നെല്ലിക്കയെ (Indian Gooseberry,Amla)പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ ആയി വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തിയില്ല.
കാരണം ഫലവർഗങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റാമിൻ സി ഉള്ളത് നെല്ലിക്കയിൽ ആണ്. അതായത് 100 ഗ്രാം നെല്ലിക്കയിൽ 700 മില്ലിഗ്രാം വിറ്റമിൻ സി ഉൾക്കൊള്ളുന്നു. രണ്ടാം സ്ഥാനം പേരക്ക ആണ്.100 ഗ്രാം പേരയ്ക്കയിൽ 300 മില്ലിഗ്രാം വിറ്റമിൻ സി ഉണ്ട്. മൂന്നാം സ്ഥാനം മുരിങ്ങയ്ക്ക.220 മില്ലിഗ്രാം.
നെല്ലിക്കയുടെ പോഷക ഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോൾ
ച്യവനപ്രാശരസായനം ആണ് ആദ്യമായി ഓർമ്മയിൽ വരുന്നത്.
ജരാജീർണ്ണനായ ച്യവന്യമഹർഷി അശ്വിനി ദേവന്മാരാൽ തയ്യാറാക്കപ്പെട്ട നെല്ലിക്ക രസായനം സേവിച്ചപ്പോൾ വീണ്ടും യുവത്വം ലഭിക്കുകയും സുകന്യ യുമായി സുഖജീവിതം വളരെ നാൾ നയിച്ചു എന്നുമാണ് പുരാണം.
നെല്ലിക്കാ പ്രധാനമായി ചേർത്തുണ്ടാക്കിയ ആ രസായനം കൊണ്ട് ച്യവന്യന് യുവത്വം എന്നല്ല ദീർഘായുസ്സ് കിട്ടുകയും സുകന്യയുമായി ഗാർഹിക സുഖം അനുഭവിക്കുകയും ചെയ്തു.
ച്യവനപ്രാശരസായനം ബാലന്മാരുടെ ശരീര വളർച്ചയ്ക്കും വൃദ്ധൻമാർക്ക് ബലക്ഷയം വരാതിരിക്കുവാനും ഗുണകരമായിരിക്കും. കൂടാതെ ക്ഷയം, ചുമ , ശ്വാസം , ഹൃദ്രോഗം , രക്തവാതം, മൂത്രരോഗം ,ശുക്രദോഷം എന്നിവയിലും ആയുർവേദം ഇത് ഫലപ്രദമായി വിധിച്ചു വരുന്നുണ്ട്.
രോഗഹീനരായിരിക്കുവാൻ ആയുർവേദത്തിലും സിദ്ധത്തിലും നെല്ലിക്ക കൊണ്ടുള്ള പല വിധികളുണ്ട്.
നെല്ലിക്ക നീര് തേൻ, പഞ്ചസാര, നെയ്യ് ഇവ ചേർത്ത് സേവിക്കുകയും പഥ്യാഹാരം ദിവസേന ശീലിക്കുകയും ചെയ്താൽ പ്രായാധിക്യത്താൽ ഉണ്ടാകുന്ന അസുഖങ്ങൾ അലട്ടിയില്ല.
നെല്ലിക്ക, വിഴാലരി, വേങ്ങക്കാതൽ ഇവ പൊടിച്ച് എണ്ണയും നെയ്യും തേനും ഇരുമ്പു പൊടിയും ചേർത്ത് സേവിക്കുന്നത് യൗവനവും ലാവണ്യവും നശിക്കാതെ നിലനിൽക്കാൻ സഹായിക്കും.
നാലിടങ്ങഴി നെല്ലിക്ക പൊടി നെല്ലിക്കാനീരിൽ തന്നെ ഏഴു പ്രാവശ്യം ഭാവന ചെയ്ത് പൊടിച്ച് സമം തേനും നെയ്യും ചേർത്ത് എട്ടുപ്പലം ചെറുതിപ്പലി യും 6 പലം പഞ്ചസാരയും ചേർത്ത് ഭസ്മത്തിൽ കുഴിച്ചിട്ട് ഒരുവർഷം കഴിഞ്ഞ് എടുത്ത് ദഹനത്തിന് അനുസരിച്ച് സേവിക്കുക.
