ടെൻഷനും സമ്മർദ്ദവുമില്ലാവരുടെ എണ്ണം വളരെ ചുരുക്കമായിരിക്കും. എന്നാൽ ഇത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിയൊരുക്കാവുന്ന അവസ്ഥകളാണ്. ചിലർക്ക് വീട്ടിലാണ് സമ്മർദ്ദമെങ്കിൽ മറ്റ് ചിലർക്ക് ജോലിസ്ഥലങ്ങളിലാണ്. കൂടാതെ ഇന്നത്തെ തിരക്കേറിയ ജീവിതം ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. മനസികാരോഗ്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നത് വഴി സമ്മർദ്ദത്തെ മറികടക്കാം. മനസ്സ് കലുഷിതപ്പെട്ടിരിക്കുന്ന സമയത്ത് ഇഷ്ടമുള്ള എന്തെങ്കിലും ശബ്ദങ്ങൾ കേൾക്കുന്നത് വലിയ ആശ്വാസം നൽകും, നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പാട്ട് ആകട്ടെ, നദി ഒഴുകുന്ന ശബ്ദമോ, കിളികളുടെ ശബ്ദമോ കേൾക്കുന്നത് മനസ്സിന് ആശ്വാസം നൽകുന്നു. കൂടാതെ മാനസിക പിരിമുറുക്കത്തിൽ നിന്നും വിഷാദ രോഗങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷ നേടാൻ നമ്മളെ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് നോക്കാം.
* നമ്മുടെ മാനസികാരോഗ്യ കാര്യത്തിൽ പ്രകൃതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും ശാന്തതയും വിശ്രമവും നൽകാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രകൃതിയുടെ ശബ്ദങ്ങൾ സഹായിക്കും. നദി ഒഴുകുന്ന ശബ്ദമോ, കിളികളുടെ ശബ്ദമോ എല്ലാം ഇങ്ങനെ സഹായിക്കുന്ന കാര്യങ്ങളാണ്. ചിലർക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് മഴയുടെ ശബ്ദം. ആപ്പുകൾ വഴി കൃത്രിമ പ്രകൃതി ശബ്‌ദങ്ങൾ കേൾക്കുകയും ചെയ്യാം.
* ഭക്തി മന്ത്രങ്ങൾ ആലപിക്കുക എന്നത് പല മതങ്ങളുടെയും അടിസ്ഥാന പ്രാർത്ഥനാ രീതിയാണ്. ദൈവികതയിലേക്ക് നമ്മെ അടുപ്പിക്കാൻ വേണ്ടി മാത്രമായി രൂപപ്പെട്ടത് എന്ന് ആദ്യം കരുതിയ ഈ രീതിക്ക് നിരവധി മാനസികാരോഗ്യ ഗുണങ്ങളും ഉണ്ട്. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും വിഷാദം ലഘൂകരിക്കാനും ഇതിന് കഴിയും. അതിനാൽ, നിങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസിയല്ലെങ്കിലും, നിങ്ങൾക്ക് അപ്പോഴും ദീർഘനിശ്വാസമെടുത്ത് നിങ്ങൾ ആഗ്രഹിക്കുന്ന മന്ത്രമോ ജപമോ പോലുള്ള വാക്യങ്ങളും വാക്കുകളും ഉച്ചരിക്കാം.
* സിംഗിങ് ബൗൾ, ടിബറ്റൻ ഗോങ്ങുകൾ, ട്യൂണിംഗ് ഫോർക്കുകൾ, ഡ്രമ്മുകൾ എന്നിവ ഉപയോഗിച്ച് ശബ്ദങ്ങൾ സൃഷ്ടിക്കുന്നതാണ് ആരോഗ്യപരമായ ഗുണങ്ങളുള്ള മറ്റൊരു പുരാതന രീതി. പരിശീലനം ലഭിച്ച ഒരു തെറാപ്പിസ്റ്റ് ഈ ഉപകരണങ്ങൾ ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ച് ചില ശബ്ദങ്ങളും വൈബ്രേഷനുകളും സൃഷ്ടിക്കുന്നതിനായി നിങ്ങൾക്ക് ചുറ്റും സ്ഥാപിക്കുകയും ചെയ്യുന്നു. ഈ പ്രകമ്പനങ്ങൾ പിരിമുറുക്കം നീക്കുകയും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുകയും ആത്മീയ ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യുന്നു
* മാനസിക പിരിമുറുക്കം കുറയ്ക്കാൻ സംഗീതത്തിനാകുമെന്ന കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. മനസ്സ് സംഗീത സാന്ദ്രമാക്കുന്ന മ്യൂസിക്കൽ ഇൻസ്ട്രുമെന്റുകൾ, മനസിന് ആശ്വാസം നൽകുന്ന പാട്ടുകൾ എന്നിവയെല്ലാം സമ്മർദ്ദം കുറയ്ക്കാൻ മികച്ച പരിഹാരങ്ങളാണ്. എന്നിരുന്നാലും ദുഃഖസാന്ദ്രമായ പാട്ടുകൾ മാത്രം തിരഞ്ഞെടുത്ത് മനസിന്റെ അവസ്ഥ കൂടുതൽ വഷളാക്കരുത്.
Share your comments