഏറ്റവും നല്ല ചികിത്സയാണ്.
കഫജന്യമായ അസുഖങ്ങൾക്കും ബ്രോങ്കൈറ്റിസിനും ഇൻഫ്ലുവൻസയ്ക്കും ജലദോഷത്തിനും പുൽതൈലം പുറത്തും നെഞ്ചത്തും തലോടിയിട്ട് ചൂടുവെള്ളത്തിൽ ഒഴിച്ച് പിന്നാലെ ആവി പിടിക്കുന്നത് നന്നാണ്.
എല്ലാ വിധ അതിസാരത്തിനും ഛർദ്ദിക്കും വയറ്റിൽ ആഹാരം ദഹിക്കാതെ വരുന്ന ആമാവസ്ഥയ്ക്കും ജാതിക്കാ, ഗ്രാമ്പൂ, ഏലക്കാ ഇവയിട്ടു വെന്ത വെള്ളത്തിൽ ലേശം പുൽതൈലം ഒഴിച്ച് നാലു മണിക്കൂറിടവിട്ടു കഴിക്കുന്നത് അത്യന്തം പ്രയോജനപ്രദമാണ്.
Share your comments