'ദന്തി' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഗദന്തിയെ സസ്യ ശാസ്ത്രം 'യൂഫോർബിയേസി കുടുംബത്തിൽ ഉൾപ്പെടുത്തിയാണ് വിവരിച്ചിട്ടുള്ളത്. അഗ്നിമാന്ദ്യം, മലബന്ധം എന്നിവയുടെ ചികിൽസയുമായി ബന്ധപ്പെടുത്തിയാണ് നാഗദന്തിയെ പ്രധാനമായും ഓർക്കുക. അഭയാരിഷ്ടത്തിലെ ഒരു പ്രധാന ചേരുവ കൂടിയാണിത്. ആമാശയ രോഗചികിൽസകളിലും നാഗദന്തിക്ക് ഗണ്യമായ സ്ഥാനമുണ്ട്.
"ബലിയോസ്പെർമം മൊണ്ടാനം' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. മറ്റു പല ഔഷധ സസ്യങ്ങളോടൊപ്പം നിന്നാലും അതിവേഗം തിരിച്ചറിയാൻ കഴിയുന്ന രീതിയിലുള്ള വലിയ ഇലകളാണ് ഇവയ്ക്കുള്ളത്. വളർച്ചാ ശൈലിയിൽ ഉയരത്തിന്റെ കാര്യത്തിൽ ഒട്ടനവധി വ്യത്യാസങ്ങൾ കാണുന്നു. പൂർണ വളർച്ചയെത്തിയ പല ചെടികൾക്കും ഒരു മീറ്ററിൽ താഴെ മാത്രമേ ഉയരം കാണുന്നുള്ളൂ.
വന്യ സാഹചര്യങ്ങളിൽ വേണ്ടത്ര മഴയും ഫലപുഷ്ടിയുള്ള മണ്ണും ലഭ്യമാകുന്നിടത്ത് ഒന്നര മീറ്റർ വരെ ഉയരത്തിൽ വലിയ ഇലകളോടുകൂടി ദന്തി പ്രത്യക്ഷപ്പെടാറുണ്ട്. ഡിസംബർ-ജനുവരി മാസമാണ് ദന്തിയുടെ പൂക്കാലം. പൂക്കളുടെ നിറം പൊതുവേ മഞ്ഞയെങ്കിലും പച്ചകലർന്ന ഇളംമഞ്ഞ നിറമുള്ള പൂക്കളാണ് വന്യമായി വളരുന്ന സാഹചര്യങ്ങളിൽ കാണുക. വീട്ടുവളപ്പിലും ഔഷധത്തോട്ടങ്ങളിലും കൃഷിയിറക്കുമ്പോൾ പൂക്കൾക്ക് വലിപ്പം കൂടി ഇളം മഞ്ഞ നിറമാകുന്നു.
വേരാണ് ഔഷധയോഗ്യം. ആവശ്യാനുസരണം വേരു മേഖലയ്ക്ക് വളർച്ച പൂർത്തീകരിക്കാൻ 18 മാസം വേണം. ജലസേചനമുള്ള വീട്ടു വളപ്പിൽ ഒരു വർഷം കഴിയുന്ന മുറയ്ക്ക് വിളവെടുപ്പ് ആരംഭിക്കാം. കീട രോഗബാധകളൊന്നും ഈ സസ്യത്തെ ബാധിക്കാറില്ല. പ്രത്യേക പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ലാത്ത ദിവ്യൗഷധിയാണ് നാഗദന്തി.
ഉപയോഗം
നാഗദന്തിവേര്, കടുക്കാത്തോട്, തിപ്പലി, കറിവേപ്പിലയുടെ ഞെട്ട് ഇവ ചേർത്ത് കഷായമുണ്ടാക്കി സേവിച്ചാൽ അർശോരോഗികൾക്കുണ്ടാകുന്ന മലബന്ധം മാറും. ദഹനശേഷി വർധിക്കുകയും ചെയ്യും.
നാഗദന്തിവേര്, ത്രികോല്പകക്കൊന്ന, കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട് ഇവ തുല്യ അളവിലെടുത്ത് ഉണ്ടാക്കുന്ന ത്രിവൃതാദി കഷായം കഴിച്ചാലും മലശോധനയുണ്ടാകും.
നാഗദന്തിവേര്, പെരുംകുരുമ്പവേര്, ചുക്ക്, വയമ്പ്, ദേവതാരം, മുത്തങ്ങാക്കിഴങ്ങ്, ആറ്റുവഞ്ചിക്കൊലി ഇവ ചേർത്തുണ്ടാക്കിയ കുഴമ്പ് ചെറുചൂടോടെ ലേപനം ചെയ്താൽ ശരീരഭാഗങ്ങളിൽ മുഖ്യമായും സന്ധികളിലുണ്ടാകുന്ന വേദനയും നീരും ശമിക്കും.
നാഗദന്തിവിത്ത്, മുരിങ്ങ വിത്ത്, ചെറുവഴുതിനയരി, വിഴാലരി, തുളസിക്കതിർ, ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ് ഇവ അരച്ചുകലക്കി എണ്ണകാച്ചി അരിച്ചെടുത്ത് നസ്യം ചെയ്താൽ പീനസം ശമിക്കും.
നാഗദന്തിവേര്, പിണമ്പുളി, കാർകോകിലരി, ഇന്തുപ്പ്, ചേർക്കുരു, വരട്ടുമഞ്ഞൾ, ചിറ്റരത്ത, ത്രിഫലത്തോട് ഇവ തുല്യ അളവിലെടുത്ത് കറുത്ത പശുവിന്റെ മൂത്രത്തിലരച്ച് എരിക്കിൻ പാലിൽ ചാലിച്ചു ലേപനം ചെയ്താൽ കാൽ വെടിച്ചു കീറുന്നതിനു പ്രതിവിധിയാകും.
Share your comments