ഇഞ്ചിയും കൂവയും ഉൾപ്പെടുന്ന സസ്യകുടുംബത്തിലെ അംഗമാണ് മഞ്ഞൾച്ചെടി. സുഗന്ധവ്യഞ്ജനമായ മഞ്ഞളിന് ഭക്ഷണപദാർഥങ്ങൾക്ക് നിറം നൽകുന്നതിനൊപ്പം ആഹാരത്തിലടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ നശിപ്പിക്കുന്നതിനും അസാമാന്യ കഴിവുണ്ട്. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ പലയിടങ്ങളിലും മഞ്ഞൾ കൃഷി ചെയ്‌തു വരുന്നു. വീട്ടു വളപ്പുകളിൽ ഔഷധസസ്യമായും സുഗന്ധവ്യഞ്ജനമായും നട്ടു പരിപാലിക്കുന്നവയിൽ പ്രധാനിയാണ് മഞ്ഞൾ,
ഇഞ്ചി പോലെ മഞ്ഞളിന്റെയും മുളപ്പോടു കൂടിയ മൂലകാണ്ഡഭാഗമാണ് നടീൽ വസ്തുവായി ഉപയോഗിക്കുക. പാതി തണൽ കിട്ടുന്നിടങ്ങളിൽ തടങ്ങൾ തയ്യാറാക്കിയാണ് മഞ്ഞൾ നടുന്നത്. തെങ്ങിൻതോപ്പിലും കവുങ്ങിൻതോപ്പിലും ഇടവിളയായി മഞ്ഞൾ കൃഷിചെയ്യാം. ഇടവപ്പാതി ആരംഭത്തിലാണ് നമ്മുടെ നാട്ടിൽ മഞ്ഞളിൻ്റെ കൃഷി ആരംഭിക്കുക. മഞ്ഞൾ നട്ട് വിളവെടുക്കുവാൻ ഏകദേശം ആറു മാസം വേണ്ടി വരും.
ഔഷധ പ്രാധാന്യം:
മഞ്ഞൾപ്പൊടിയും വേപ്പിൻ്റെ ഇലയും ചേർത്ത് അരച്ചുണ്ടാക്കുന്ന കുഴമ്പ് പല ത്വക്‌രോഗങ്ങൾക്കും പ്രതിവിധിയാണ്.
വിളറി വെളുത്തിരിക്കുന്നവർ (അനീമിക്) പച്ചമഞ്ഞളിൻ്റെ നീരും അല്പം തേനും ചേർത്ത് ദിവസവും ഒരു സ്‌പൂൺ വീതം കുടിക്കുന്നത് രക്തവർധനയുണ്ടാക്കും.
ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി ഒരു ഗ്ലാസ് പാലിൽ ചേർത്ത് ദിവസവും 2-3 തവണ വെറും വയറ്റിൽ കുടിക്കുന്നത് ആസ്‌മയ്ക്ക് ശമനം കിട്ടാൻ സഹായിക്കും.
കടന്നൽ കുത്തിയാൽ കുത്തിയ ഭാഗത്ത് പച്ചമഞ്ഞൾ പുരട്ടിയാൽ മതിയാകും.
മൈലാഞ്ചിയുടെ ഇല പച്ചമഞ്ഞൾ ചേർത്ത് അരച്ച് കുഴിനഖത്തിൽ ഇട്ടാൽ കുഴിനഖം മാറിക്കിട്ടും.
പച്ചമഞ്ഞൾ നന്നായി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ചു കഴിച്ചാൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന കൃമിശല്യം മാറിക്കിട്ടും.
തലവേദന അകറ്റാൻ പച്ചമഞ്ഞൾ വെള്ളം ചേർത്ത് അരച്ച് നെറ്റിയിൽ പുരട്ടിയാൽ മതിയാകും.
ഇളം ചൂടുള്ള പാലിൽ മഞ്ഞൾപ്പൊടിയും ശർക്കരയും ചേർത്ത് കഴിക്കുന്നത് തൊണ്ട വേദനയ്ക്കും ശരീരവേദനയ്ക്കും പ്രതിവിധിയാണ്.
മഞ്ഞൾപ്പൊടി കലർത്തിയ വെള്ളത്തിൽ ഒരു തുണികഷണം മുക്കി ഉണക്കിയ ശേഷം കണ്ണുകൾ തുടച്ചാൽ ചെങ്കണ്ണിന് ശമനം കിട്ടും.
കറന്നെടുത്ത പശുവിൻ പാലിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കണം. കാച്ചിയെടുത്ത് പുലർച്ചെ ഭക്ഷണത്തിനു മുൻപ് കുടിച്ചാൽ വലിവിനും ആസ്തമയ്ക്കും ശമനം കിട്ടും.
കുട്ടികളിലെ കൃമിശല്യത്തിന് പച്ചമഞ്ഞളും ബ്രഹ്മിയും സമം ചേർത്ത് ചതച്ച് നീരെടുത്ത് ദിവസവും രാവിലെ കഴിച്ചാൽ മതിയാകും.
തൊണ്ട് കുത്തൽ ശമിക്കുവാൻ 2 ഗ്രാം മഞ്ഞൾ പൊടി 2 സ്പൂൺ തേനിൽ ചേർത്ത് കുഴച്ച് ദിവസവും 2 നേരം കഴിക്കുന്നത് പ്രയോജനം ചെയ്യും.
10 ഗ്രാം മഞ്ഞൾപ്പൊടി 50 ഗ്രാം തൈരിൽ ചേർത്ത് നിത്യവും 2-3 തവണ കഴിച്ചാൽ മഞ്ഞപ്പിത്തം മാറിക്കിട്ടും.
മഞ്ഞൾപ്പൊടിയും ചെറുനാരങ്ങാനീരും ചേർത്തു കുഴമ്പാക്കി ദിവസവും രാത്രി കിടക്കും മുൻപ് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂർ കഴിഞ്ഞ് ചെറുചുടു വെള്ളത്തിൽ കഴുകി കളയുന്നത് മുഖം മിനുസമാകാനും, മുഖക്കുരു, ചുളിവുകൾ, കറുത്തപാടുകൾ അകറ്റാനും ഉപകരിക്കും
Share your comments