നിലത്തു പടർന്നു വളരുന്ന തണ്ടുകളോടു കൂടിയ തഴുതാമ കേരളത്തിലുടനീളം സമൃദ്ധമായി വളരുന്നു. നിലത്ത് രണ്ടു മീറ്ററോളം വിസ്‌താരത്തിൽ വളരുന്ന തഴുതാമയുടെ സസ്യപ്രകൃതിയിൽ ശാഖകളും ഉപശാഖകളും ധാരാളമുണ്ട്. തണ്ടുകൾക്ക് പർപ്പിൾ നിറമാണ്. മണ്ണിൽ തൊട്ടു കിടക്കുന്ന തണ്ടിന്റെ മുട്ടുകളിൽ നിന്നും ചെടി വേരുകൾ ഉത്പാദിപ്പിക്കാറുണ്ട്.
ഔഷധപ്രാധാന്യം
തഴുതാമ ഇല തോരൻ വച്ച് പതിവായി കഴിച്ചാൽ ഹൃദ്രോഗം മാറിക്കിട്ടും. തഴുതാമവേര്, കച്ചോലം, ചുക്ക് ഇവ സമമെടുത്ത് കഷായം വെച്ച് രാവിലെയും വൈകിട്ടും 25 മി.ലി. വീതം 7 ദിവസം കുടിച്ചാൽ ആമവാതം ശമിക്കും. തഴുതാമയുടെ ഇല തോരൻ വച്ചു കഴിക്കുന്നതും ആമവാതത്തിന് പ്രതിവിധിയാണ്.
തഴുതാമവേര്, ഞെരിഞ്ഞിൽ ഇവ 15 ഗ്രാം വീതം, വേപ്പിൻ തൊലി, പടവലം, ചുക്ക്, കടുകുരോഹിണി, അമൃത്, മരമഞ്ഞൾ തൊലി, കടുക്കത്തോട് ഇവ 4 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം വെച്ചു കഴിച്ചാൽ വൃക്കരോഗത്തിന് ശമനമുണ്ടാകും.
തഴുതാമ, ഞെരിഞ്ഞിൽ, വയൽചുള്ളി ഇവ ഇട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ മൂത്രാശയസംബന്ധമായ അസുഖം ശമിക്കുകയും മൂത്രത്തിലെ കല്ല് മാറി കിട്ടുകയും ചെയ്യും.
ഗർഭിണികൾക്ക് കാലിലുണ്ടാകുന്ന നീർകെട്ടിന് ഉത്തമ ഔഷധമാണിത്. സ്ത്രീകൾക്കുണ്ടാകുന്ന മൂത്രത്തിലെ പഴുപ്പിനും മൂത്രക്കടച്ചിലിനും മൂത്രതടസ്സത്തിനും ഈ ഔഷധക്കൂട്ട് പ്രതിവിധിയാണ്.
തഴുതാമയും ചെറുളയും വെന്ത വെള്ളത്തിൽ അരിയിട്ടു കഞ്ഞി വെച്ച് അതിൽ വെണ്ണയും ചേർത്തു കുടിച്ചാൽ അത്യഗ്നി മാറികിട്ടും.
രക്തഛർദ്ദി പിടിപെട്ടാൽ തഴുതാമ വേര് പാലിൽ അരച്ചെടുത്ത് രോഗിയുടെ കഴുത്തു മുതൽ നാഭിവരെ കനത്തിൽ പുരട്ടിയാൽ രക്തഛർദ്ദിക്ക് ശമനമുണ്ടാകും.
ശരീരത്തിലുണ്ടാകുന്ന നീർകെട്ടിനും, കഫകെട്ടിനും തഴുതാമയില തോരൻ ഫലപ്രദമായ മരുന്നാണ്. തഴുതാമയുടെ വേര് തേനിൽ അരച്ച് കൺപോളയിൽ പുരട്ടുന്നത് കണ്ണിൽ കുരുവിന് പ്രതിവിധിയാണ്.
Share your comments