രൂപത്തിൽ ചെറുതെങ്കിലും ഔഷധച്ചെടികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ഒരിനമാണ് മുക്കുറ്റി. കായകൽപമൂലികകളിൽ ഉൾപ്പെടുത്തി സിദ്ധവൈദ്യത്തിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒന്നു കൂടിയാണിത്. ആയുർവേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങൾ അകറ്റാൻ ഏറെ ഗുണകരവും.
നല്ലൊരു വിഷസംഹാരിയാണ് മുക്കുറ്റി. പാമ്പുകടിക്കു പോലും ഫലപ്രദമായി പറയുന്നു. പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ ഇലകൾ വെറും വയറ്റിൽ ചവച്ചു കഴിക്കുന്നതും, അരച്ചുകുടിക്കുന്നതുമെല്ലാം ഗുണം ചെയ്യുമെന്ന് പറയുന്നു. മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലൊരു പരിഹാരമാണ്. മുക്കുറ്റിയുടെ ഇലകൾ അരച്ച് മോരിൽ കലക്കി കുടിക്കുന്നത് വയറിളക്കത്തിന് രക്ഷ നൽകും. വയറുവേദന മാറുന്നതിനും, വയറിനുണ്ടാകുന്ന അസുഖങ്ങൾ തടയുന്നതിനും മുക്കുറ്റി ഏറെ ഉത്തമമാണെന്ന് പറയപ്പെടുന്നു.
കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മുക്കുറ്റി. മുക്കുറ്റി വേരോടെ അരച്ച് തേനും ചേർത്ത് ചുമയ്ക്ക് ഒറ്റമൂലിയെന്നോണം പണ്ട് കേരളത്തിലെ വീടുകളിൽ ചെയ്തിരുന്ന ഔഷധ പ്രയോഗമാണ്. മുക്കുറ്റിയിലെ അണുനാശിനി ഗുണമാണ് ഇതിനെല്ലാം സഹായിക്കുന്നത്. പ്രസവശേഷം സ്ത്രീകൾക്ക് മുക്കുറ്റിയുടെ ഇല ശർക്കരയുമായി പാചകം ചെയ്ത് കൊടുക്കാറുണ്ട്. ഗർഭാശയശുദ്ധിക്കും നല്ലൊരു മരുന്നാണെന്ന് പഴമക്കാർ അവകാശപ്പെടുന്നു. ശരീരത്തിലെ മുറിവുകൾ ഉണക്കുന്നതിനും ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മുക്കുറ്റി അരച്ച് മുറിവുകളിലും പൊള്ളലുള്ളിടത്തുമെല്ലാം ഇടുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്.
അലർജി, ആസ്തമ, എന്നിവയ്ക്കും ഫലപ്രദമാണ് മുക്കുറ്റി. ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റുന്നതിന് ഏറെ ഉത്തമവുമാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങൾ അകറ്റുന്നതിന് ഇതിന്റെ നീര് കുടിക്കുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. വൃക്കയിലെ കല്ല് മാറുന്നതിനും രക്തശുദ്ധി വരുത്തുന്നതിനും മുക്കുറ്റി നീര് സേവിക്കുന്നത് നല്ലതാണ്.
മുക്കുറ്റി നീരും നറുനെയ്യും കൽക്കണ്ടവും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം മാറും. മുക്കുറ്റിയും, നെല്ലിക്കയും, കറിവേപ്പിലയും ജ്യൂസ് അടിച്ച് കുടിച്ചാൽ ഗ്യാസ്ട്രബിൾ മാറുകയും മലശോധന ഉണ്ടാവുകയും ചെയ്യും. കീട വിഷങ്ങളെ ശമിപ്പിക്കുന്നതിന് മുക്കുറ്റി, മഞ്ഞൾ, കൃഷ്ണതുളസി എന്നിവ സമം അരച്ച് പുരട്ടുന്നതും ഉള്ളിൽ കഴിക്കുന്നതും വളരെ ഫലപ്രദമാണ്.
മുക്കുറ്റി, കറ്റാർവാഴ, തഴുതാമ, ബ്രഹ്മി എന്നിവ സമൂലം അരച്ച് തേനിൽ കലർത്തി നെല്ലിക്ക വലുപ്പത്തിൽ കഴിക്കുന്നത് നിത്യയൗവനം നിലനിർത്താൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള ഒരു ചെടി കൂടിയാണിത്. ശരീരത്തിൽ ഉണ്ടാകുന്ന നീരു പോലുള്ള പ്രശ്നങ്ങൾക്ക് പ്രതിവിധി കൂടിയാണ്. വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും ഉത്തമം.
Share your comments