'നീലി' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നീല അമരിയെ ഉപയോഗം ആധാരമാക്കി കേശൗഷധങ്ങളുടെ ഗണത്തിലാണ് പെടുത്തിയിട്ടുള്ളതെങ്കിലും വിഷഹരമാണെന്ന വിശേഷഗുണം എടുത്തു പറഞ്ഞിട്ടുണ്ട്. കരൾ രോഗചികിത്സയിലും വാതശമനത്തിനും ആയുർവേദശാസ്ത്രം നീല അമരിയെ ആശ്രയിക്കുന്നു. മറ്റു പലതിലും ലഭ്യമല്ലാത്ത ഇൻഡിഗോട്ടിൻ 50 ശതമാനത്തോളം സസ്യശരീരത്തിൽ അടങ്ങിയിരിക്കുന്നു. ഇലയിൽ നിന്നും തണ്ടിൽ നിന്നുമാണത്രെ പ്രകൃതിദത്തമായ നീലം ഉൽപ്പാദിപ്പിച്ചിരിക്കുന്നത്. ഇപ്രകാരം ഔഷധപ്രാധാന്യമുള്ള ഈ സസ്യം നീലിഭൃംഗാദി തൈലത്തിന്റെ പ്രധാന ചേരുവയെന്നതും ഇതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.
"ഇൻഡിഗോ ഫെറ ടിംഗ്ടോറിയ" എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഫാബേസിയ സസ്യകുടുംബത്തിലെ അംഗമാണിത്. ഒന്നര മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് നീലഅമരി. ചെടിക്കു ധാരാളം ശാഖകളുണ്ട്. തണ്ട് ഇളം ചുവപ്പു നിറമുള്ളതാണ്. ഇലകൾക്ക് നീല ഷേഡുള്ള പച്ചനിറമാണ്. പൂക്കൾക്ക് വലിപ്പം കുറവാണ്. പക്ഷേ, ആകർഷകമായ ഇളം ചുവപ്പുനിറമുണ്ട്. നൈസർഗികമായ തട്ടകം തുറസ്സായ കുന്നിൻചരിവുകളും സമതലങ്ങളുമാണ്.
ഔഷധയോഗ്യഭാഗങ്ങളും ഉപയോഗവും
രാസഘടകങ്ങളെ ഔഷധങ്ങളിലേക്ക് ലയിപ്പിച്ചെടുക്കുവാൻ സാധാരണ അവലംബിക്കാറുള്ള മാർഗങ്ങൾ മതിയാകാതെ വരുന്ന ഒരു സാഹചര്യമാണ് നീലഅമരി സംസ്കരണത്തിലുള്ളത്. പ്രധാന രാസഘടകമായ ഇൻഡിഗോട്ടിൻ വെള്ളത്തിലും ചാരായത്തിലും ലയിക്കാത്തതാണ് പ്രശ്നം. കഷായരീതിയും 78° യിൽ മാറ്റിയെടുക്കുന്ന പദ്ധതിയും ഇക്കാര്യത്തിൽ ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ ചെടി സമൂലം ചതച്ച് വെള്ളത്തിൽ തിളപ്പിച്ച് വറ്റിക്കുന്നു.
ഔഷധമൂല്യത്തിൽ അമരി വിഷഹരമാണ്. പിത്താശയത്തിൻറ പ്രവർത്തനം ത്വരിതപ്പെടുത്തും. ആമവാതത്തിനും സന്ധിവാതത്തിനും അമരിയിലച്ചാറു പത്തുമില്ലി വീതം എടുത്ത് ലേശം തേൻ മേമ്പൊടി ചേർത്ത് ദിവസവും കഴിക്കുന്നത് യകൃതോദരത്തിനും പ്ലീഹവീർപ്പിനും നന്നാണ്. വിഷദംശനമേറ്റാലുടൻ 15 മില്ലി നീല അമരിച്ചാറു കുടിക്കുന്നതും ദംശനമേറ്റ ഭാഗത്ത് നീലഅമരി അരച്ചു ലേപനം ചെയ്യുന്നതും ഏറ്റവും നന്നാണ്.
പല്ലി വിഷത്തിന് അമരിവേര്, കുടുക്കമൂലിവേര്, നറുനീണ്ടിക്കിഴങ്ങ് ഇവ സമം അരച്ച് നെല്ലിക്കാ പ്രമാണം ഏഴു ദിവസം അതിരാവിലെ പാലിൽ കലക്കി കഴിക്കുന്നത് വിശേഷമാണ്. പഥ്യമായി ഉപ്പു കുറയ്ക്കണം. നീല അമരിയില ഇടിച്ചു പിഴിഞ്ഞ നീരിൽ കൊട്ടവും അഞ്ജനക്കല്ലും അരച്ചു കലമാക്കി എണ്ണയോ വെളിച്ചെണ്ണയോ കാച്ചി തലയിൽ തേയ്ക്കുന്നതു മുടി കറുക്കാൻ നന്നാണ്. നീല അമരിയിലയും മഞ്ഞൾപൊടിയും അരച്ചു തൈരിൽ (മോരിൽ) കലക്കി തലയിൽ തേച്ചു കുളിക്കുന്നത് താരണം മാറുന്നതിനു നന്നാണ്. നീലഅമരി വേര് അരച്ചു പാലിൽ കഴിക്കുന്നത് എല്ലാ വിധ വിഷത്തിനും നന്നാണ്.
Share your comments