പണ്ടു കാലങ്ങളിൽ സ്വർണ്ണം വെള്ളി തുടങ്ങിയവ തൂക്കുന്നതിന് കുന്നിക്കുരുവാണ് ഉപയോഗിച്ചിരുന്നത് .കൂടാതെ ആഭരണങ്ങൾ നിർമ്മിക്കാനും അലങ്കാര വസ്തുക്കൾ നിർമ്മിക്കാനും കുന്നിക്കുരു ഉപയോഗിച്ചിരുന്നു .കുന്നിക്കുരുവിനെ കുന്നിമണി എന്നും വിളിക്കാറുണ്ട് . ഒരു കായിൽ 3 മുതൽ 5 വരെ വിത്തുകൾ ഉണ്ടായിരിക്കും .വിത്തുകൾക്ക് നല്ല തിളക്കമുള്ളതും ഗോളാകൃതിയുമാണ് .ചുവപ്പിൽ കറുത്ത പുള്ളിയോടുകൂടിയോ വെള്ളയിൽ കറുത്ത പുള്ളിയോടു കൂടിയോ കാണപ്പെടുന്നു.
കുന്നി ഒരു വിഷച്ചെടിയാണ് .കുരു ,വേര്,ഇല ,പട്ട എന്നിവയിൽ വിഷാംശം അടങ്ങിയിരിക്കുന്നു. കുന്നിയുടെ വേരിലും വിത്തിലും ഉഗ്രവിഷമുണ്ട്. ഏറ്റവും കൂടുതൽ വിഷമടങ്ങിയിട്ടുള്ളത് കുരുവിലാണ് .കുന്നിക്കുരുവിന് കട്ടിയുള്ള പുറംതോട് ഉള്ളതു കൊണ്ട് മുഴുവനായി കഴിച്ചാൽ വിഷബാധയുണ്ടാകില്ല .
കുരു ചവച്ചോ പൊടിച്ചോ ഉള്ളിൽ കഴിച്ചാൽ ഛർദിയും വയറിളക്കവും. മോഹാലസ്യം, തലച്ചുറ്റൽ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും. ആമാശയത്തിലെയും മറ്റും ശ്ലേഷ്മകലയ്ക്ക് നാശം സംഭവിക്കും. വിഷബാധ ലക്ഷണങ്ങൾ മണിക്കൂറുകൾക്കു ശേഷമോ ചിലപ്പോൾഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷമോ പ്രകടമായി എന്നു വരാം.ഒന്നോ രണ്ടോ കുന്നിക്കുരു കഴിച്ചാൽത്തന്നെ മരണം ഉണ്ടാകും. വെള്ള കുന്നിക്കുരുവിനാണ് വിഷശക്തി കൂടുതലുള്ളത്.
കുന്നിയിലച്ചാറിൽ കുന്നിവരു കലമാക്കി എണ്ണകാച്ചി തേക്കുന്നതു വാതത്തിനു എന്നാണ്. കുന്നിയില കഷായം വെച്ച് വായിൽ കവിൾ കൊള്ളുന്നത്. വായ്പ്പുണ്ണിനും നാക്കിലുണ്ടാകുന്ന കുരുക്കൾക്കും വിശേഷമാണ്. കുന്നിക്കുരുപ്പരിപ്പ് ഇരട്ടി കോഴിമുട്ടയുടെ തോടും ചേർത്തു പൊടിച്ചു തലവേദനയ്ക്ക് പൂർണ്ണ നസ്യമായി പ്രയോഗിക്കുന്നതു നന്നാണ്.
കുന്നിയുടെ വേരും കുരുവും കൂടി അരച്ച് കഷണ്ടിക്കും മുടി കൊഴിഞ്ഞു പോയിട്ടുള്ള തലയിലും കുഷ്ഠത്തിനും ത്വക്ക് രോഗങ്ങൾക്കും ലേപനം ചെയ്യുന്നതു നന്നാണ്.
കുന്നിക്കുരുപ്പരിപ്പും തേങ്ങയുടെ ചിരട്ടക്കരിയും കൂടി പൊടിച്ച് നില ഉമ്മത്തില നീരിലരച്ച് തലയിൽ ലേപനം ചെയ്യുന്നത് തലയിലുണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്കും കഷണ്ടിക്കും അതിവിശേഷമാണ്.
കഴുത്തിലും മുഖത്തും നീർക്കെട്ടുള്ള രോഗത്തിന് (നീരിറക്കത്തിന്) കുന്നിയില ഇടിച്ചു പിഴിഞ്ഞ നീരിൽ കടുക്കാത്തോടും കൊട്ടവും ചുക്കും കല്ക്കമാക്കി ശീലമനുസരിച്ച് എണ്ണയോ വെളിച്ചെണ്ണയോ ചേർത്തു തലയിൽ തേക്കുന്നത് നന്നാണ്. ചെറുതിപ്പലി, ഏലക്കാ ഇവയുടെ നാലിരട്ടി കുന്നിയില ചേർത്തുണക്കിപ്പൊടിച്ച് പഞ്ചസാര ചേർത്തുവെച്ചിരുന്ന് ചുമയ്ക്ക് കുറേശ്ശെ നാക്കിലിടുന്നതും ഫലപ്രദമാണ്.
Share your comments