രക്തത്തിൽ ഹിമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തിൽ നിന്നും കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ആണ് അനീമിയ . പ്രധാനമായും അനീമിയ കണ്ടുവരുന്നത് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരിൽ. 15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധിക്കുന്നതിനും, ആവശ്യമായവർക്ക് ചികിത്സ നൽകുന്നതിനും സംസ്ഥാന സർക്കാർ 'വിവ കേരളം' ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു.
ലക്ഷണങ്ങൾ
ശരീരഭാഗങ്ങളിൽ വിളർച്ച
ക്ഷീണം, തലവേദന, തലകറക്കം, തളർച്ച, വിശപ്പില്ലായ്മ, മുടികൊഴിച്ചിൽ
അമിത ഹൃദയമിടിപ്പ്, ശ്വാസതടസ്സം
ചെറിയ ജോലി ചെയ്യുമ്പോഴും അനുഭവപ്പെടുന്ന കിതപ്
കൈവിരലിലെ സന്ധികൾക്കും, കൈനഖങ്ങൾക്കും ചുറ്റുമുള്ള ചർമ്മം കറുക്കുക
കാൽപാദങ്ങൾ നീരുവയ്ക്കുക.
എങ്ങനെ തടയാം ?
ഗർഭകാലത്ത് അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുക
കൗമാരപ്രായക്കാർ അയൺ ഫോളിക് ആസിഡ് ഗുളിക ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ ഭക്ഷണത്തിന് ശേഷം കഴിക്കുക
6 മാസത്തിലൊരിക്കൽ വിരശല്യത്തിനെതിരെയുള്ള ഗുളിക കഴിക്കുക
ഇരുമ്പ് സത്തും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുക
ശ്രദ്ധിക്കുക
ഇലക്കറികൾ, പച്ചക്കറികൾ, തവിടോട് കൂടിയ ധാന്യങ്ങൾ, മുളപ്പിച്ച കടലകൾ, പയറുവർഗ്ഗങ്ങൾ, ശർക്കര, മാംസം, മത്സ്യം, കോഴി, ആട്, മാട് എന്നിവയുടെ കരൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക.
വിളർച്ച പുരുഷന്മാരേക്കാൾ സ്ത്രികളിൽ കൂടുതൽ പ്രകടമാകാൻ എന്താണ് കാരണം?
സ്ത്രീകളുടെ പ്രത്യേക ആഹാര രീതികൾ (പുരുഷന്മാരെ അപേക്ഷിച്ച് കുറഞ്ഞ അളവിലും ഗുണത്തിലും ഉള്ള ഭക്ഷണം)
ആർത്തവസമയത്ത് രക്തനഷ്ടം,
ഗർഭച്ഛിദ്രം, അടുത്തടുത്തുള്ള പ്രസവം
ഇരുമ്പുസത്തു കൂടുതലുള്ള ചില ഭക്ഷ്യവസ്തുക്കൾ
ശർക്കരയും, കറുത്ത എള്ളും ചേർത്തു കുഴച്ച് തവിടോടുകൂടിയ അവൽ
വറുത്ത പയറും ഉണങ്ങിയ കപ്പലണ്ടിയും ചേർത്തുണ്ടാക്കിയ മധുരപലഹാരം, കപ്പലണ്ടി മിഠായി എന്നിവ
മുരിങ്ങയിലയും, കൂവരവും, ശർക്കരയും ചേർത്തു് തയ്യാറാക്കിയ അട എള്ളും ശർക്കരയും, കപ്പലണ്ടിയും ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങൾ, കറിവേപ്പില ചേർത്ത ചമ്മന്തി (എല്ലാ ദിവസവും ഭക്ഷണത്തോടൊപ്പം കഴിക്കണം)
ഭക്ഷണത്തിലെ ഇരുമ്പുസത്തിന്റെ ആഗിരണത്തെ സ്വാധീനിക്കുന്ന വസ്തുക്കൾ
വിറ്റാമിൻ സി - ഓരോ ദിവസവും നാം കഴിക്കുന്ന ആഹാരത്തിലെ ഇരുമ്പു സത്തിനെ ശരീരത്തിനുള്ളിലേക്ക് കൂടുതൽ പ്രവേശിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എല്ലാ ദിവസവും നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് ഇതിനാൽ ആവശ്യമാണ്.
Share your comments