അതിവേഗം (രണ്ടു മുതൽ മൂന്നു മാസത്തിനകം) മൂപ്പെത്തുന്ന ജലത്തിന്റെ ഉപയോഗം ഏറ്റവും കുറച്ചുമാത്രം വേണ്ടിവരുന്ന പനിവരകിന് വരൾച്ചയെ അതിജീവിക്കാനുള്ള സവിശേഷമായ കഴിവുണ്ട്. വരണ്ട കാലങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിളയാണിത്. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ കാലവർഷത്തിന്റെ ആരംഭത്തോടുകൂടി കൃഷി തുടങ്ങാം. എന്നാൽ ജലസേചിത പ്രദേശങ്ങളിൽ മൂന്നാം വിളക്കാലമാണ് ഏറ്റവും അനുയോജ്യം.
ഏതുതരം മണ്ണും പനിവരകിന് യോജ്യമാണ്. എന്നാൽ നല്ല നീർവാർചയുള്ള ജൈവാശം കൂടുതലുള്ള മണൽ കലർന്ന മണ്ണാണ് കൃഷിക്ക് ഏറെ ഉപയുക്തം.
CO-2, CO-3, CO-5 തുടങ്ങിയ ഇനങ്ങൾ കൃഷിയ്ക്ക് അനുയോജ്യമായി കണ്ടു വരുന്നു. വരിവരിയായി നടുമ്പോൾ ഹെക്ടറൊന്നിന് 10 കിലോയും നേരിട്ടു വിതയ്ക്കുമ്പോൾ 15 കിലോ ഗ്രാം വിത്തും വേണ്ടിവരുന്നു. വരികൾ തമ്മിൽ 25 സെ.മീറ്ററും ചെടികൾ തമ്മിൽ 10 സെ.മീറ്ററും അകലം ഉണ്ടായിരിക്കണം. അടിവളമായി ഹെക്ടറൊന്നിന് 5 ടൺ ജൈവവളവും 40 20 കിലോഗ്രാം എന്ന തോതിൽ നൈട്രജൻ ഫോസ്ഫറസും നൽകണം.
വർഷകാലത്ത് കൃഷിയിറക്കുമ്പോൾ ജലസേചനം പൂർണ്ണമായും ഒഴിവാക്കാം. എന്നിരുന്നാലും ചിനപ്പുകൾ പൊട്ടുന്ന സമയത്ത് ഉണക്ക് അനുഭവപ്പെടുകയാണെങ്കിൽ മണ്ണിനും കാലാവസ്ഥയ്ക്കും അനുസൃതമായി രണ്ടു മുതൽ നാലുവരെ നന നൽകണം. വേരുകൾ മണ്ണിന്റെ ഉപരിതലങ്ങളിൽ മാത്രം. വ്യാപരിക്കുന്നതു കൊണ്ടാണ് നനയ്ക്കുമ്പോൾ കൂടുതൽ ആഴത്തിൽ വെള്ളം നൽകുന്നത് ഒഴിവാക്കേണ്ടതാണ്.
രണ്ടു മുതൽ മൂന്നു മാസത്തിനകം വിളവെടുക്കാവുന്നതാണ്. കതിർകുലകളുടെ മുകൾഭാഗത്തെ ധാന്യമണികൾ വിളഞ്ഞു വിളവെടുക്കാൻ പാകമാകുമ്പോൾ താഴെയുള്ളവ മൂപ്പെത്തിക്കഴിഞ്ഞിട്ടുണ്ടാവുകയില്ല. ആയതിനാൽ കതിർകുലയിൽ മൂന്നിൽ രണ്ടു ഭാഗത്തോളം ധാന്യമണികൾ വിളഞ്ഞു പാകമാകുമ്പോൾ വിളവെടുക്കാവുന്നതാണ്. രണ്ടു മുതൽ രണ്ടര ടൺവരെ ധാന്യവും അഞ്ചു മുതൽ ആറ് ടൺ വരെ വയ്ക്കോലും ലഭിക്കുന്നു.
Share your comments