ജരഹീനത ,രൂപം, നിറം, ബുദ്ധി, ധാരണ, ബലം എന്നിവ വർദ്ധിക്കും.
ഉഴുന്നു വറുത്തുപൊടിച്ച് നെല്ലിക്ക നീരിൽ തന്നെ ഭാവന ചെയ്തെടുക്കുക. അതിൽനിന്ന് അഞ്ച് ഗ്രാം വീതം ദിവസേന സേവിച്ചു പാൽ അനുപാതമായി കഴിക്കുക. വീര്യവൃദ്ധി ഉണ്ടാകും.
നെല്ലിക്ക, തിപ്പലി ഇവയുടെ പൊടി അവയുടെ തന്നെ കഷായത്തിൽ ഏഴുപ്രാവശ്യം അരച്ച് ഉണക്കി പഞ്ചസാരയും തേനും നെയ്യും ചേർത്ത് സേവിച്ച് പാൽ കുടിച്ചാൽ നല്ല മൈഥുനശേഷി (Sexual ability) ലഭ്യമാണ്.
എള്ളും നെല്ലിക്കയും കയ്യോന്നിയുടെ പൊടിയും തേനിൽ സേവിച്ചാൽ രോഗത്തിനായി നീണ്ടകാലം ജീവിക്കാം.
കടുക്കയും നെല്ലിക്കയും താന്നിക്കയും ചേർന്നതാണ് ത്രിഫല.
ത്രിഫല എന്ന സംയുക്ത ഔഷധം പല അസുഖങ്ങൾക്കും സസ്യ ഫലം നൽകുന്നു.
ത്രിഫല കരിങ്ങാലി കഷായത്തിലും വേങ്ങക്കാതൽ കഷായത്തിലും പലപ്രാവശ്യം അരച്ച് ഉണക്കി പൊടിച്ച് നെയ്യും തേനും ചേർത്ത് നിയമേന ശീലിച്ചാൽ രോഗവിഹീനൻ ആയി അധികനാൾ സുഖജീവിതം നയിക്കാമെന്ന് വൈദ്യമഠം.
നിത്യേന നെല്ലിക്ക നീര് ചേർത്ത് തൈര് കഴിച്ചാൽ അമ്ലപിത്തം ,ഛർദ്ദി, അരുചി മോഹാലസ്യം ,പ്രമേഹം ,കഷണ്ടി ഇവ ശമിക്കുകയും യുവശേഷി കൈവരും എന്നും കാണുന്നു
പഴയ കാരണവന്മാർ നെല്ലിക്ക വെള്ളം കൊണ്ട് തല കുളിക്കാൻ ഉണ്ടായിരുന്നുവെന്ന് ചിലരെങ്കിലും കേട്ടിരിക്കും. നര, ചർമത്തിലെ ഞൊറിവ്, ശരീരം ചൂട്, ദുർമേദസ്സ്, വിഷബാധ എന്നെ വരാതിരിക്കുവാനും വന്നതിനെ തടുക്കുവാനും ദീർഘായുസ്സോടെ ജീവിക്കുവാനും നെല്ലിക്ക അരച്ചു ദേഹത്തിൽ തേക്കുന്നതും നെല്ലിക്കയിട്ട് തിളപ്പിച്ച ജലത്തിൽ കുളിക്കുന്നതും നല്ലതാണ്.
നെല്ലിക്ക, ചെമ്പരത്തിപൂവ്, പുരാണ കിട്ടം ഇവ സമമെടുത്ത് അരച്ച് ദിവസേന തലയിൽ പുരട്ടി കുളിക്കുക. മുടി നരക്കാതിരിക്കാൻ ഇത് സഹായിക്കും എന്ന് പറയപ്പെടുന്നു.
