1. Health & Herbs

നട്ടുവളര്‍ത്താം ഈ ഔഷധസസ്യങ്ങള്‍

പണ്ടൊക്കെ വീട്ടുവളപ്പില്‍ത്തന്നെ ധാരാളം ഔഷധ സസ്യങ്ങള്‍ ഉണ്ടായിരുന്നു. കാലം കടന്നുപോയപ്പോള്‍ ചിലതൊക്കെ അപ്രത്യക്ഷമായി

Soorya Suresh
വീട്ടിലൊരുക്കാം ഔഷധത്തോട്ടം
വീട്ടിലൊരുക്കാം ഔഷധത്തോട്ടം

പണ്ടൊക്കെ വീട്ടുവളപ്പില്‍ത്തന്നെ ധാരാളം ഔഷധ സസ്യങ്ങള്‍ ഉണ്ടായിരുന്നു. കാലം കടന്നുപോയപ്പോള്‍ ചിലതൊക്കെ അപ്രത്യക്ഷമായി. ഇന്ന് ശരീരത്തിന്റെ ആരോഗ്യവും രോഗപ്രതിരോധവുമെല്ലാം കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെയും ജീവിതശൈലിയിലൂടെയും രോഗങ്ങളെ അകറ്റിനിര്‍ത്താനാകണം നമ്മുടെ ശ്രമങ്ങള്‍. അതിനല്പം മുത്തശ്ശിവൈദ്യം പ്രയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ല.

വീട്ടില്‍ത്തന്നെ ഔഷധസസ്യങ്ങളുടെ തോട്ടം ഒരുക്കാനായാല്‍ ഏറെ ഗുണകരമാകും. വീട്ടുവളപ്പിലോ ചട്ടിയിലോ ഗ്രോബാഗിലോ വളര്‍ത്താവുന്ന ചില ഔഷധസസ്യങ്ങള്‍ പരിചയപ്പെടാം.

പനിക്കൂര്‍ക്ക

കഞ്ഞിക്കൂര്‍ക്ക, പനിക്കൂര്‍ക്ക എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഇതിന്റെ ഇലകള്‍ വാട്ടി നീര് കുട്ടികള്‍ക്ക്  നല്‍കാം. ജലദോഷം, പനി, കഫക്കെട്ട്, മൂക്കടപ്പ് എന്നിവ പെട്ടെന്ന് മാറാന്‍ ഇത് ഉത്തമമാണ്. ജലദോഷത്തിനും തൊണ്ടവേദനയ്ക്കും പനിക്കൂര്‍ക്കയില ചതച്ചു വെള്ളത്തില്‍ തിളപ്പിച്ച് ആവി കൊണ്ടാല്‍ മതി.

നീലയമരി

നീലഭൃംഗാദി തൈലം കയ്യുണ്യം, ചെമ്പരത്തി എണ്ണ എന്നിവയിലെ മുഖ്യ ഘടകമാണ് നീലയമരിയുടെ ഇല. തുറസ്സായ സ്ഥലത്ത് ഈ സസ്യം നന്നായി വളരും. ഇലകള്‍ക്ക് നീലനിറമായിരിക്കും. രക്തസ്രാവം, അള്‍സര്‍, കരള്‍ രോഗ ങ്ങള്‍, മൂത്രാശയരോഗങ്ങള്‍, വാതം എന്നിവയ്ക്ക് ആയുര്‍വേദത്തില്‍ നീലയമരി ഉപയോഗിക്കുന്നു. കരള്‍ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് ഇലയുടെ നീര് തേന്‍ ചേര്‍ത്തു ദിവസം രണ്ടുനേരം കഴിക്കാവുന്നതാണ്.

തഴുതാമ

വീട്ടുപറമ്പില്‍ ഔഷധസസ്യത്തോട്ടം ഒരുക്കുമ്പോള്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഒന്നാണ് തഴുതാമ. ഈ സസ്യത്തിന്റെ എല്ലാ ഭാഗവും ഔഷധയോഗ്യമാണ്. ഉദര രോഗങ്ങള്‍, അള്‍സര്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവയ്ക്ക് ഇത് ഗുണകരമാണ്. മൂത്രക്കല്ല്, മൂത്രനാളീ വീക്കം, ഗ്രന്ഥി വീക്കം എന്നിവയ്ക്ക് തഴുതാമക്കഷായം ഉപയോഗിക്കാം.

