ആദായകരമായി കൃഷി ചെയ്യാവുന്ന ഔഷധസസ്യങ്ങളുടെ പട്ടികയിലെ ഒരു നവാഗതനാണ് കരിങ്കുറിഞ്ഞി (ശാസ്ത്രീയനാമം: സ്ട്രോബിലാന്തസ് ഹെയ്തിയാനസ്) മുമ്പൊക്കെ കൃഷിചെയ്യാതെ തന്നെ, വനങ്ങളിൽ നിന്നും നാട്ടിൻപുറത്തെ പാഴ്ഭൂമിയിൽ നിന്നും മറ്റുമായി ഔഷധനിർമ്മാതാക്കൾക്ക് കരിങ്കുറിഞ്ഞി ആവശ്യാനുസരണം ലഭിച്ചിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. കരിങ്കുറിഞ്ഞിയുടെ വേര് ഉപയോഗിക്കേണ്ട സ്ഥാനത്ത് പലരും ഇപ്പോൾ അതിന്റെ ഇലകളഞ്ഞ തണ്ടും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നു.
എല്ലാ വിധ വാതരോഗങ്ങളുടെയും ചികിത്സയ്ക്ക് കൈകണ്ട ഔഷധമാണ് കരിങ്കുറിഞ്ഞി; പ്രത്യേകിച്ചും അരയ്ക്കു താഴെ ഭാഗങ്ങളിലുണ്ടാകുന്ന വാതരോഗങ്ങൾക്ക് കരിങ്കുറിഞ്ഞി പിഴുത കൈക്ക് വാതം വരില്ലെന്നാണ് പ്രമാണം.
വാതം മൂലം നീരും വേദനയുമുള്ള ശരീരഭാഗങ്ങളിൽ കരിങ്കുറിഞ്ഞിയില അരച്ചു ലേപനം ചെയ്യുക, ഒപ്പം കരിങ്കുറിഞ്ഞി സമൂലം ഉപയോഗിച്ചുണ്ടാക്കിയ കഷായം കുടിക്കുകയും ചെയ്താൽ രോഗ ശമനമുണ്ടാകും. വാതം മൂലം ചൊറിഞ്ഞു പൊട്ടുന്നതിനും ഇതേ പ്രയോഗം ഫലം ചെയ്യും.
രക്തം ശുദ്ധീകരിക്കും. ശുക്ലദൗർബല്യവും ലൈംഗിക ബലഹീനതയും ഇല്ലാതാക്കുന്നു. ചൊറി, ചിരങ്ങ്, മുറിവു ചൊറിച്ചിൽ ഇവ ശമിപ്പിക്കും. പ്രമേഹം, മൂത്രകം എന്നീ അസുഖങ്ങൾക്ക് കരിങ്കുറിഞ്ഞിയിലയുടെ സ്വരസം 10 മില്ലി വീതം രാവിലെയും വൈകിട്ടും സേവിക്കുന്നതു നന്നാണ്.
വാതസംബന്ധമായ വേദനകൾക്ക് കരിങ്കുറിഞ്ഞി വേരും ചത കുപ്പയും കൂടി അരച്ചു പൂശുകയും കരിങ്കുറിഞ്ഞി കഷായം വെച്ചു കഴിക്കുകയും ചെയ്യുന്നതു വിശേഷമാണ്.
വാതസംബന്ധമായ വേദനയ്ക്കും നീർക്കെട്ടിനും ഗർഭാശയജന്യമായ രോഗങ്ങൾക്കും കരിങ്കുറിഞ്ഞിയില അരച്ചു കഞ്ഞി വെച്ചു കഴിക്കുന്നതു നന്നാണ്.
കരിങ്കുറിഞ്ഞിവേര് 25 ഗ്രാം, ദേവതാരം 16 ഗ്രാം, ചുക്ക് എട്ടു ഗ്രാം ഇവ അരിഞ്ഞ് ഒരു ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് 100 മില്ലിയാക്കി 25 മില്ലി വീതം കാലത്തും വൈകിട്ടും കഴിക്കുന്നത് എല്ലാ വിധ വാതങ്ങൾക്കും അതീവ ഫലപ്രദമാണ്. കരിങ്കുറിഞ്ഞി ചേർത്തുണ്ടാക്കുന്ന സഹചരാദിതൈലം വാതവേദനകൾക്ക് ഏറ്റവും നന്നാണ്. വാതജന്യമായുണ്ടാകുന്ന ചൊറിച്ചിലിനും കുഷ്ഠത്തിനും ദിവസവും കരിങ്കുറിഞ്ഞി സമൂലം അരച്ച് ദേഹത്തു പൂശുകയും കരിങ്കുറിഞ്ഞിയില അരച്ച് ഗോമൂത്രത്തിൽ സേവിക്കുകയും ചെയ്യുന്നത് വളരെ ഫലപ്രദമാണ്.
Share your comments