ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഓരില. ദശമൂലത്തിൽപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഓരില .ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും ഓരില കാണപ്പെടുന്നുണ്ടങ്കിൽ കേരളം ,അസ്സം ബംഗാൾ എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്നു .
ഓരോ ഇലകൾ ഇടവിട്ട് ഉണ്ടാകുന്നതു കൊണ്ടാണ് ഈ ചെടിക്ക് ഓരില എന്നു പേര് വരാൻ കാരണം .പടർന്നു വളരുന്ന ഒരു കുറ്റിച്ചെടിയാണ് ഓരില ഇതിന്റെ പൂക്കൾ വയലറ്റ് നിറത്തിലും അപൂർവ്വമായി വെള്ളനിറത്തിലും കാണപ്പെടുന്നു .
പ്രധാന ഉപയോഗം
ഹൃദയപേശികളെ ബലപ്പെടുത്തുവാനാണ് ഓരില ഉപയോഗിക്കുന്നത് .കൂടാതെ വാതസംബന്ധമായ രോഗങ്ങൾക്കും തലച്ചോർ സംബന്ധമായ രോഗങ്ങൾക്കും ഓരില
പ്രതിവിധിയായി ഉപയോഗിക്കുന്നു .രസോനാദി കഷായത്തിലെ പ്രധാന ചേരുവ ഒരിലയാണ്. ഹൃദ്രോഗം,കൊളസ്ട്രോൾ വർധിച്ചതു മൂലമുണ്ടാകുന്ന രോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായ ഔഷധമാണ് രസോനാദി കഷായം .ഓരിലയുടെ വേരും ചിലപ്പോൾ സമൂലമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു.
വാതപിത്തകഫങ്ങളെ നിയന്ത്രിക്കുകയും ശോഫം ശമിപ്പി ക്കുകയും ഹൃദയപേശികളെ ബലപ്പെടുത്തുകയും വിഷത്തെ നശിപ്പിക്കുകയും ചെയ്യുന്നു.
ഓരിലവേരും അതിന്റെ നാലിലൊരു ഭാഗം ജീരകവും കൂടി ചതച്ചിട്ട് പാലു കാച്ചി കഴിക്കുന്നത് ഹൃദ്രോഗത്തിനു നന്നാണ്. കൂടാതെ ഹൃദയസ്രോതസ്സുകൾക്ക് ബലത്തെയും പ്രദാനം ചെയ്യുന്നു. ഓരിലവേര് കഷായമാക്കി അതുതന്നെ കല്ക്ക്മാക്കി നൊച്ചി കഴിക്കുന്നത് ശിരോമന്ദതയ്ക്കും മാനസികവിഭ്രാന്തിക്കും വിശേഷമാണ്.
ഓരില വേരും ജീരകവും കൂടി കഷായം വെച്ച് 25 മില്ലി വീതം ത്രിഫലപ്പൊടി മേമ്പൊടി ചേർത്ത് ദിവസം രണ്ടു നേരം സേവിക്കുന്നത് ഹൃദ്രോഗത്തിനും ശരീരഭാരത്തിനും ശ്വാസതടസ്സത്തിനും നന്നാണ്. ഓരില വേര് അരച്ച് പാൽക്കഞ്ഞി വെച്ചു കഴിക്കുന്നത് മനോബലത്തിനും ഉറക്കക്കുറവിനെ അകറ്റി ആരോഗ്യത്തെ പ്രദാനം ചെയ്യുന്നതിനും നന്നാണ്.
ഓരിലവേരും അമുക്കുരവും ജീരകവും കൂടി ചതച്ചു പാലുകാച്ചി കഴിക്കുന്നത് പ്രസവാനന്തരം ഹൃദയം ശോഷിച്ച് സ്പന്ദനം മന്ദീഭവിച്ചിട്ടുള്ളവർക്ക് ഏറ്റവും പ്രയോജനപ്രദമാണ്.
Share your comments