തുമ്മൽ ഒരിക്കലും പിടിച്ചുവയ്ക്കരുത്. കാരണം തുമ്മൽ ശരീരത്തിൽ കാര്യമായ മർദ്ദം സൃഷ്ടിക്കുന്നു, ഈ സമ്മർദ്ദം പിടിച്ചു നിർത്തുമ്പോൾ തൊണ്ട, ചെവി തുടങ്ങി പല അവയവങ്ങൾക്കും കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗുരുതരമായ കേസുകളിൽ കണ്ണുകളിലേയോ തലച്ചോറിലേയോ രക്തക്കുഴലുകൾക്ക് വരെ വിള്ളൽ ഉണ്ടാകാം.
സത്യത്തിൽ തുമ്മൽ നമ്മുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ശരീരത്തിൻറെ ഒരു പ്രതികരണമാണ്. നമ്മുടെ മൂക്കിലോ വായിലോ എല്ലാം നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന എന്തെങ്കിലും സൂക്ഷ്മമായ പദാര്‍ത്ഥങ്ങള്‍ - അത് പൊടിയോ, രോഗാണുക്കളോ എന്തുമാകാം - കയറിപ്പറ്റുന്നതിന് പിന്നാലെ ഇവയെ പുറത്താക്കാൻ ശരീരം തന്നെ കണ്ടെത്തുന്ന മാര്‍ഗമാണ് തുമ്മല്‍. നമ്മള്‍ ചിന്തിക്കുന്നതിനെക്കാളെല്ലാം വേഗതയിലാണ് തുമ്മല്‍ ഉണ്ടാകുന്നത്. അതിവേഗതയില്‍ പുറന്തള്ളേണ്ട പദാര്‍ത്ഥങ്ങളെ ശരീരം പുറന്തള്ളുകയാണ്. ഇത് പിടിച്ചുവയ്ക്കുമ്പോള്‍ അത് വലിയ ആഘാതമാണ് സൃഷ്ടിക്കുക.
- തുമ്മൽ ശരീരത്തിന് പ്രയാസമുണ്ടാക്കുന്ന വസ്‌തുക്കളെ പുറന്തള്ളുന്ന പ്രക്രിയ ആയതുകൊണ്ട് ഇതിനെ തടഞ്ഞുവയ്ക്കുമ്പോൾ ഈ വസ്‌തുക്കൾ ശരീരത്തിൽ നിന്ന് പുറത്ത് പോകാതിരിക്കുകയും ഇത് ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യുന്നു.
- വേഗതയില്‍ വരുന്ന തുമ്മല്‍ പിടിച്ചുവയ്ക്കുമ്പോള്‍ അത് തൊണ്ടയിലോ ചെവിയിലോ കണ്ണിലോ നെഞ്ചിലോ എല്ലാം പരുക്ക് വരുത്താൻ കാരണമാകാം. അതായത് തൊണ്ടയില്‍ ചെറി കീറല്‍ വീഴുക, ചെവിക്കകത്തെ മര്‍ദ്ദം മാറി ചെവിക്കല്ലിന് പരുക്ക് പറ്റുക, വാരിയെല്ലിന് പരുക്കേല്‍ക്കുക, കണ്ണിലെ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുക എന്നിങ്ങനെ പല അപകടസാധ്യതകളുണ്ട്. ചെവിക്കല്ലിന് കേട് പറ്റുന്നതിന് പുറമെ ചെവിയില്‍ അണുബാധയ്ക്കും ഇത് സാധ്യത വയ്ക്കുന്നു. തുമ്മലിലൂടെ പുറത്തുപോകേണ്ട രോഗാണുക്കള്‍ ചെവിക്കകത്തേക്ക് കൂടി എത്തുന്നതോടെയാണ് അണുബാധയ്ക്കുള്ള സാധ്യത വരുന്നത്.
അതുപോലെ തുമ്മല്‍ പിടിച്ചുവച്ചതിന് പിന്നാലെ ഇരട്ടി ശക്തിയില്‍ തുമ്മല്‍ പുറത്തേക്ക് വരുന്നത് വാരിയെല്ലില്‍ പൊട്ടല്‍ വരെയുണ്ടാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ തുമ്മല്‍ ഒരിക്കലും പിടിച്ചുവയ്ക്കരുത്.
Share your comments