ഇന്ത്യ, ശ്രീലങ്ക ഉൾപ്പെടെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും സ്വാഭാവികമായി കണ്ടു വരുന്ന ഞാവൽ മരം ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരു പോലെ പവിത്രമായി കരുതുന്ന ഒരു ഫലവൃക്ഷമാണ്. 25 മീറ്ററോളം ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമായ ഞാവൽ കേരളത്തിലുടനീളം കാണാം. ഇലകൾക്ക് നേരിയ ടർപെൻ്റയിൻ ഗന്ധമുണ്ട്. മങ്ങിയ വെളുത്തനിറമുള്ള പൂക്കൾ കുലകളായി നേരിയ നറുമണവുമായി വിരിഞ്ഞുവരും. നമ്മുടെ നാട്ടിൽ മെയ് മുതൽ ഓഗസ്‌റ്റ് വരെ ഞാവൽപ്പഴത്തിന്റെ കാലമാണ്.
ഔഷധപ്രാധാന്യം
ഞാവൽക്കുരു ഉണക്കിപ്പൊടിച്ചെടുത്തത് 1 ഗ്രാം മുതൽ 3 ഗ്രാം വരെ ദിവസവും 3 നേരം എന്ന കണക്കിൽ കഴിച്ചാൽ പ്രമേഹം ശമിക്കും.
ശരീരം തീകൊണ്ടും മറ്റും പൊള്ളിയാൽ ഞാവലിന്റെ ഇലനീര് വിധിപ്രകാരം കടുകെണ്ണയിൽ കാച്ചി തൊലിപ്പുറത്തിട്ടാൽ പൊള്ളൽ ഉണങ്ങിക്കിട്ടും.
ഞാവൽത്തൊലി 16 ഇരട്ടി വെള്ളത്തിൽ കഷായം വച്ച് 1/8 ആക്കി വറ്റിച്ച് ഈ കഷായം 25 മി.ലി. വീതം അല്‌പം തേനും ചേർത്ത് രാവിലെയും വൈകിട്ടും കുടിച്ചാൽ അതിസാരം, പ്രവാഹിക ഇവ ശമിക്കും.
മലബന്ധത്തിനു പ്രതിവിധിയായി ഞാവൽത്തൊലിയുടെ നീര് മോരിൽ കലർത്തി ഉറങ്ങുന്നതിന് മുൻപ് രാത്രിയിൽ കഴിച്ചാൽ മതിയാകും.
പഴുത്ത ഫലത്തിൽ നിന്നും തയ്യാറാക്കിയ ചാറ് 3 ദിവസം സൂക്ഷിച്ചു വയ്ക്കുക. ഈ നീര് കഴിക്കുന്നത് ഉദരസംബന്ധിയായ രോഗങ്ങൾക്ക് പ്രതിവിധിയാണ്.
ഞാവൽക്കുരു ഉണക്കിപൊടിച്ചെടുത്തത് പഞ്ചസാര ചേർത്ത് ദിവസവും 2-3 നേരം കഴിക്കുന്നത് അതിസാരം ശമിക്കുവാൻ നല്ലതാണ്.
Share your comments