ദശപുഷ്പങ്ങളിലെ ഒന്നായ മുക്കുറ്റി ഒരു ഏകവർഷിയാണ്. കേരള ഉൾപ്പെടെ ഭാരതത്തിൻ്റെ പല ഭാഗങ്ങളിലും മുക്കുറ്റി പാഴ്പടിയായി കണ്ടു വരുന്നു. അനവധി ചെറിയ വിത്തുകളോടു കൂടിയ ഫലം പാകമാകുമ്പോൾ അഞ്ചു ഭാഗങ്ങളായി പൊട്ടിത്തുറന്നു വരുന്ന പ്രകൃതമുള്ളതാണ്.
വിത്തു വഴിയാണ് മുക്കുറ്റി സ്വാഭാവികമായി ഉണ്ടായി വരിക. ഭാഗികമായി തണലും ഈർപ്പവുമുള്ളിടത്ത് നട്ടു പരിപാലിക്കുവാൻ യോജിച്ച മുക്കുറ്റിയുടെ വിത്തുപയോഗിച്ചാണ് ചെടി വളർത്തിയെടുക്കുന്നത്.
ഔഷധ പ്രാധാന്യം
മുക്കുറ്റിയുടെ ഇല മോരിൽ കലക്കി ചേർത്തു കഴിക്കുന്നത് അതിസാരം ഭേദമാകുന്നതിന് ഫലപ്രദമാണ്.
പ്രസവ ശേഷം ഗർഭപാത്രം ശുദ്ധീകരിക്കുവാൻ മുക്കുറ്റിയുടെ ഇലയും ശർക്കരയും ചേർത്ത് കുറുക്കി കൊടുക്കുന്നത് നല്ലതാണ്.
മൂക്കുറ്റി സമൂലം അരച്ച് ചാറ് കുടിച്ചാൽ പനി ഭേദമാകും.
ഒരു ചുവട് മുക്കുറ്റി മുഴുവനോടെ നന്നായി അരച്ച് ചെന്നിയിൽ പുരട്ടിയാൽ കൊടിഞ്ഞിയിൽ നിന്നും ആശ്വാസം ലഭിക്കും.
മുക്കുറ്റി പറിച്ചെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സമൂലം അരച്ച് വെണ്ണയിൽ ചാലിച്ച് തേനീച്ച കുത്തേറ്റ ഭാഗത്തു പുരട്ടിയാൽ വേദനയ്ക്കും നീരിനും ശമനം കിട്ടും.
മുക്കുറ്റിയുടെ വേര് കഴുകി വൃത്തിയാക്കി അരച്ചെടുത്ത് ദിവസവും രണ്ടു നേരം കഴിച്ചാൽ അസ്ഥിസ്രാവം മാറി കിട്ടും.
മുക്കുറ്റിയില പിഴിഞ്ഞോ അരച്ചോ നീരെടുത്ത് വ്രണത്തിൽ പുരട്ടിയാൽ വ്രണം ഉണങ്ങും.
കുഞ്ഞുങ്ങൾക്ക് ആയുധം കൊണ്ടുള്ള മുറിവുണ്ടായാൽ മുക്കുറ്റി സമൂലം എടുത്ത് വെള്ളം ചേർക്കാതെ മുറിവിലിട്ടാൽ വേഗം ഉണങ്ങി കിട്ടും.
മുക്കുറ്റി സമൂലം അരച്ച് തേനിൽ ചേർത്തു കഴിച്ചാൽ ചുമയും കഫകെട്ടും മാറികിട്ടും.
പഴുതാരയുടെ കുത്തേറ്റാൽ മുക്കുറ്റി പറിച്ച് കഴുകി വൃത്തിയാക്കി മഞ്ഞളും ചേർത്ത് അരച്ചെടുത്ത് കുത്തേറ്റ ഭാഗത്ത് പുരട്ടിയാൽ വിഷാംശം മാറി നീര് വലിയും.
രക്താർശ്ശസിന് മുക്കുറ്റിയില 11 എണ്ണം സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ ഒരു താറാവിൻ മുട്ട പൊട്ടിച്ചൊഴിച്ച് 10 എണ്ണം ചുവന്നുള്ളി ചെറുതായി അരിഞ്ഞ് നന്നായി ഉടച്ച് നെയ്യിൽ വറുത്ത് 11 ദിവസം രാവിലെ സേവിക്കുന്നത് ഫലപ്രദമാണ്.
നാസാർശ്ശസിന് മുക്കുറ്റി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 21 ദിവസം രാവിലെ 5 തുള്ളി വീതം ഇറ്റിക്കുന്നത് പ്രതിവിധിയാണ്.
Share your comments