ആയുർവേദത്തിൽ അത്യധികം പ്രാധാന്യമുള്ള ഔഷധക്കൂട്ടാണ് മഞ്ഞൾ. പലതരത്തിലുള്ള രോഗങ്ങളിൽ നിന്നും മുക്തി നൽകുന്ന മഞ്ഞൾ ശരീരത്തിന് പുറത്തും അകത്തും പ്രവർത്തിക്കുന്നു. അതായത്, മഞ്ഞൾ ചേർത്ത പാൽ കുടിച്ചാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുമെന്ന് മാത്രമല്ല, ശരീരത്തിന് അകത്തെ ക്ഷതങ്ങളും മുറിവുകളും വരെ ഭേദമാക്കാൻ ഇത് സഹായിക്കും.
ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ മഞ്ഞളിനെ സൂപ്പർഫുഡ് എന്നും വിളിക്കാം. പക്ഷേ, അമൃതും അധികമായാൽ വിഷമാണെന്ന് പറയുന്ന പോലെ മഞ്ഞളിനും ദൂഷ്യവശങ്ങളുണ്ട്. അതായത്, ആരോഗ്യമേന്മകൾക്കായി നാം അധികമായി മഞ്ഞൾ പാലിനെ ആശ്രയിക്കുകയാണെങ്കിൽ അത് വിപരീത ഫലമായിരിക്കും ശരീരത്തിന് നൽകുന്നത്.
ഇത്തരത്തിൽ മഞ്ഞൾ പാൽ അമിതമായി കുടിക്കുന്നതിന്റെ ദോഷങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
-
വയറുവേദന
മഞ്ഞൾ പാൽ അമിതമായി കുടിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. മഞ്ഞൾ ശരീരത്തിന് ഊഷ്മളത നൽകുന്നു. എന്നിരുന്നാലും മഞ്ഞളിന്റെ അമിതമായ ഉപഭോഗം വയറുവേദനയ്ക്കും മറ്റ് ഉദര സംബന്ധമായ അസ്വസ്ഥതകൾക്കും കാരണമാകുന്നു.
-
വയറിളക്കം, ഓക്കാനം
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ വയറ്റിലെ പ്രശ്നങ്ങൾ വർധിപ്പിക്കുന്നതിന് കാരണമായേക്കാം. മഞ്ഞൾ അടങ്ങിയ പാൽ കുടിച്ചാൽ, ഒരുപക്ഷേ ഓക്കാനം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാം.
-
അലർജി
മഞ്ഞൾ അമിതമായി കഴിക്കുന്നത് ശരീരത്തിൽ അലർജിക്ക് കാരണമാകും. ഇത് ചർമത്തിൽ ചുളിവുകൾക്കും ശ്വാസതടസ്സത്തിനും കാരണമാകും. അതിനാൽ അലർജി പ്രശ്നങ്ങൾ ഉള്ളവർ മഞ്ഞൾ പാൽ പതിവായി കുടിയ്ക്കരുത്.
-
ഇരുമ്പിന്റെ അഭാവം
മഞ്ഞൾ അമിതമായി കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാക്കും. യഥാർഥത്തിൽ മഞ്ഞൾ ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ, മഞ്ഞൾ പാൽ പരിമിതമായ അളവിൽ കുടിക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന അനീമിയ പോലുള്ള രോഗങ്ങളിലേക്ക് ഇത് നയിച്ചേക്കാം.
-
ഗർഭിണികൾ മഞ്ഞൾ പാൽ അമിതമായി കുടിക്കരുത്
ഗർഭിണികൾ പോഷക സമൃദ്ധമായ ആഹാരങ്ങളും പാനീയങ്ങളും കൂടുതലായി തെരഞ്ഞെടുക്കുന്ന സമയമാണിത്. എന്നാൽ മഞ്ഞൾ പാൽ ശരീരത്തിന് വലിയ നേട്ടം നൽകുമെന്ന് കരുതി അധികമായി കുടിക്കരുത്. കാരണം, ഇത് ഗർഭാശയത്തിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു.
എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ മഞ്ഞൾ പാൽ കുടിക്കുന്നത് കൊണ്ട് യാതൊരു ദോഷവുമില്ല. പകരം ഇത് മുഖകാന്തി പരിപോഷിപ്പിക്കുന്നതിനും ആരോഗ്യം വളർത്താനും മഞ്ഞൾ ചേർത്ത പാൽ നല്ലതാണ്.
മഞ്ഞൾ പാൽ തയ്യാറാക്കുമ്പോൾ അര ടീസ്പൂണ്‍ തേനില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും ഇട്ടു ദിവസവും കഴിക്കുന്നത് നല്ലതാണ്. അതുപോലെ മഞ്ഞൾ പാൽ തയ്യാറാക്കുമ്പോഴും ശ്രദ്ധിക്കണം. അതായത്, പാൽ ചൂടാകുമ്പോൾ ഇതിലേയ്ക്ക് 1 ടീസ്പൂൺ തേൻ ചേർത്ത് മഞ്ഞളും കലർത്തി കുടിക്കു. ഇത് ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ അത്യുത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പാൽ നല്ലതാണ്; ശ്രദ്ധിച്ച് ഉണ്ടാക്കിയില്ലേൽ പണി പാളും!!!
Share your comments