മാമ്പഴത്തെ രാജഫലമായി ചിത്രീകരിക്കുമ്പോൾ പപ്പായയെ പാവപ്പെട്ടവന്റെ പഴമായി ചമൽക്കാരപൂർവം പറഞ്ഞു വരുന്നു. ഇത് തികച്ചും അർത്ഥവത്തായ വർഗീകരണമാണെന്ന് പപ്പായയുടെ ഗുണമേന്മ മറ്റു പഴങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വ്യക്തമാകും. പഴങ്ങളുടെ ഗുണമേന്മയിൽ ഇടിവു വരുത്തുന്ന ഘടകമായ ഓക്സാലിക് അമ്ലത്തിന്റെ അളവ് ആപ്പിൾ, ചക്കപ്പഴം, മുന്തിരിങ്ങ, സീതപ്പഴം തുടങ്ങിയവയെക്കാൾ കുറവായ തോതിലാണ് പപ്പായയിലുള്ളത്. അതിന്റെ ഹൃദ്യവും, സൗമ്യവുമായ സ്വാദിനു കാരണം ഇതാണെന്നു കരുതുന്നവരുമുണ്ട്.
പഞ്ചസാരയെ ഭയന്ന് പഴങ്ങൾ നിത്യഭക്ഷണത്തിലുൾപ്പെടുത്താൻ മടിക്കുന്ന പ്രമേഹരോഗികൾക്കും, സോഡിയത്തിന്റെ അംശം കൂടുമെന്നു ഭയക്കുന്ന രക്തസമ്മർദം കൂടുതലുള്ള രോഗികൾക്കും, ഒരു പേടിയും കൂടാതെ ആവോളം കഴിക്കാവുന്ന ഒരു ഫലമാണ് പപ്പായ. എന്തെന്നാൽ ആപ്പിൾ, വാഴപ്പഴം, മുന്തിരിങ്ങ, ഓറഞ്ച് മുതലായവയുമായി തട്ടിച്ചുനോക്കുമ്പോൾ പപ്പായയിൽ അന്നജത്തിന്റെയും സോഡിയത്തിന്റെയും അളവ് വളരെ കുറവാണ്. എല്ലാവർക്കും നിത്യഭക്ഷണത്തിൽ നിസ്സങ്കോചം ഉൾപ്പെടുത്താവുന്ന പപ്പായ അക്കാരണത്താൽ സാധാരക്കാരന്റെ പഴമായി അംഗീകാരം നേടിയിരിക്കുന്നു. നല്ല ഇനം പഴങ്ങൾ ഏതാണ്ട് പത്തു ദിവസം വരെ കേടുകൂടാതെയിരിക്കുമെന്നുള്ളതും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പപ്പായ ഉപയോഗിക്കുന്നതിന് അനുകൂലമായ ഘടകമാണ്.
നേർത്ത പുറം തൊലി മാറ്റിയാൽ ഒരു പഴമെന്ന നിലയിൽ ബാക്കി മുഴുവൻ ഭക്ഷ്യയോഗ്യമായിട്ടുള്ളതാണ് പപ്പായ. മാമ്പഴം ഒഴിവാക്കിയാൽ ജീവകം ഏ (കരോട്ടീൻ) ഏറ്റവും കൂടുതലുള്ളത് പപ്പായയിലാണ്. നന്നായി പഴുക്കുമ്പോൾ കടുത്ത മഞ്ഞനിറമുള്ള പപ്പായയിൽ കരോട്ടിനു പുറമേ കാരിസാന്തിൻ എന്ന അപായരഹിതമായ വർണവസ്തുവുമുണ്ട്. അതായത് കാരറ്റ്, ബീറ്റ്റൂട്ട്, ഇലക്കറികൾ ഇവയിലടങ്ങിയിരിക്കുന്നിടത്തോളം തന്നെ കരോട്ടിൻ പഴുത്ത പപ്പായയിലും അടങ്ങിയിരിക്കുന്നു.
നിത്യഭക്ഷണത്തിൽ പപ്പായ ഉൾപെടുത്തിയാൽ ജീവകം എ, ജീവകം സി ഇവ ശരീരത്തിനു വേണ്ടത്ര ലഭ്യമാകുമെന്നുറപ്പാക്കാം. ജീവകം എ യുടെയും, സിയുടെയും രോഗപ്രതിരോധശക്തി പ്രസിദ്ധമാണല്ലോ. ജീവകം എയുടെ കുറവുകൊണ്ടുണ്ടാകുന്ന മാലക്കണ്ണിനെ ചെറുക്കാൻ നിർദേശിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളിൽ ഏറ്റവും ചിലവുകുറഞ്ഞ ഒന്നെന്ന നിലയിലും പപ്പായ പ്രാധാന്യമർഹിക്കുന്നു. സാധാരണ പഴങ്ങളെ അപേക്ഷിച്ച് മറ്റൊരു ആകർഷണീയത ഇതിന്റെ വിലക്കുറവും, വർഷത്തിൽ എല്ലാ കാലവും ഇത് ലഭ്യമാണെന്നതുമാണ്.
Share your comments