വളരെ പൗരാണികമായ ഒരു ഫലവൃക്ഷമാണ് മാവ്. സംസ്കൃതത്തിൽ ആമവൃക്ഷം എന്നറിയപ്പെടുന്നു. ലോകമെമ്പാടും പ്രസിദ്ധമായ മാങ്ങകളുണ്ട്; അൽഫോൺസ്, ദരി, മൽഗോവ, ജൂലി, പീറ്റർ, എന്നാൽ കേരളത്തിൽ വെള്ളരി, പുളിച്ചി, വെള്ളക്കപ്പ, കസ്തൂരി മാങ്ങ, പൂച്ചെടി വരിക്ക, ഞെട്ടുകഴിയൻ, ചാന്ദവരിക്ക, ഞാൻ, പാണ്ടി, പേരയ്ക്കാമാങ്ങ, മുവാണ്ടൻ, നാടൻ മാങ്ങ എന്നിവ പ്രസിദ്ധമാണ്.
ഇതിൽ അധികമാത്രയിൽ വിറ്റാമിൻ, എ.ബി.സി. കൊഴുപ്പ്, പഞ്ചസാര, സ്റ്റാർച്ച്, ഇവ അടങ്ങിയിരിക്കുന്നു. പച്ചമാങ്ങ പിത്തവും വാതവും വർദ്ധിപ്പിക്കും. പഴുത്ത മാങ്ങ പിത്തവും വാതവും കുറയ്ക്കും. ശരീരപുഷ്ടിയുണ്ടാക്കും. മാങ്ങയണ്ടി കട്ടുകളഞ്ഞ് (ഉണക്കി തുണിയിൽ കെട്ടി വെള്ളത്തിലിട്ട് ഏഴു ദിവസം കഴിഞ്ഞ് എടുക്കുക). ഇത് അതിസാരം, വയറുകടി എന്നീ രോഗങ്ങൾ ശമിപ്പിക്കും. ഉപ്പിലിട്ട് ഉപയോഗിക്കുന്ന മാങ്ങയുടെ പരിക്ക് ഗ്രഹണിക്കും വയറുകടിക്കും വളരെ വിശേഷമാണ്.
പ്ലേഗ്, വയറുകടി, കോളറ എന്നീ രോഗങ്ങളിലുണ്ടാകുന്ന ദാഹത്തിന് പച്ചമാങ്ങ ചതച്ചു നീരിൽ പഞ്ചസാരയും വെള്ളവും ചേർത്തു കഴിക്കുന്നത് നന്ന്.
ഉപ്പുമാങ്ങയണ്ടിപ്പരിപ്പ്, കൂവളക്കായുടെ മജ്ജ, ചുക്ക്, കുടക പാലയരി ഇവ കഷായം വെച്ചു കഴിക്കുന്നത് അതിസാരത്തിന് വിശേഷപ്പെട്ട ഔഷധ പ്രയോഗമാണ്. ചൊറി, വ്രണം തുടങ്ങിയ ത്വരോഗങ്ങൾക്ക് മാവിൻ തൊലിയിട്ടു വെന്ത വെള്ളത്തിൽ കഴുകുന്നതു ഗുണം ചെയ്യും.
കുട്ടികൾക്കുണ്ടാകുന്ന കരൾവീക്കം, പ്ലീഹവീക്കം, ക്ഷീണം, മലബന്ധം, വിളർച്ച എന്നിവയ്ക്ക് പഴുത്ത മാങ്ങ വിശേഷമാണ്.
പഴുത്ത മാവില ചവച്ചരച്ചു ദന്തധാവനത്തിനുപയോഗിക്കുന്നത് എല്ലാവിധ ദന്തരോഗങ്ങൾക്കും ഫലപ്രദം തന്നെ.
ഉപ്പുമാങ്ങയണ്ടിപ്പരിപ്പ്, അതിവിടയം, കൂവളക്കായുടെ മജ്ജ, അയമോദകം, മാതളത്തോട്, ജീരകം, ഗ്രാമ്പു, ചെറുതിപ്പലി, ഞാവൽ കുരുപ്പരിപ്പ് ഇവ സമം വറുത്തു പൊടിച്ച് വെളുത്തുള്ളിച്ചാറിലരച്ച് ഓരോ ഗ്രാം തൂക്കത്തിൽ (ലന്തക്കുരുപ്രമാണം) ഗുളികയാക്കി നിഴലിലുണക്കി തേനിലോ തൈരിലോ മോരിലോ യുക്താനുസരണം ദിവസം മൂന്നു പ്രാവശ്യം വീതം സേവിക്കുക. വയറുകടിക്കും വയറിളക്കത്തിനും ഗ്രഹണിക്കും അതീവ ഫലപ്രദമാണിത്.
മാങ്ങയണ്ടി ശുദ്ധിയാക്കി (കട്ടുകളഞ്ഞ് അരിയും ചേർത്തരച്ച് പലഹാരമാക്കി കഴിക്കുന്നത് ഉദരശുദ്ധിക്കും ആർത്തവശുദ്ധിക്കും അതിവിശേഷമാണ്.
Share your comments