ചൂടാക്കിയാലോ ഉണ്ടാക്കിയാലോ പുഴുങ്ങിയാലോ നശിക്കാത്തത് ആണ് ഇതിലെ വൈറ്റമിൻ സി എന്നതാണ് നെല്ലിക്കയുടെ പ്രത്യേക ഗുണം.
വിറ്റാമിൻ സി യുടെ കുറവ് കൊണ്ട് പല രോഗങ്ങളും വരാൻ സാധ്യതയുണ്ട്.
പല്ലിൻറെ ഊനിൽ നിന്ന് രക്തം പ്രവഹിക്കുക, ഭക്ഷണത്തോട് വെറുപ്പ്, വിളർച്ച, കിതപ്പ് ,തളർച്ച ,ഹൃദയസ്പന്ദനത്തിന് വേഗത കൂടുക ,സന്ധിവേദന മുട്ടുകളിൽ നീർക്കെട്ട് എന്നിവയൊക്കെ അനുഭവപ്പെട്ടേക്കാം.
കുട്ടികൾക്കുണ്ടാകുന്ന കരപ്പന്റെ പ്രധാന കാരണം ഈ വിറ്റമിൻന്റെ അഭാവമാണ്.
സിരകളിൽ രക്തം കട്ടിയാക്കൽ എന്ന രോഗത്തിന് ഡോക്ടർ. സ്പിറ്റൽ ഓരോ ഗ്രാം വിറ്റാമിൻ സി ദിവസേന കഴിക്കാനാണ് ഉപദേശിക്കുന്നത്.
കാരണം വിറ്റമിൻ സി കുറഞ്ഞവരിൽ ആണത്രേ പ്രസ്തുത അവസ്ഥ അധികമായി പ്രത്യക്ഷപ്പെടുന്നത്.
ഹൃദ്രോഗം തടയാനും നെല്ലിക്കയ്ക്ക് കഴിയും എന്ന് ആധുനികശാസ്ത്രം സമ്മതിക്കുന്നു.
ആയുർവേദ സിദ്ധ സിദ്ധാന്തങ്ങളിലെ
സംയുക്ത ഔഷധങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ത്രിഫല. ത്രിഫല ഉപയോഗിക്കുന്നത് കാഴ്ചശക്തി തളരാതെ നിലനിർത്തുവാൻ സഹായിക്കുന്നു.
നെല്ലിക്ക തനിച്ചും നേത്രരോഗങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
സാധാരണ അസുഖങ്ങളിൽ നെല്ലിക്കാനീര് കണ്ണിൽ ഒഴിച്ച് നിർത്തുന്നത് ഗുണം നൽകും.
ഇടങ്ങഴി നെല്ലിക്കാനീരിൽ ഒരു പലം ഇരട്ടിമധുരം കൽക്കം ആയി ഇടങ്ങഴി പാലും ചേർത്ത് എണ്ണ കാച്ചി ദിവസവും നസ്യം ചെയ്താൽ തിമിരം ശമിക്കുന്നതാണ്.
മാത്രമല്ല കണ്ണിന് തെളിച്ചം ഉണ്ടാകുകയും ചെയ്യും.
നെല്ലിക്കാനീര് രസാഞ്ജെനം, തേൻ, നെയ്യ് ഇവ കൊണ്ടുണ്ടാക്കിയ രാസപ്രക്രിയ പിത്തജവും വാതജവുമായ തിമിരം, പടലം ഇവയെ സുഖപ്പെടുത്താൻ ശക്തിയുള്ളതാണ്.
സ്രാവത്തിനും അഭിഷ്യന്ദത്തിനും കൺ ചുവപ്പിനും എന്നല്ല തിമിരത്തിനും കടുക്ക നെല്ലിക്ക താന്നിക്ക എന്നിവ ഇരുനാഴി വെള്ളത്തിലിട്ട് എട്ടിലൊന്നാക്കിയ കഷായം വൈദ്യന്മാർ ഔഷധമെന്ന നിലയിൽ ഉപദേശിച്ചു വരുന്ന ഒന്നാണ്.
