റോസാപ്പൂവ് ഔഷധഗുണത്തിൽ ശരീരത്തെ തണുപ്പിക്കും; രക്തത്തെ നിയന്ത്രിക്കും, രക്തപിത്തത്തെയും കഫത്തെയും ശമിപ്പിക്കും.
റോസാപ്പൂക്കൾ ശുദ്ധജലത്തിലിട്ടു മഞ്ഞുകൊള്ളിച്ച് ഒരു രാത്രികഴിഞ്ഞ് കണ്ണിൽ ധാരയൊഴുക്കുന്നത് നേത്രാഭിഷ്യന്ദം എന്ന രോഗത്തിനു നന്നാണ്. ശരീരത്തുണ്ടാകുന്ന നീർക്കെട്ടുകൾക്ക് റോസാപ്പൂക്കളും കണ്ടിവെണ്ണയും കൂടി അരച്ചു ലേപനം ചെയ്യുക.
താമരമുള്ളിന് (കാരയ്ക്ക്) റോസാപ്പൂക്കളരച്ച് വെണ്ണയിൽ സേവിക്കുന്നതും കാരയുള്ള ഭാഗത്ത് ലേപനം ചെയ്യുന്നതും നന്നാണ്.
കൊച്ചുകുട്ടികൾക്ക് സ്ഥിരമായുണ്ടാകുന്ന പനിക്ക് റോസാപ്പൂകളിട്ടു വെളിച്ചെണ്ണ കാച്ചി തലയിൽ തേച്ചു കുളിക്കുന്നത് വിശേഷമാണ്. കാസവികാരങ്ങൾക്കും ചുമയ്ക്കും ചുക്ക്, കുരുമുളക്, ചെറു തിപ്പലി, ജീരകം ഇവ സമമായെടുത്ത് ഇരട്ടി റോസാപ്പൂവും ചേർത്ത് വറുത്തുപൊടിച്ച് നേർപകുതി പനം കൽക്കണ്ടം ചേർത്ത് തുടരെ കഴിക്കുക.
റോസാപ്പൂവ് അമുക്കുരം, 200 ഗ്രാംവീതം കോലരക്ക്, ജീരകം, ചുക്ക്, ചെറുതിപ്പലി ഇവ 50 ഗ്രാം വീതം ഏലക്കായ്, ഇലവർങം, പച്ചില ഇവ 25 ഗ്രാംവീതം - എല്ലാം കൂടി ഉണക്കിപ്പൊടിക്കുക. ഒരു കിലോ കൽക്കണ്ടം നാലു ലിറ്റർ കരിക്കിൻ വെള്ളത്തിൽ കലക്കി അടുപ്പിൽ വച്ച് പാവാക്കി ലേഹ്യപാകത്തിൽ മേൽപ്പറഞ്ഞ പൊടി ചേറി മർദ്ദിച്ച് ആറിയതിനുശേഷം അര ലിറ്റർ പശുവിൻ നെയ്യും 200 മില്ലി തേനും ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് കാറ്റുകയറാത്ത വിധം പാത്രത്തിലാക്കി നെല്ലിൽ കുഴിച്ചിട്ട് ഒരു മാസം കഴിഞ്ഞ് ഓരോ ടേബിൾസ്പൂൺ വീതം കാലത്തും വൈകിട്ടും സേവിക്കുകയും അനുപാനമായി പാലു കുടിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ക്ഷയം, കാസം, ഉരക്ഷതം, ഹൃദ്രോഗം തുടങ്ങിയ മഹാരോഗങ്ങൾക്കും അതിവിശേഷമാണ്. പ്രത്യേക പഥ്യമൊന്നുമില്ല.
Share your comments