പണ്ടു കാലത്ത് തെങ്ങും തേങ്ങയും സമൃദ്ധമായിരുന്ന കാലത്ത് ഓരോ തവണ തേങ്ങയിടുമ്പോഴും കറിയ്ക്കരയ്ക്കാൻ കുറേ തേങ്ങ തേങ്ങാപ്പുരയിൽ മാറ്റിയിടുന്ന പതിവുണ്ടായിരുന്നു. ഇതിൽ ചിലത് അവിടെക്കിടന്ന് മുളയ്ക്കാൻ തുടങ്ങും. ചിരകാൻ പൊട്ടിച്ചു നോക്കുമ്പോഴാണ് ഉള്ളിൽ ഓർക്കാപ്പുറത്തൊരു മധുര വിഭാവം കാണുന്നത് - ഇതാണ് പൊങ്ങ്.
പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ല ഈ മധുര വിഭവം. ഒരു പക്ഷേ ഷോപ്പിങ് മാളുകളിലോ ഫുഡ് കോർട്ടിലോ ഹോട്ടലുകളിലോ ജ്യൂസ് പാർലറുകളിലോ ഒക്കെ 'ഫ്രഷ് പൊങ്ങ്' വിൽക്കുന്നവരുമുണ്ട്. ഗ്രാമിന് 50 പൈസ വില; കിലോയ്ക്ക് 500 രൂപ. നുറുക്കി 30 ഗ്രാം പായ്ക്കറ്റുകളിലാക്കിയാൽ പായ്ക്കറ്റൊന്നിന് 15 രൂപ വില.
തെങ്ങു കൃഷിയുള്ളിടങ്ങളിലെല്ലാം തെങ്ങിൻ്റെ പൊങ്ങ് (haustorium) കോക്കനട്ട് ആപ്പിൾ എന്നാണറിയപ്പെടുന്നത്. ആപ്പിളിൽ കിടപിടിക്കുന്നതാണ് ഇതിന്റെ പോഷകമൂല്യം. ജീവകങ്ങളായ ബി1, ബി3, ബി5, ബി6, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനീയം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇതിലടങ്ങിയിരിക്കുന്നു. ആരോഗ്യത്തിന് ഗുണകരമല്ലാത്ത കൊഴുപ്പ് തീരെ കുറവും. ശരീരത്തിനു വേണ്ടുന്ന നാരും കാർബോഹൈഡ്രേറ്റും സുലഭം. ഒരാൾ ദിവസവും 30 ഗ്രാം മുതൽ 50 ഗ്രാം വരെ പൊങ്ങ് കഴിക്കുമെങ്കിൽ ആരോഗ്യത്തിനുത്തമം.
പൊങ്ങിന്റെ ആരോഗ്യസംരക്ഷക മേന്മകൾ ഒറ്റനോട്ടത്തിൽ
. സൂക്ഷ്മാണുക്കളെ നശിപ്പിക്കാൻ കഴിവുള്ളതിനാൽ ശരീരത്തിന് രോഗപ്രതിരോധശേഷി തരും.
. ദ്രുതഊർജലഭ്യതയുടെ പ്രകൃതിദത്ത സ്രോതസ്സാണ് പൊങ്ങ്. അതിനാൽ കഠിനാധ്വാനികൾക്കും കായികതാരങ്ങൾക്കും ഉത്തമം.
. പോഷകങ്ങളുടെ ആഗിരണവും ദഹനവും ശരീരത്തിൽ ത്വരിതപ്പെടുത്തുന്നു.
. ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെടുത്തി പ്രമേഹബാധ ചെറുക്കുന്നു.
. സ്വതന്ത്രറാഡിക്കലുകൾ നീക്കുന്നതു നിമിത്തം ശരീരത്തിനുണ്ടാകുന്ന അകാലവാർധക്യവും മറ്റ സുഖങ്ങളും പ്രതിരോധിക്കാൻ സഹായിക്കുന്നു.
. അർബുദ പ്രതിരോധശേഷി.
. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു, നല്ല കൊളസ്ട്രോളിന്റെ (HDL) അളവ് വർധിപ്പിക്കുന്നു.
• തൈറോയിഡിൻ്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നു.
. ശരീരഭാരം കുറയാൻ സഹായിക്കുന്നു.
. ചർമസംരക്ഷണത്തിനും മുടിയുടെ സമൃദ്ധിക്കും സഹായകം
Share your comments