രോഗം നേരത്തെ കണ്ടുപിടിക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. ആരംഭദശയിൽ ചികിൽസിച്ചാൽ ഭേദമാകുന്ന പല രോഗങ്ങളുമുണ്ട്. രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ ഇന്ന് പല സൗകര്യങ്ങളുമുണ്ട്. പലവിധത്തിലുള്ള മെഡിക്കല്‍ ചെക്കപ്പുകൾ ലഭ്യമാണ്. എന്നാൽ കണ്ണിന്റെ പരിശോധനയിലൂടെ ചില രോഗങ്ങളെ തിരിച്ചറിയാം. ഈ രോഗങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
ഉയർന്ന രക്തസമ്മര്‍ദ്ദം
ഇത് കണ്ണിലൂടെ അറിയാൻ സാധിക്കും. ബിപി കൂടുമ്പോൾ കണ്ണില്‍ രക്തസ്രാവം ഉണ്ടാകുന്നതാണ് ഇതിന്‍റെ സൂചനയായി കാണുന്നത്. കണ്ണിനോ തലയ്ക്കോ പരുക്കേറ്റാലും കണ്ണില്‍ രക്തസ്രാവമുണ്ടാകാം. എങ്കിലും ബിപി കൂടുന്നതാണ് ഏറ്റവും സാധ്യത കൂടിയ പ്രശ്നം.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന ബിപിയുള്ളവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ബ്ലഡ് ഷുഗർ
കണ്ണിലൂടെ കണ്ടുപിടിക്കാൻ സാധിക്കുന്ന മറ്റൊരു അസുഖമാണ് പ്രമേഹം. പക്ഷേ അല്‍പം ഗുരുതരമാകുമ്പോഴാണ് കണ്ണില്‍ ലക്ഷണം കാണുക. കണ്ണില്‍ കറുത്ത നിറത്തിലുള്ള ചെറിയ കുത്തുകള്‍ കാണുക, കാഴ്ചാശക്തിക്ക് മങ്ങല്‍, ചില സന്ദര്‍ഭങ്ങളില്‍ നിറങ്ങള്‍ തിരിച്ചറിയാൻ പ്രയാസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് പ്രമേഹത്തില്‍ കണ്ണുകളില്‍ കാണുന്നത്.
ഹൃദയരോഗങ്ങൾ
ഹൃദയ സംബന്ധമായ രോഗങ്ങളും അൽപ്പം ഗുരുതരമായ അവസ്ഥയിലാണ് കണ്ണില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത്. ഹൃദയത്തിന് പ്രശ്‌നമുണ്ടാകുമ്പോൾ കണ്ണിലേക്കുള്ള രക്തയോട്ടം കുറയുകയും കാഴ്ച മങ്ങല്‍, കണ്ണില്‍ കുത്തുകള്‍, വേദന എന്നിവയെല്ലാമാണ് ലക്ഷണമായി വരികയും ചെയ്യുന്നു.
സന്ധിവാതം
ഡ്രൈ ഐസ് എന്ന കണ്ണിനുണ്ടാകുന്ന ഒരു രോഗമാണ് ഒരിനം സന്ധിവാതത്തിന്‍റെ ലക്ഷണമായി കണ്ണുകളെ ബാധിക്കുന്നത്. കണ്ണുകളില്‍ നനവ് വറ്റി വരണ്ട് ഇതുമൂലം പല പ്രയാസങ്ങളും നേരിടുന്ന അവസ്ഥയാണ് ഡ്രൈ ഐസ്.
ക്യാൻസര്‍
എല്ലാ തരത്തിലുള്ള ക്യാൻസര്‍ രോഗങ്ങളും കണ്ണിലൂടെ കണ്ടെത്താൻ സാധിക്കില്ല. എന്നാല്‍ സ്കിൻ ക്യാൻസര്‍ അഥവാ ചര്‍മ്മത്തെ ബാധിക്കുന്ന ക്യാൻസര്‍ രോഗത്തെ ഇത്തരത്തില്‍ കണ്ണിലൂടെ തിരിച്ചറിയാൻ കഴിയും. കണ്‍പോളയില്‍ കാണുന്ന മൃദുലമായ ചെറിയ കുമിളയാണ് ഇതിന്‍റെ ലക്ഷണമായി വരുന്നത്.
കൊളസ്ട്രോള്‍
കോര്‍ണിയയ്ക്ക് ചുറ്റുമായി നീലനിറം കലര്‍ന്ന ഒരു വലയം കാണുകയാണെങ്കില്‍ ഇത് കൊളസ്ട്രോള്‍ അധികരിച്ചിരിക്കുന്നു എന്നതിന്‍റെ സൂചനയാകാം.
മള്‍ട്ടിപ്പിള്‍ സെലറോസിസ്
കണ്ണുകള്‍ അനക്കുമ്പോള്‍ വേദന, കാഴ്ച മങ്ങല്‍, ചില സന്ദര്‍ഭങ്ങളില്‍ ഒന്നിനെ രണ്ടായി കാണല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ മള്‍ട്ടിപ്പിള്‍ സെലറോസിസിന്‍റെ ലക്ഷണങ്ങളായും വരാറുണ്ട്. ഇതും പരിശോധനയിലൂടെ തന്നെ ഉറപ്പിക്കാവുന്നതാണ്.
വൈറ്റമിൻ കുറവ്
വൈറ്റമിൻ കുറവ് ആരോഗ്യത്തെ എപ്പോഴും പ്രതികൂലമായി ബാധിക്കുന്നതാണ്. വൈറ്റമിൻ-എ, ബി12, ഇ എന്നിവ കുറയുന്നത് കാഴ്ചയിലെ മങ്ങലായി പ്രതിഫലിക്കാറുണ്ട്. ഇടവിട്ട് കണ്ണ് ചെക്കപ്പ് ചെയ്യുന്നതിലൂടെ ഇതും മനസിലാക്കാൻ സാധിക്കും. ഡ്രൈ ഐസ്, രാത്രിയില്‍ കാഴ്ചയില്ലായ്മ, കോര്‍ണിയയില്‍ വര വീഴുന്ന അവസ്ഥ, കോര്‍ണിയയില്‍ പഴുപ്പ് എന്നിവയും വൈറ്റമിൻ കുറവിന്‍റെ ഭാഗമായി വരാവുന്ന പ്രശ്നങ്ങളാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments