ഫ്രിഡ്ജിലെ ദുർഗന്ധമകറ്റാൻ...
ചീഞ്ഞ പച്ചക്കറികളും പഴങ്ങളും മീനും കറികളും ഫ്രിഡ്ജിൽ നിന്ന് മാറ്റാൻ മറന്നുപോകുന്നവർ മിക്കപ്പോഴും നേരിടുന്ന പ്രശ്നമാണ് ഫ്രിഡ്ജ് തുറക്കുമ്പോഴുള്ള ദുർഗന്ധം. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പ്രതിവിധിയായി നാരങ്ങാനീര് ഫലപ്രദമാണ്.
നാരങ്ങ രണ്ടായി മുറിച്ച് ഫ്രിഡ്ജിൽ വയ്ക്കുന്നതോ, ഒരു കോട്ടൺ പഞ്ഞിയിൽ നാരങ്ങ നീര് ഒഴിച്ച് വയ്ക്കുന്നതോ ഫ്രിഡ്ജിലെ ദുർഗന്ധം നീക്കാൻ സഹായിക്കും.
തുണിയിലെ കറ നീക്കാനും നാരങ്ങാനീര്...
തുണികളിലെ നിറം മങ്ങാതിരിക്കാനും കൂടാതെ, ഇളം നിറങ്ങളുള്ള തുണിത്തരങ്ങളിലെ കറ നീക്കാനും നാരങ്ങാ നീര് നല്ലതാണ്. തുണി സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ച് കഴുകുന്നതിന് ഒരു മണിക്കൂർ മുൻപ് നാരങ്ങാ നീരും ഉപ്പും കലർത്തിയ വെള്ളത്തിൽ തുണി മുക്കി വയ്ക്കാം.
ചെളിയും ചായ വീണ കറയുമൊക്കെ എളുപ്പത്തിൽ മായ്ച്ചു കളയാൻ നാരങ്ങാ നീരിന് സാധിക്കും.
നഖങ്ങൾക്ക് നിറം നൽകാൻ
നഖങ്ങളുടെ സ്വാഭാവിക നിറം മങ്ങുന്നതിനുള്ള പ്രധാന കാരണമാണ് പതിവായി നെയിൽ പോളിഷ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരവും നാരങ്ങാനീരിൽ ഉണ്ട്.
ഒരു കപ്പ് ചെറു ചൂട് വെള്ളത്തിൽ അര കഷ്ണം നാരങ്ങ പിഴിഞ്ഞൊഴിക്കുക. ഇതിൽ 5 മിനിറ്റ് നേരം വിരലുകൾ മുക്കി വയ്ക്കണം. കൈ കഴുകുന്നതിനു മുൻപ് നഖങ്ങളിൽ നാരങ്ങ തൊലി കൊണ്ട് തടവുക. ഇങ്ങനെ ചെയ്താൽ നഖത്തിന്റെ പഴയ നിറം തിരിച്ചുകിട്ടാൻ സഹായിക്കും.
ആപ്പിൾ ഫ്രഷ് ആയിരിക്കാനും നാരങ്ങാനീര്
മുറിച്ച ആപ്പിൾ നിറം മാറാതെ ഫ്രഷ് ആയിരിക്കാനും നാരങ്ങ ഉപയോഗിക്കാം. നാരങ്ങയുടെ ഏതാനും തുള്ളികൾ പിഴിഞ്ഞു ഒഴിച്ച ലായനിയിൽ മുറിച്ച ആപ്പിൾ കഷ്ണങ്ങൾ മുക്കിവയ്ക്കുക. നാരങ്ങയുടെ ലായനി ആപ്പിളിനെ തവിട്ട് നിറമാകാതെ ഫ്രഷായി സൂക്ഷിക്കുന്നു.
താരൻ എന്ന വില്ലനെതിരെ നാരങ്ങ പ്രയോഗിക്കാം
മുടി സംരക്ഷണത്തിന് പ്രതിസന്ധിയായുള്ള പ്രധാന വില്ലനാണ് താരൻ. താരൻ അകറ്റാൻ പല പോം വഴികളും ചെയ്തുനോക്കാറുണ്ട്. നാരങ്ങാനീര് പ്രയോഗിച്ച് താരനെതിരെ ഫലപ്രദമായ പ്രതിവിധി നേടാനാകും.
കുളിയ്ക്കുന്നതിന് മുൻപ് ചെറുനാരങ്ങയുടെ നീര് തലയിൽ പുരട്ടി 10 മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് തല കഴുകാം.
താരൻ ഉണ്ടാക്കുന്ന ഫംഗസിനെതിരെ അതിശയകരമായ രീതിയിൽ പ്രവർത്തിക്കാൻ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങൾക്കും സാധിക്കും. ഇതിന് പുറമെ, നാരങ്ങ നീരിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് മുടിയുടെ വേരുകളിൽ നിന്ന് താരനെ നീക്കം ചെയ്യുന്നു.
മുഖക്കുരു മാറ്റാനും ഉത്തമം നാരങ്ങാനീര്
മുഖക്കുരു പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർ നാരങ്ങാനീര് നേരിട്ട് പുരട്ടുകയോ പഞ്ഞി കഷ്ണത്തിൽ പുരട്ടി ഉപയോഗിക്കുന്നതോ മുഖക്കുരു മാറ്റാൻ സഹായിക്കും. ഇങ്ങനെ പുരട്ടിയതിന് പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകാം. മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാനും നാരങ്ങാനീര് ഗുണം ചെയ്യും.
Share your comments