പഞ്ചസാര പ്രധാനമായി കരിമ്പിൽ നിന്നാണല്ലോ ഉണ്ടാക്കുന്നത്. പഞ്ചസാര അങ്ങനെതന്നെ തിന്നുന്നതു നല്ലതല്ല. അങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് അതിസാരം, ടൈഫോയ്ഡ്, കോളറ മുതലായ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്നറിയുന്നു. അതുകൊണ്ട് ചൂടുള്ള പദാർഥങ്ങളിൽ ചേർത്തു കൊടുക്കുന്നതാണ് ഉത്തമം. സ്ത്രീകൾക്കുണ്ടാകുന്ന രക്തംപോക്കിന് താമരയല്ലി അരച്ച് പഞ്ചസാരയും വെണ്ണയും ചേർത്തു കൊടുക്കുന്നതു നന്ന്.
പഞ്ചസാര, തേൻ ഇവ ചേർത്ത് നെയ്യ് സേവിച്ചതിനു ശേഷം പാൽ കുടിച്ചാൽ മെലിഞ്ഞവർ തടിക്കും. എന്നാൽ നെയ്യും തേനും സമമായി ചേർക്കരുത്. അങ്ങനെ ചേർത്താൽ വിഷഫലമാണ്.
പഞ്ചസാര കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയിൽ ഫോർമിക് ആസിഡിന്റെ അംശമുള്ളതിനാൽ അത് ഒരു അണുനാശിനിയായി വർത്തിക്കുന്നു. പഞ്ചസാര വെയിലത്തു വച്ച് മുറിവുകളിൽ വിതറിയാൽ രക്തസ്രാവം ശമിക്കും എന്ന് വീട്ടമ്മമാർക്ക് അറിയാവുന്ന ഒരു ചികിത്സയാണ്. അധികം മധുരം കഴിക്കുന്നതു കൊണ്ടാണ് മധുമേഹം വരുന്നതെന്ന് ഒരു പക്ഷമുണ്ട്. (അതു ശരിയാണെന്നു തോന്നുന്നില്ല) എന്തായാലും അതേ മധുരം കൊണ്ട് അതിന് സിദ്ധർ പ്രതിവിധിയും നൽകുന്നുണ്ട്.
പഞ്ചസാര ഒരു മൺചട്ടിയിലിട്ടു വറുത്ത് ചുവന്ന നിറമായി ഉരുകുമ്പോൾ വെള്ളമൊഴിച്ച് കുഴമ്പു രൂപത്തിലെടുത്തു സൂക്ഷിക്കുക. ഇത് പത്തു ഗ്രാമും സമം തേനും ചേർത്തു കാലത്തും വൈകുന്നേരവും നിത്യേന സേവിച്ചാൽ മൂത്രത്തിലെയും രക്തത്തിലെയും മധുരത്തിന്റെ ആധിക്യം കുറയുമെന്നാണ് സിദ്ധമതം. ഇതു സേവിക്കുമ്പോൾ മേഹഹാരികളായ ഇൻസുലിൻ, ഡയബിനിസ്, റാസിനോൺ മുതലായവ ഉപയോഗിക്കരുത്. കല്ക്കണ്ടം സേവിച്ചാൽ ചുമ, തൊണ്ടവേദന, അമിതമായ വിയർപ്പു കൊണ്ടുണ്ടാകുന്ന ദാഹം എന്നിവയ്ക്ക് ശമനം ചെയ്യും.
ഇരുമൽ, ചർദ്ദി , ജലദോഷം, കഫരോഗങ്ങൾ എന്നിവയ്ക്കും കല്ക്കണ്ടം ഗുണപ്രദമാണെന്നാണു സിദ്ധാചാര്യനായ കുപ്പാമുനിയുടെ അഭിപ്രായം. ദോഷപ്രവൃത്തികൾ കൊണ്ടു ശുക്ലദോഷം സംഭവിച്ചവർ കല്ക്കണ്ടം നാലിലൊന്നു പടിക്കാരവും പൊടിച്ചു പത്തു ഗ്രാം വീതം പാലിൽ തുടർന്നു കാലത്തു സേവിച്ചാൽ ശുക്ലദോഷം ഇല്ലാതാകും. അടയ്ക്ക തിന്നുന്നതു കൊണ്ടുള്ള ഉന്മാദത്തിനു പഞ്ചസാരയോ ഉപ്പോ കഴിക്കുന്നതു നന്ന്.
ശർക്കര പാലിൽ ചേർത്തു കഴിച്ചാൽ ശരീരത്തിന് ഒരു ദിവസത്തേക്കു വേണ്ട ഇരുമ്പു ലഭിക്കുമെന്നു കാണുന്നു. കൂടാതെ അജീർണ്ണം, ക്ഷയം, വേദനയോടുകൂടിയ ആർത്തവം വന്ധ്യത്വം എന്നിവയ്ക്കും ഗുണകരമാണ്. ഈ പ്രയോഗം ഉന്മേഷത്തിനും രാത്രി സുഖനിദ്രയ്ക്കും സഹായകരമാണ്.
Share your comments