താമസിക്കുന്ന വീടിനുസമീപം ഏതൊക്കെ വൃക്ഷങ്ങൾ നടാമെന്നും ഏതൊക്കെ നട്ടുകൂടെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഓരോ വൃക്ഷങ്ങളിൽ നിന്നും പ്രസരിക്കുന്ന ഊർജത്തെ അടിസ്ഥാനമാക്കിയായിരിക്കണം ഈ തരത്തിൽ വിഭജനം നടത്തിയിരിക്കുന്നത്.
ദേവവൃക്ഷങ്ങൾ എന്നറിയപ്പെടുന്ന കൂവളം, ദേവദാരം, ശോകം തുടങ്ങി കടുക്കാമരം,കൊന്ന, നെല്ലി, പ്ലാശ്, കരിങ്ങാലി എന്നീ വൃക്ഷങ്ങൾ വീടിനു സമീപത്തു നടാവുന്നതാണെന്ന് ഈ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ളവർ അഭിപ്രായപ്പെടുന്നു. വീടിന്റെ മുൻവാതിൽ ഭാഗമൊഴികെ പുറകിലും ഇരുവശങ്ങളിലും ഇവ നട്ടുവളർത്തുന്നതും പരിപാലിക്കുന്നതുമാണ് ഏറെ ഉത്തമം.
മാത്രമല്ല, വാഴ, വെറ്റിലക്കൊടി, കുരുക്കുത്തിമുല്ല, പിച്ചി എന്നിവയും വീടിനുസമീപം നടുന്നത് അതീവ ശോഭനമാണ്. ഇതിൽ പിച്ചിയും മുല്ലയുമൊക്കെ വീടിന്റെ മുൻഭാഗത്തും നട്ടുപിടിപ്പിച്ച് പരിപാലിക്കാവുന്നതാണ്.
ഇതുകൂടാതെ വീടിന്റെ കിഴക്കുഭാഗത്ത് ഇലഞ്ഞി, പേരാൽ എന്നീ വൃക്ഷങ്ങൾ വളർന്നുനിൽക്കുന്നതു നല്ലതാണ്. തെക്കുഭാഗത്തു അത്തി, പുളി എന്നീ വൃക്ഷങ്ങളും പടിഞ്ഞാറുഭാഗത്ത് അരയാൽ, ഏഴിലംപാല എന്നീ വൃക്ഷങ്ങളും വടക്കുഭാഗത്ത് ഇത്തി, നാഗമരം എന്നിവയും ഉത്തമം.
മാത്രമല്ല, മനുഷ്യരുമായി ദൈനംദിനബന്ധം പുലർത്തുന്നുവെന്നു കരുതിവരുന്ന പ്ലാവ് കിഴക്കുവശത്തും കടുക് തെക്കുവശത്തും തെങ്ങ് പടിഞ്ഞാറു വശത്തും മാവ് വടക്കു ഭാഗത്തും നട്ടു വളർത്താവുന്നതാണെന്നും പറയപ്പെടുന്നു.
വൃക്ഷങ്ങൾക്കു പ്രത്യേക സ്ഥാനങ്ങൾ കല്പ്പിച്ചരുളിയപ്പോൾ മുൻതലമുറയിൽ യാഥാർഥ്യബോധത്തിന്റെ ബഹിർസ്ഫുരണങ്ങൾ ഉണർന്നിരിക്കാം. വടക്കുകിഴക്കേ ദിക്കിൽ നിന്നും കടന്നുവരുന്ന സൗരോർജത്തിനു വീട്ടിലേയ്ക്കകടക്കാൻ പറ്റുന്ന രീതിയിലാണ് ഓരോ വൃക്ഷങ്ങൾക്കും സ്ഥാനം കൽപിച്ചിരിക്കുന്നത്.
കൂടാതെ തെക്കുപടിഞ്ഞാറുഭാഗത്തുകൂടി സൗരോർജം നഷ്ടപ്പെടാതെയിരിക്കാൻ കഴിയുമാറാണ് അവയ്ക്കൊക്കെ സ്ഥാനം നൽകിയിരിക്കുന്നതും.
Share your comments