ശ്വാസകോശ സംബന്ധ അസുഖങ്ങൾക്കും നെല്ലിക്ക അതിശയകരമായ ഫലം നൽകുന്നു.
ച്യവനപ്രാശം ഇതിനൊരു ഉദാഹരണമാണ്. നെല്ലിക്ക, കൊട്ടം ആമ്പൽകിഴങ്ങ് ,മലര്, ഉള്ളി ചെമ്പരത്തിവേര് ,ചുക്ക് ഇവ സമം പൊടിച്ച് 15 ഗ്രാം വീതം എണ്ണയിൽ സേവിച്ചാൽ പഞ്ചകാസവും ഒഴിയും എന്നാണ് ആയുർവേദമതം.
നെല്ലിക്കാത്തോട്, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, കടുക്കാത്തോട്, തിപ്പലി, ഇന്തുപ്പ്, ഇവ സമം ശീല പൊടിയാക്കി കുറേശ്ശേ ചൂടുവെള്ളത്തിൽ കഴിക്കുക. മലം ഒഴിഞ്ഞു സർവ്വജ്വരങ്ങൾക്കും ശമനമേകും എന്നുതന്നെയല്ല ഈ അമലകാദി ചൂർണ്ണം കഫത്തെ അകറ്റി രുചിയും ദീപനശക്തിയും നൽകുകയും ചെയ്യും.
പ്രമേഹത്തിനു നെല്ലിക്ക വളരെ ഗുണകരമാണ്.
മൂത്ത നെല്ലിക്ക ചതച്ചു പിഴിഞ്ഞെടുത്ത നീര് തേനും മഞ്ഞൾപ്പൊടിയും ചേർത്ത് കുറേശ്ശെ കഴിക്കുകയോ പച്ചനെല്ലിക്ക കിട്ടാത്ത കാലങ്ങളിൽ നെല്ലിക്കാത്തോട് കഷായംവെച്ച് തേനും മഞ്ഞൾപ്പൊടിയും ചേർത്ത് കഴിച്ചാലും പ്രമേഹത്തിന് ആരംഭകാലത്ത് വളരെ ഗുണം നൽകും. രോഗം പഴകിയാൽ കൂടുതൽ ദോഷം ഉണ്ടാകാതിരിക്കാനും ഉതകും. ഈ ആയുർവേദ സിദ്ധാന്തത്തോട് ആധുനിക ഗവേഷകർ യോജിക്കുന്നതായി കാണുന്നുണ്ട്.
സ്റ്റാൻഫോർഡ് ഫാർമസോളജി ഡിപ്പാർട്ട്മെന്റിൽ ലീനസ് പാൽലിണ്ടി ന്റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തിയ ചാൾസ് ഡാനിയലും ഫ്രഡ്ഡിയും ശരീരത്തിലെ ഇൻസുലിൻ കുറവ് വിറ്റാമിൻ c കൊണ്ട് പരിഹരിക്കാവുന്ന കണ്ടെത്തിയതായി ഇൻറർനാഷണൽ റിസർച്ച് കമ്മ്യൂണിക്കേഷൻ പ്രസിദ്ധീകരണത്തിൽ കാണുകയുണ്ടായി. ഈ ഗവേഷണം ആയുർവേദ വിധിയെ ശരിവെക്കുന്നു.
ക്യാൻസർ രോഗികൾക്ക് ഒരു ആശ്വാസവാർത്ത:
അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ ഹോഫ്മാൻ ല റോച്ചേ ഡിവിഷനിലെ ഒരു ശാസ്ത്ര സംഘത്തിൻറെ ഗവേഷണത്തിൽ ക്യാൻസറിന് കാരണമാകുന്ന സെല്ലുകളുടെ ഉല്പത്തി ഇല്ലാതാക്കാൻ വിറ്റമിൻ സിക്ക് കഴിവുള്ളതായി കണ്ടെത്തിയിരുന്നു.
