ചൂട് കൂടിവരുന്ന ഈ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണ്. ശാരീരികാരോഗ്യം കൂടാതെ ചർമ്മത്തേയും വെയിൽ സാരമായി ബാധിക്കുന്നു. ഏത് വസ്ത്രം ധരിച്ചാലും കൈകള്‍, മുഖം, കാല്‍പാദം, പുറം എന്നിവ വെയിലേറ്റ് കരുവാളിക്കുന്നു. കരുവാളിപ്പ് മാറ്റി ചര്‍മ്മം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്തമായ മാർഗ്ഗങ്ങളുണ്ട്.
- മൂന്ന് സ്പൂണ്‍ അരിപ്പൊടി എടുത്ത് ഒരു പാത്രത്തിലിട്ട്, ഇതിലേയ്ക്ക് രണ്ട് സ്പൂണ്‍ തൈര് ചേര്‍ത്ത ശേഷം കുറച്ച് നാരങ്ങനീരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകികളയുക. മുഖം കഴുകുമ്പോള്‍ നന്നായി സ്‌ക്രബ് ചെയ്ത് വേണം കഴുകാന്‍.
- കുറച്ചു നാരങ്ങനീരും രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും അടങ്ങിയ മിശ്രിതം നന്നായി മിക്‌സ് ചെയ്ത് - മുഖത്ത് തേച്ച് പിടിപ്പിക്കുക. കുറച്ച് നേരം മസാജ് ചെയ്യുന്നതും നല്ലതാണ്. പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് ഇടയ്ക്കിടെ ചെയ്യുന്നത് മുഖത്തേയും ശരീരത്തിലേയും കരുവാളിപ്പ് മാറ്റാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചര്‍മ്മ സൗന്ദര്യത്തിന് ഈ ഭക്ഷണങ്ങൾ കഴിയ്ക്കാം
- കടലപ്പൊടി ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റാൻ നല്ലതാണ്. ഒരു ടേബിള്‍സ്പൂണ്‍ കടലപ്പൊടിയിൽ നാരങ്ങനീരും, രണ്ട് ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിന്റെ കൂടെ ഒരു സ്പൂണ്‍ റോസ് വാട്ടറും ചേര്‍ക്കുന്നത് നല്ലതാണ്. ഇവ നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടണം. കുറച്ച് നേരം സ്‌ക്രബ് ചെയ്തശേഷം മുഖം കഴുകുക. ഇത് ഇടയ്ക്കിടയ്ക്ക് ചെയ്യുന്നത് കരുവാളിപ്പ് മാറ്റാൻ സഹായിക്കും.
- മൂന്ന് ടേബിള്‍സ്പൂണ്‍ നന്നായി പൊടിച്ച മസൂര്‍ദാലിൽ രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങനീര് ചേര്‍ക്കുക. ഇതിലേയ്ക്ക് കുറച്ച് കറ്റാര്‍വാഴ ജെല്ലും തൈരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി കുറച്ച് നേരം സ്‌ക്രബ് ചെയ്ത് ഉണങ്ങിയതിന് ശേഷം കഴുകി കളയാവുന്നതാണ്.
വരണ്ട ചര്‍മ്മമുള്ളവർ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വലിഞ്ഞ് മുറുകുക പോലെയുള്ള അവസ്ഥയുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട്, നാരങ്ങ നീരിന് പകരം തൈര് മാത്രം ചേര്‍ത്താല്‍ മതിയാകും. അല്ലെങ്കില്‍ കുറച്ച് തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഏത് ഫേയ്‌സ്പാക്ക് ഉപയോഗിച്ചതിന് ശേഷവും മുഖത്ത് മോയ്‌സ്ച്വറൈസര്‍ പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും വരണ്ട് പോകുന്നത് തടയാനും സഹായിക്കുന്നുണ്ട്.
Share your comments