ഇളനീരിൽ പൊട്ടാസ്യവും ക്ലോറിനും ധാരാളം അടങ്ങിയിട്ടുണ്ട്. നിരോക്സീകാരകങ്ങളുടെയും ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറ. അതിനാലാണ് ഇളനീരിന് 'ജീവജലം' എന്നും പറയുന്നത്. ശരീരത്തിൽ നിന്നുള്ള ജലനഷ്ടം പരിഹരിക്കാൻ ഇത്രത്തോളം മികച്ച ഒരു പാധി മറ്റില്ല തന്നെ. അടിയന്തിര ശുശ്രൂഷ എന്ന നിലയിൽ അത്യാസന്നരോഗികൾക്കു പോലും നീർ കൊടുക്കുന്നതിന് കാരണവും മറ്റൊന്നല്ല.
ദിവസവും ഇളനീർ കുടിക്കുന്നതിന്റെ വിസ്മയകരമായ ഗുണങ്ങൾ നോക്കാം
ശരീരത്തിലെ ജലാംശത്തോത് പ്രകൃതിദത്തമായി വർധിപ്പിക്കാനുള്ള ഉത്തമോപാധിയാണു കരിക്ക്. പ്രത്യേകിച്ച് വേനൽക്കാലത്തും കടുത്ത ചൂടുള്ള ദിവസങ്ങളിലും ശരീരത്തിൽ നിർജലീകരണം സംഭവിക്കാതെ സംരക്ഷിക്കാൻ കരിക്കിനു കഴിയും.
തകരാറിലായ ആമാശയപ്രവർത്തനങ്ങൾ ക്രമീകരിക്കാനും ദഹനേന്ദ്രിയം പൂർവസ്ഥിതിയിലാക്കാനും നിത്യേനയുള്ള ആഹാരം മാറ്റി ഇളനീർ കുടിച്ചാൽ മതി.
ജീവകങ്ങൾ, ധാതുക്കൾ, ഇലക്ട്രോലൈറ്റുകൾ എന്നിവയാൽ സമ്പന്നമാണ് ഇളനീർ. വേനൽക്കാലത്ത് ശരീരം വർധിച്ച തോതിൽ വിയർക്കുന്നതു നിമിത്തം സംഭവിക്കുന്ന ഇലക്ട്രോലൈറ്റുകളുടെ നഷ്ടം നികത്താനും ക്ഷീണം അകറ്റാനും ഇളനീരിന് കഴിയും.
Share your comments