തുമ്പ

തലവേദന മാറാനായി തുമ്പയില നെറ്റിയില്‍ വച്ചുകെട്ടാവുന്നതാണ്. വിഷജന്തുക്കളും മറ്റും കടിച്ചാല്‍ വേദനയും നീരും മാറാനായി തുമ്പ പിഴിഞ്ഞ ശേഷമുളള നീര് പച്ചമഞ്ഞളും ചേര്‍ത്ത് അരച്ചാല്‍ നല്ലതാണ്. കുട്ടികളിലെ വിരശല്യം, ഛര്‍ദ്ദി എന്നിവ മാറാനും തുമ്പനീര് ഉപയോഗിക്കാം.

മുയല്‍ ചെവിയന്‍

ദശപുഷ്പങ്ങളില്‍പ്പെടുന്ന സസ്യം. മുയലിന്റെ ചെവിയോട് സാമ്യമുളള ഇലകളായാതിനാലാണ് ഈ പേര് വന്നത്. പനി, തൊണ്ടവേദന,  നേത്രരോഗങ്ങള്‍, വിരശല്യം എന്നിവയ്ക്ക് ആശ്വാസമായി ഇത് കഴിക്കാം. കണ്ണിനു ചതവോ, മുറിവോ ഉണ്ടായാല്‍ ഇല പിഴിഞ്ഞു നീര് വൃത്തിയാക്കി കണ്ണിലൊഴിക്കാവുന്നതാണ്. ഇല ചതച്ചു കഷായമാക്കി കഴിക്കുകയാണെങ്കില്‍ പനി മാറും

ആടലോടകം

വീടുകളില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട സസ്യമാണിത്.കടുത്ത ആസ്മ, ചുമ, വലിവുള്ളവര്‍ ഇല വാട്ടിപ്പിഴിഞ്ഞു നീരെടുത്തു തേനോ, കല്‍ക്കണ്ടമോ ചേര്‍ത്തു ക്രമമായി ഉപയോഗിച്ചാല്‍ ഫലപ്രദമായിരിക്കും.

അശോകം

ആയുര്‍വ്വേദത്തിലെ മിക്ക ഔഷധങ്ങള്‍ക്കും ഇതിന്റെ ഇല, തൊലി, പൂവ് എന്നിവ ഉപയോഗിക്കാറുണ്ട്. ഇതിന്റെ തൊലിയാണ് അശോകാരിഷ്ടത്തിന്റെ പ്രധാന ചേരുവ. ചര്‍മ്മരോഗങ്ങള്‍ക്ക് മികച്ച ഔഷധമാണിത്.

ബ്രഹ്മി

ജലാംശമുളള മണ്ണില്‍ നന്നായി വളരുന്ന സസ്യമാണിത്. കുട്ടികളുടെ ഓര്‍മശക്തി കൂട്ടാനും ബുദ്ധിവികാസത്തിനും ബ്രഹ്മിനീര് വെണ്ണയോ നെയ്യോ ചേര്‍ത്തു രാവിലെ കഴിക്കണം. പ്രായമായവര്‍ക്കുള്ള ഓര്‍മക്കുറവിനു തണലില്‍ ഉണങ്ങിയ ബ്രഹ്മി അഞ്ച് ഗ്രാം വീതം തേനിലോ പാലിലോ ചേര്‍ത്തു കഴിയ്ക്കാവുന്നതാണ്.

സര്‍പ്പഗന്ധി

രക്തസമ്മര്‍ദ്ദത്തിനുള്ള ഔഷധമായ സെര്‍പ്പാസിന്‍ എന്ന ഗുളിക ഉണ്ടാക്കുന്നത് ഇതിന്റെ വേരില്‍ നിന്നാണ്. അജ്മാലിന്‍, അജ്മാലിനിന്‍, അജ്മാലിസിന്‍, സെര്‍പ്പന്റൈനിന്‍, റിസര്‍പ്പെന്‍, റിസര്‍പ്പിനൈന്‍ എന്നീ ആല്‍ക്കലോയിഡുകള്‍ ഇതിന്റെ വേരിലടങ്ങിയിട്ടുണ്ട്.

English Summary: medicinal herbs for our garden

Like this article?

Hey! I am Soorya Suresh. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds