മധ്യകേരളത്തിലെ വീട്ടുപറമ്പുകളിൽ ആരും നടാതെയും വള പ്രയോഗം ചെയ്യാതെയും ഒരു സാധാരണ ചെടിയായി വളർന്ന് അന്തർ ദേശീയ അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന ഒരു വ്യഞ്ജനഫലമാണ് കൊടംപുളി. ഗ്രാസിനിയ കംബോഗിയ എന്ന ശാസ്ത്രീയനാമമുള്ള ഇത് മലബാർ പുളി എന്ന പേരിലും അറിയപ്പെടുന്നു. ഒരു ചെറു വൃക്ഷമായി വളരുന്ന ഇതിൽ ഓവൽ ആകൃതിയിൽ ഏതാണ്ടു രണ്ടിഞ്ചു വ്യാസമുള്ള, നല്ല ഭംഗിയുള്ള മഞ്ഞനിറത്തിലെ പഴങ്ങളായാണു കൊടംപുളി പിടിക്കുന്നത്.
ഫലം പച്ചക്കു കഴിക്കാൻ കൊള്ളാമെങ്കിലും, അമ്ലതയുടെ കൂടുതൽ കാരണം ആ രൂപത്തിൽ ആരും അത് കഴിക്കാറില്ല. പഴുക്കുമ്പോഴും വിത്തിനെ പൊതിഞ്ഞിരിക്കുന്ന ഫലമജ്ജയ്ക്ക് മധുരമുണ്ടങ്കിലും ഉപ്പോ, പഞ്ചസാരയോ ചേർത്ത് അമ്ലരസം കുറച്ചാൽ മാത്രമേ കഴിക്കാനൊക്കുകയുള്ളു. ഫലമജ്ജയെയും, കുരുവിനേയും പൊതിഞ്ഞിരിക്കുന്ന പുറം തോടിനാണ് ഏറെ പ്രാധാന്യം.
കറികളിൽ ചേർക്കുന്ന ഒരു വ്യഞ്ജനമായിട്ടാണിതുപയോഗിക്കുന്നതെങ്കിലും വ്യഞ്ജനങ്ങളുടെ കൂട്ടത്തിലല്ല ഇതിനെ ഉൾപെടുത്തിയിരിക്കുന്നത്. പഴങ്ങളിലുള്ള സ്വതന്ത്ര പഞ്ചസാരയുടെ അളവ് ഇതിൽ ഏറെ ഉള്ളതു കൊണ്ടാവാം ഇതിനെ പഴവർഗങ്ങളുടെ കൂട്ടത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.
ഒരു പഴത്തിന്റെ തോടിന് പഴത്തേക്കാൾ പ്രാധാന്യം വരുന്ന അപൂർവമായൊരു പഴമാണിത്, അമ്ലസമൃദ്ധമാണിത്. ഉണക്കിയ തൊലിയുടെ 10.6 ശതമാനം ടാർടാറിക് അമ്ലമാണ് അത് ഒരു പ്രിസർവേറ്റീവ് പോലെ വർത്തിക്കുന്നു. 16 ശതമാനം അന്നജമുള്ളതിൽ 15 ശതമാനവും ഗ്ലൂക്കോസാണ്. കാത്സ്യം ലൈഫോസ്ഫേറ്റിന്റെ രൂപത്തിൽ 1.52 ശതമാനം ഫോസ്ഫോറിക് ആസിഡുമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന അമ്ലത്തിന്റെ 90 ശതമാനവും ബാഷ്പീകരണ സ്വഭാവമുള്ളവയാണ്. സിലോണിൽ ഇതിനെ പാകമാകുന്നതിനു മുൻപു തന്നെ പറിച്ചെടുക്കുകയും തോടെടുത്ത് ഉണക്കി സൂക്ഷിച്ച് മത്സ്യം സൂക്ഷിച്ചു വയ്ക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.
ഒരു പ്രിസർവേറ്റീവ് എന്ന നിലയിൽ വീടുകളിലും ഇതു പയോഗിക്കാം. മത്സ്യം കഴുകി വൃത്തിയാക്കി ഒരു കഷണം കൊടംപുളിയുമിട്ട് പ്ലാസ്റ്റിക് കവറുകളിലാക്കി ഫ്രീസറിൽ സൂക്ഷിച്ചാൽ വളരെ ദിവസം പുതുമ നശിക്കാതിരിക്കും. മധ്യതിരുവിതാംകൂറിൽ മത്സ്യം കറി വയ്ക്കാനും വച്ചു വറ്റിക്കാനും കൊറുക്കപ്പുളി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ പാകം ചെയ്യുന്ന മത്സ്യം ഏറെ രുചികരമാണ്. ഒരാഴ്ച വരെ കേടുകൂടാതിരിക്കുകയും ചെയ്യും. ഒരുപക്ഷെ, കുടംപുളിയിലടങ്ങിയിരിക്കുന്ന അമ്ലങ്ങളാവാം ഇതിനു കാരണം.
Share your comments