മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ഇതിനെ ശിശു എന്ന പേരിൽ ആയുർവേദത്തിൽ ആദരിക്കപ്പെടുന്നു. അനാദികാലം മുതൽ തന്നെ സസ്യശാസ്ത്രത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരുത്തമ ഔഷധമാണ് മുരിങ്ങ.
മുരിങ്ങ, രസത്തിൽ എരിവും കയ്പ്പും ചവർപ്പുമാണ്. ഗുണത്തിൽ ലഘുവും രൂക്ഷവും തീക്ഷ്ണവും; വീര്യത്തിൽ ഉഷ്ണവും വിപാകത്തിൽ എരിവും ആകുന്നു. ഔഷധഗുണത്തിൽ നീര് വറ്റിക്കും. രക്ത സമ്മർദത്തെ നിയന്ത്രിക്കും. മുരിങ്ങത്തൊലിയും വേരും വിയർപ്പുണ്ടാക്കും. ശരീരവേദന ശമിപ്പിക്കും. മുരിങ്ങക്കായിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ വാതഹരമാണ്. മുരിങ്ങയില, കൃമി, വ്രണം, വിഷം ഇവയെ നിർമാർജനം ചെയ്യും.
ബ്ലഡ് പ്രഷറിന് മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ടു പാലുകാച്ചി ദിവസവും രാത്രി അത്താഴത്തിനു ശേഷം കഴിച്ചു ശീലിക്കുന്നതു നന്ന്.
അർദ്ദിതവാതത്തിന് മുരിങ്ങയരി ചതച്ച് മുലപ്പാലിൽ ഞെരടി നസ്യം ചെയ്യുന്നതു നന്ന്.
സന്ധികളിലുണ്ടാകുന്ന നീരിന് മുരിങ്ങയിലയും ഉപ്പും കൂടി അരച്ചു ചൂടാക്കി ലേപനം ചെയ്യുന്നതു വിശേഷമാണ്. മുരിങ്ങയിലത്തോരൻ ദിവസവും ഭക്ഷണത്തിന്റെ കൂടെ കഴിച്ചാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിണാധീനമാക്കാം.
മുരിങ്ങക്കുരു ചതച്ച് വേപ്പെണ്ണയിൽ കിഴി കുത്തുന്നത് സന്ധി വാതത്തിനും ആമവാതത്തിനും ഫലപ്രദമാണ്. സ്ത്രീകൾക്ക് ആർത്തവ സമയത്തുണ്ടാകുന്ന ഉദരവ്യഥയ്ക്കും കൃമിശല്യത്തിനും മുരിങ്ങത്തൊലി ചതച്ചു പിഴിഞ്ഞ നീരിൽ ലേശം ഇന്തുപ്പും കായവും അനത്തിപ്പൊടിച്ച് മേമ്പൊടിയാക്കി കഴിക്കുന്നത് നന്ന്. മൂത്രത്തിലെ കല്ലിനും മൂത്ര തടസ്സത്തിനും വേദനയ്ക്കും മുരിങ്ങവേരു കഷായം വെച്ച് 25 മില്ലി വീതം ഓരോ ടീസ്പൂൺ ചെറുനാരാങ്ങാനീരും തേനും മേമ്പൊടിയാക്കി ദിവസം രണ്ടുനേരം സേവിക്കുന്നത് അതീവ ഫലപ്രദമാണ്.
മുരിങ്ങത്തൊലിയും വെളുത്തുള്ളിയും കൂടി കഷായംവെച്ച് 25 മില്ലിവീതം എടുത്ത് മേൽപ്പറഞ്ഞതു പോലെ ഇന്തുപ്പും കായവും ചേർത്ത് ദിവസം മൂന്നുനേരം കഴിക്കുന്നത് ആന്ത്രവൃദ്ധിക്ക് (ഹെർണിയ) നന്നാണ്. ഇത് ആദ്യഘട്ടത്തിൽ വളരെ വിശേഷമാണ്.
മുരിങ്ങയിലയും അരിയും ഉഴുന്നും കൂടി അരച്ച് എണ്ണയിൽ വടയാക്കി ദിവസവും കഴിക്കുന്നത് കാലിലുണ്ടാവുന്ന ആണിക്കു നന്നാണ്.
Share your comments