ഇതു നെല്ലിക്കയുടെ ഔഷധയോഗ്യത വർദ്ധിപ്പിക്കുകയാണ്.
കാമിലയ്ക്കും നെല്ലിക്ക ഗുണം തന്നെ.
നെല്ലിക്ക പൊടി പാലിൽ കുറച്ചുനാൾ കഴിക്കുക. ഇരുമ്പിന്റെ അഭാവം കൊണ്ടുണ്ടാകുന്ന വിളർച്ചയ്ക്കും ഇത് ശമനം നൽകും.
നെല്ലിക്ക അരച്ച് നെറുകയിൽ ഇട്ടാൽ ശിരസ്സിലെ അത്യുക്ഷണം കുറയുകയും മൂക്കിൽ നിന്ന് രക്തം ഒഴുകുന്നത് ശമിക്കുകയും ചെയ്യും. മനോവ്യാധി അനുഭവിക്കുന്നവർക്കും ഈ പ്രയോഗം പ്രയോജനകരമാണ്.
തലവേദനയ്ക്കും നെല്ലിക്ക ലേഖനം ഫലപ്രദം അത്രേ.
പഴയ തലമുറ നെല്ലിക്ക പലതരത്തിൽ ഉപയോഗിച്ചിരുന്നു. കറിവെച്ചും ഉപ്പിലിട്ടും നെല്ലിക്ക കഴിച്ചിരുന്ന അവർ അതിൻറെ ഗുണം മനസ്സിലാക്കിയിരുന്ന വരാണ്.
അതിനുദാഹരണമാണ് അവരുടെ ആരോഗ്യം.
നെല്ലിക്ക കൊണ്ട് അരിഷ്ടം ഉണ്ടാക്കാൻ എളുപ്പമാണ്.
2000 മൂത്ത നെല്ലിക്കയുടെ നീരെടുത്ത് അതിൻറെ എട്ടിൽ ഒരു ഭാഗം തേനും രണ്ടു പലം തൃപ്പലി പൊടിയും അര തുലാം പഞ്ചസാരയും ചേർത്ത് പാകം ചെയ്തു പഴയ ഒരു കുടത്തിൽ ശീലമയം ആക്കി ഒരു മാസം കഴിഞ്ഞ് എടുത്ത് കുറേശ്ശേ ദിവസവും സേവിക്കുക. ഈ ധാത്രി അരിഷ്ടം പാണ്ട്, വിളർച്ച ,കാമില ഹൃദ്രോഗം, വാതരക്തം ,വിഷമജ്വരം ഇവയ്ക്ക് ഔഷധമാത്ര.
നെല്ലിക്കയും ശർക്കരയും മാത്രം ഉപയോഗിച്ചും ചിലർ വീടുകളിൽ ഇപ്രകാരം അരിഷ്ടം ഉണ്ടാകാറുണ്ട്.
കപ്പ അധികമായി ഭക്ഷിച്ച് ദഹനക്കേട് അനുഭവപ്പെടുമ്പോൾ നെല്ലിക്ക സഹായത്തിനെത്തുന്നു. നെല്ലിക്ക പൊടിച്ച് മോരിൽ നൽകുക.
നെല്ലിക്കാനീരിൽ രാമച്ചം അരച്ചു നൽകിയാൽ അറിയാതെ ഗന്ധകം ഉൾക്കൊണ്ടു ഉണ്ടാകുന്ന ദോഷത്തിന് പ്രതിനിധിയാകും.
കൂടുതലായി നെല്ലിക്ക കഴിച്ചുണ്ടാകുന്ന ദഹനദോഷത്തിന് മുരിങ്ങ കഷായം പ്രത്യ ഔഷധമാണ്.
വരട്ടു നാളികേരവും ഇന്തുപ്പും കൂടി അരച്ച് മോരിൽ സേവിച്ചാലും തുല്യ ഫലം സിദ്ധിക്കും.
Share your comments