<
  1. Health & Herbs

വീട്ടിൽ തീർച്ചയായും വളർത്തേണ്ട ചില ഔഷധസസ്യങ്ങൾ

എല്ലാവരുടെയും വീട്ടിൽ വളർത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഔഷധസസ്യങ്ങളാണ് ചുവടെ നൽകുന്നത്.

Meera Sandeep
Medicinal plants
Medicinal plants

നമ്മുടെ എല്ലാവരുടെയും വീട്ടിൽ വളർത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഔഷധസസ്യങ്ങളാണ് ചുവടെ നൽകുന്നത്.

1. കരിനൊച്ചി

സംസ്കൃതത്തിൽ 'നൂറുഗുണ്ടി'എന്ന് വിളിപ്പേരുള്ള ഈ ഔഷധസസ്യത്തിന്റെ ഇലയും കായും വേരും ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ചുമ, വാത സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് ഈ സസ്യം. അതുകൊണ്ടുതന്നെ നിർബന്ധമായും നമ്മുടെ വീട്ടിൽ വച്ചു പിടിപ്പിക്കേണ്ട ഔഷധസസ്യമാണ് ഇത്. വേരുപിടിച്ച കമ്പുകൾ നടാൻ വേണ്ടി ഉപയോഗപ്പെടുത്തുക. നിലം ഉഴുത് 3 മീറ്റർ വീതം അകലത്തിൽ 45 സെൻറീമീറ്റർ വലുപ്പത്തിൽ ഉള്ള കുഴികൾ എടുക്കണം. അതിനുശേഷം ഇതിൻറെ മൂന്നിലൊരുഭാഗം കാലിവളവും മേൽമണ്ണും ചേർത്ത് നിറച്ച് കാലവർഷത്തിന് ആരംഭത്തോടെ വേരുപിടിച്ച കമ്പുകൾ നടാം. രണ്ടു കൊല്ലം കൂടുമ്പോൾ കാലിവളം ചേർത്ത് കൊടുത്താൽ നല്ല വളർച്ച ഉണ്ടാകും. നട്ട് രണ്ടു വർഷം കഴിഞ്ഞാൽ വിളവെടുപ്പ് നടത്താം.

കറ്റാർവാഴ

സംസ്കൃതത്തിൽ 'കുമാരി' എന്നറിയപ്പെടുന്ന കറ്റാർവാഴയുടെ പോളകൾ ഒരുപാട് രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നന്നായി വളരുന്ന ഔഷധസസ്യം ആണ് ഇത്. തണ്ടിൽനിന്നും മുളച്ചുവരുന്ന തൈകളാണ് കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. ഹെക്ടറൊന്നിന് അഞ്ച് ടൺ കാലിവളം ചേർത്ത് നിലമുഴുതു പാകപ്പെടുത്തി 45* 30 സെൻറീമീറ്റർ അകലത്തിൽ തൈകൾ നടാം. രണ്ടു മാസം ഇടവിട്ട് മൂന്നു കൊല്ലം വരെ ഇതിൽനിന്ന് ഇലകൾ ശേഖരിക്കാം. അടിയിൽ നിന്ന് ഇലകൾ മുറിച്ചെടുത്താൽ കൂടുതൽ തൈകൾ ഉണ്ടാകാൻ സഹായിക്കും.

കൂവ

എളുപ്പം ദഹിക്കുന്ന അന്നജം ആയതിനാൽ കൂവപ്പൊടി കുഞ്ഞുങ്ങൾക്ക് ഒരു ഉത്തമ ആഹാരമാണ്. കൂവ ചോറ് കുട്ടികൾക്കുണ്ടാകുന്ന ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാകുന്നു. മെയ് -ജൂൺ മാസങ്ങളിൽ തെങ്ങിൻതോപ്പിൽ ഇടവിളയായി ഇത് കൃഷി ആരംഭിക്കാം. സൗകര്യമുള്ള നീളത്തിലും വീതിയിലും വാരങ്ങൾ ഉയരത്തിൽ എടുത്ത് കിഴങ്ങ് കഷണങ്ങൾ 30 *15 സെൻറീമീറ്റർ അകലത്തിൽ നടാം. നട്ട ഉടനെ പച്ചില, ഓല, മറ്റു ചപ്പുചവറുകൾ എന്നിവകൊണ്ടു പുതയിട്ട് നൽകിയാൽ വിളവ് കൂട്ടാം. നട്ട് 7 മാസം കഴിയുമ്പോൾ ഇലകൾ ഉണങ്ങി തുടങ്ങുന്നു. രോഗകീടബാധ ഇല്ലാത്ത ഒരു മുള എങ്കിലും ഉള്ള കിഴങ്ങ് വേണം നടീൽ വസ്തുവായി തെരഞ്ഞെടുക്കാൻ.

ബ്രഹ്മി

ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിക്കാനും ബ്രഹ്മി ഉപയോഗിക്കുന്നു. ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന സുരക്ഷിതമായ ഒന്നാണ് ബ്രഹ്മി. ആയുർവേദ ഔഷധങ്ങളിലും മുഖ്യ ചേരുവയാണ് ഈ സസ്യം. ഈർപ്പമുള്ള പ്രദേശങ്ങളിലും ചതുപ്പു നിലങ്ങളിലും ഇവ നന്നായി വളരും. തണ്ടുകൾ മുറിച്ച് നട്ട് വംശവർദ്ധനവ് നടത്താം. നിലം നല്ലതുപോലെ കിളച്ചതിനുശേഷം വിളയുടെ കാലയളവിൽ മുഴുവൻ ഈർപ്പം നിലനിർത്താനായി 5 സെൻറീമീറ്റർ താഴ്ചയുള്ള ആഴംകുറഞ്ഞ തടങ്ങൾ എടുത്ത് 20 *20 സെൻറിമീറ്റർ അകലത്തിൽ മൂന്ന് മുട്ടുകളോട് കൂടിയ രോഗബാധയില്ലാത്ത കിഴങ്ങ് തണ്ടുകൾ നടാം.`

ഈർപ്പം നിലനിർത്താൻ ജലസേചനം ആവശ്യാനുസരണം നൽകണം ആദ്യത്തെ കള എടുപ്പിന് ശേഷം മണ്ണ് അല്പം ഇളക്കണം. നട്ട് അഞ്ചു മാസത്തിനു ശേഷം വിളവെടുക്കാം. വിളവെടുപ്പുമായി മുറിക്കുമ്പോൾ മണ്ണിനു മീതെയുള്ള മുട്ടുകളിൽ നിന്ന് വീണ്ടും ചെടികൾ വരും. പിന്നീടുള്ള വിളവെടുപ്പ് 3 മാസത്തെ ഇടവേളയിൽ ചെയ്യാം. വളർച്ചയനുസരിച്ച് വർഷത്തിൽ മൂന്ന് തവണ വിളവെടുക്കാം. ഇങ്ങനെ രണ്ടു വർഷം വരെ തുടരാം. അതിനുശേഷം പുതിയ തണ്ടുകൾ നടാം. പച്ചയായി വിൽക്കുമ്പോൾ ഉടനെതന്നെ വിപണനം ചെയ്യുക. ഉണക്കി കൊടുക്കുമ്പോൾ നല്ലവണ്ണം കഴുകി തണലിൽ ഉണക്കണം. വായുസഞ്ചാരം ഇല്ലാത്ത സംഭരണികളിൽ സൂക്ഷിക്കുമ്പോൾ ആറു മാസം വരെ കേടുകൂടാതെ ഇരിക്കുന്നു.

English Summary: These herbs should definitely be grown at home

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds