പ്രാചീനകാലം മുതൽ ഭാരതീയർ ചന്ദനം സുഗന്ധദ്രവ്യമായും ഔഷധമായും ഉപയോഗിച്ചു വരുന്നുണ്ട്. ഭാരതത്തിൽ നിന്ന് പല വിദേശരാജ്യങ്ങളിലേക്കും ചന്ദനവും ചന്ദനത്തൈലവും കയറ്റിയയച്ചു വരുന്നു. ഹൈന്ദവപുരാണങ്ങളിൽ ചന്ദനത്തെക്കുറിച്ച് പലേടത്തും പ്രതിപാദിച്ചിട്ടുണ്ട്. സുഗ്രീവൻ്റെ വാനരസൈന്യം താമ്രപർണീനദിയുടെ തീരത്ത് ധാരാളം ചന്ദനത്തോപ്പുകൾ കണ്ടിരുന്നു
ചന്ദനവും കർപ്പൂരവും സമമെടുത്ത് പനിനീരിൽ അരച്ചുകലക്കി അരിച്ചെടുത്ത് മൂക്കിൽ ഇറ്റിച്ചാൽ തലവേദന മാറി കിട്ടും.
ചന്ദനം അരച്ചെടുത്ത് നവസാരവും ചേർത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക. ചുണങ്ങ് മാറി കിട്ടും.
ചന്ദനം പനിനീരിൽ ചാലിച്ച് പുരട്ടുന്നത് ചൂടുകുരുവിനുള്ള പ്രതിവിധിയാണ്.
ചന്ദനം ചാണയിലരച്ച് നെറ്റിയിൽ നല്ല കനത്തിൽ പൂശുക. ഒരു മണിക്കൂർ ഇടവിട്ട് ഇത് ചെയ്‌താൽ തലവേദനയ്ക്ക് ശമനം കിട്ടും.
മുലപ്പാൽ ശുദ്ധീകരിക്കുവാൻ, ചന്ദനം അരച്ചു കഴിക്കുന്നത് ഉപകരിക്കും.
ചന്ദനം, ആടലോടകം, ജീരകം ഇവ സമം ചേർത്ത് പാത്രത്തിലാക്കി പാത്രത്തിന്റെ വായ മൂടിക്കെട്ടി ആവിയിൽ വേവിക്കുക. വെന്തു കഴിഞ്ഞാൽ അരച്ചു കഴിച്ചാൽ ആസ്‌ത്‌മയ്ക്ക് കുറവുണ്ടാകും.
ചന്ദനവും നെല്ലിക്കയും ചേർത്തരച്ചെടുത്ത് മുലപ്പാലിൽ ചാലിച്ച് നെറ്റിയിൽ ഇട്ടാൽ തലവേദനയ്ക്ക് ശമനം കിട്ടും.
ചന്ദനം അരച്ച് മുലപ്പാലിൽ ചേർത്തു നസ്യം ചെയ്‌താൽ കുഞ്ഞുങ്ങളുടെ ഛർദ്ദിക്ക് കുറവുണ്ടാകും.
ചന്ദനം, നന്നാറി, ജീരകം ഇവ കറുക നീരിലരച്ചുകഴിക്കുന്നത് അതിസാരത്തിന് പ്രതിവിധിയാണ്.
ചന്ദനവും ജീരകവും സമം എടുത്ത് പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി ദിവസവും 1-2 പ്രാവശ്യം വീതം കഴിച്ചാൽ വെള്ളപോക്ക് ഭേദമാകും.
ചന്ദനവും നെല്ലിക്കയും അരച്ചു തലയിൽ തേച്ചു കുളിച്ചാൽ വേനൽ ചൂടിന് ആശ്വാസം ലഭിക്കും.
Share your comments