തരിശുഭൂമിയിലും ഇലകൊഴിയും കാടുകളിലും വെളിമ്പ്രദേശങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന വള്ളിച്ചെടിയാണ് നറുനീണ്ടി അഥവാ നന്നാറിച്ചെടി. അത്ര ഉയരത്തിൽ പടർന്നു വളരുന്ന പ്രകൃതമില്ലാത്ത വള്ളികൾക്ക് പച്ചകലർന്ന ഇരുണ്ട നീലനിറമാണ്. മണ്ണിൽ വളരെ ആഴത്തിലാണ് വേരുകൾ കാണപ്പെടുക.
ഔഷധപ്രാധാന്യം
മൂത്രം മഞ്ഞനിറത്തിലോ ചുവന്ന നിറത്തിലോ പോകുക, മൂത്രച്ചടച്ചിൽ എന്നീ രോഗങ്ങൾ മാറികിട്ടുന്നതിന് നറുനീണ്ടി പാൽക്കഷായം വച്ച് ദിവസവും രണ്ടു നേരം 25 മി.ലി. വീതം 2-3 ദിവസം കഴിച്ചാൽ മതിയാകും
നറുനീണ്ടിവേര്. ഇരട്ടിമധുരം, പച്ചോറ്റിതൊലി, പേരാൽമൊട്ട് ഇവ തുല്യഅളവിൽ എടുത്ത് കഷായം വെച്ചതിൽ അരി വറുത്തു ചേർത്ത് കഞ്ഞി വച്ചു കുടിച്ചാൽ രക്താതിസാരം ശമിക്കും. നറുനീണ്ടിവേര് ഉണക്കി പൊടിച്ചതു ചേർത്ത് അട ഉണ്ടാക്കി കുഞ്ഞുങ്ങൾക്ക് കൊടുത്താൽ ചൂടുകുരു വരാതെ നിയന്ത്രിക്കാം.
നാല്പാമരമൊട്ട്. നറുനീണ്ടിവേര്, കറുക, ചന്ദനം, ഇരട്ടിമധുരം, താമരവളയം, രാമച്ചം, ഇരുവേലി ഇവ പാലിൽ അരച്ച് നെയ്യ് ചേർത്ത് ദേഹത്ത് ലേപനം ചെയ്യുന്നത് പൊങ്ങൻപനിക്ക് പ്രതിവിധിയാണ്.
നറുനീണ്ടി വേര് ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് പാലും പഞ്ചസാരയും ചേർത്ത് ചായപോലെ ഉണ്ടാക്കി കഴിച്ചാൽ ചർമ്മരോഗങ്ങൾ മാറിക്കിട്ടും.
കിഴങ്ങ്, കൊത്തമല്ലി, ജീരകം ഇവ സമമെടുത്ത് സമം ശർക്കരയും ചേർത്തിടിച്ച് നെല്ലിക്കാ വലുപ്പത്തിൽ ഉരുളകളാക്കി ഓരോ ഉരുള വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ അസ്ഥിസ്രാവം, ചുട്ടുനീറ്റൽ ഇവ ശമിക്കും.
പശുവിൻ്റെ മുലക്കാമ്പിൽ കാണുന്ന കീറൽ മാറുവാൻ നറുനീണ്ടിവേര് അരച്ചു പുരട്ടിയാൽ മതിയാകും
Share your comments