ആരംഭദശയിൽ രോഗം നിർണ്ണയിക്കാൻ കഴിയുമെങ്കിൽ മിക്ക ക്യാൻസർ രോഗങ്ങളും ചികിൽസിച്ചു മാറ്റാവുന്നതാണ്. പക്ഷെ ചില ക്യാന്‍സർ രോഗങ്ങൾ ലക്ഷണങ്ങള്‍ വെച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത, ലക്ഷണങ്ങൾ ഒളിഞ്ഞിരിക്കുന്ന ചില ക്യാന്‍സറുകളെയും അവയുടെ പ്രാരംഭ ലക്ഷണങ്ങളെയും കുറിച്ചാണ് വിവരിക്കുന്നത്.
- പാൻക്രിയാറ്റിക് ക്യാൻസറിൻറെ ലക്ഷണങ്ങള്‍ പെട്ടെന്ന് വെളിയിൽ വരാത്തവയാണ്. വയറിന്‍റെ മുകള്‍ ഭാഗത്തെ വേദനയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ഒരു പ്രധാന ലക്ഷണം. സ്ഥിരമായുള്ള ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം വയറിനുള്ളില്‍ അസ്വസ്ഥത മലവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങള്‍, ശരീരഭാരം കുറയുക തുടങ്ങിയവയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍.
- ബ്രെയിന്‍ ക്യാന്‍സര്‍ പലപ്പോഴും ലക്ഷണങ്ങള്‍ വെച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. തലവേദന, ക്ഷീണം, വൈജ്ഞാനിക പ്രവർത്തനത്തിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇവയുടെ ലക്ഷണങ്ങളും പലപ്പോഴും ആദ്യം തിരിച്ചറിയാതെ പോകാം.
- സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. ഇവയുടെ ലക്ഷണങ്ങളും ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാതെ പോകാം. അടിവയറ്റില്‍ വലിയ മുഴ പോലെ അനുഭവപ്പെടുന്നതും എപ്പോഴും വയറു വീര്‍ത്തിരിക്കുന്നതുമാണ് അണ്ഡാശയ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍. അതുപോലെ വയറുവേദന, ഇടുപ്പു വേദന, ദഹനപ്രശ്നങ്ങൾ, വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, വയറിന്‍റെ വലുപ്പം കൂടുക, കടുത്ത മലബന്ധം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം തുടങ്ങിയവയൊക്കെ ഇതിന്‍റെ ലക്ഷണമാകാം.
- അസിഡിറ്റി, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, ശരീരഭാരം പെട്ടെന്ന് കുറയുക പോലെയുള്ള സാധാരണ ലക്ഷണങ്ങളാണ് അന്നനാളത്തിലെ ക്യാൻസറിന്‍റെ ആദ്യ സൂചനകള്‍.
ബന്ധപ്പെട്ട വാർത്തകൾ: PCOS: സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയങ്ങളെക്കുറിച്ചറിയാം...
- വിട്ടുമാറാത്ത ചുമയാണ് ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യം ലക്ഷണം. അതുപോലെ നെഞ്ചിലെ അസ്വസ്ഥത, ശ്വസിക്കാനുളള ബുദ്ധിമുട്ട് ഇതൊക്കെ പലപ്പോഴും ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളുടെ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാം.
- മൂത്രത്തില്‍ രക്തം കാണപ്പെടുന്നതാണ് കിഡ്നി ക്യാൻസറിന്റെ ഒരു പ്രധാന ലക്ഷണം. ഇത് പലരും ശ്രദ്ധിക്കാതെ പോകാം. മൂത്രം പിങ്ക്, ചുവപ്പ് എന്നീ നിറത്തില്‍ കാണപ്പെടുക, വൃക്കയില്‍ മുഴ, നടുവേദന അതായത് നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, എന്നിവയാണ് കിഡ്നി കാൻസറിൻറെ വളരെ സാധാരണമായ ലക്ഷണങ്ങൾ.
Share your comments