തണ്ണിമത്തൻ വേനൽക്കാലത്തെ പ്രധാനപ്പെട്ട ഒരു ഫലമാണ്. വീടുകളിലും വഴിയോരക്കടകളിലും വരെ സജീവമായി നിൽക്കുന്ന തണ്ണിമത്തൻ ചൂടുകാലത്ത് വലിയ അനുഗ്രഹമാണ്. തണ്ണിമത്തൻ ജ്യൂസ്, സർബത്ത് , ഷേക്ക് തുടങ്ങി തണ്ണിമത്തൻ വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. കഠിനമായ ഈ വേനൽക്കാലത്ത് 95% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തനോടൊപ്പം കുടിവെള്ളവും കുടിക്കുമ്പോൾ ശരീരത്തിൽ നല്ല രീതിയിൽ ജലാംശം നിലനിൽക്കുകയും ക്ഷീണമകറ്റുകയും ചെയ്യും. ശരീരത്തിലെ നിർജ്ജലീകരണം തടയുന്നതിൽ വലിയ പങ്കാണ് തണ്ണിമത്തനുള്ളത്. ജലാംശത്തോടൊപ്പം തന്നെ വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും മിതമായ അളവില്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. പ്ലാൻ്റ് സംയുക്തമായ ലൈസോപീന്‍ ആണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനില്‍ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നല്‍കുന്നത്.
പ്രതിരോധശേഷിക്ക്
ഈ പഴം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളാൽ നിറഞ്ഞതാണ്, അത് നമ്മെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. തണ്ണിമത്തനിൽ വിറ്റാമിൻ സിയുടെ അളവ് അതിശയകരമാംവിധം ഉയർന്നതാണ്. വിറ്റാമിൻ സി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു, മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താനും സഹായകരമാണ്. പല പഴങ്ങളെയും പോലെ, തണ്ണിമത്തൻ വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും നിറഞ്ഞിരിക്കുന്നു. ഉയർന്ന അളവിൽ ലൈക്കോപീൻ ഉള്ളതിനാൽ തണ്ണിമത്തൻ ഒരു സൂപ്പർ ഫുഡ് ആയി കണക്കാക്കപ്പെടുന്നു. തക്കാളി, തണ്ണിമത്തൻ, പിങ്ക് മുന്തിരിപ്പഴം തുടങ്ങിയ ചുവപ്പ്, പിങ്ക് പഴങ്ങൾക്ക് അവയുടെ വ്യത്യസ്ത നിറം നൽകുന്ന പിഗ്മെൻ്റു കൂടിയാണ് ലൈക്കോപീൻ. സമീപകാല പഠനങ്ങൾ അനുസരിച്ച്, ശ്വാസകോശ വീക്കം കുറയ്ക്കുക, ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുക, ചിലതരം ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കുക എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റ് കൂടിയാണിത്.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന്
രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു തണ്ണിമത്തന്‍ വളരെ സഹായകരമാണ്. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ തടയാൻ തണ്ണിമത്തൻ മികച്ച ഒരു ഓപ്ഷനാണ്. രക്തയോട്ടം മെച്ചപ്പെടുത്താനും ധമനികളിലെ കാഠിന്യം കുറയ്ക്കാനും സഹായിക്കുന്ന അമിനോ ആസിഡായ എൽ-സിട്രുലൈനിൻ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കഴിക്കുമ്പോൾ, നമ്മുടെ ശരീരം എൽ-സിട്രൂലിനെ നൈട്രിക് ഓക്സൈഡ് ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന എൽ-ആർജിനൈൻ എന്ന മറ്റൊരു അമിനോ ആസിഡാക്കി മാറ്റുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും, രക്തയോട്ടം സുഗമമാക്കാനും നൈട്രിക് ഓക്സൈഡ് നമ്മെ സഹായിക്കും.
ചർമ്മ സംരക്ഷണത്തിന്
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി എന്നിവ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് പ്രധാനമാണ്. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ ചർമ്മം മൃദുലമാവുകയും മുടി ദൃഢമാകുകയും ചെയ്യും. വൈറ്റമിന്‍ എ, ചര്‍മ്മകോശങ്ങള്‍ സൃഷ്ടിക്കാനും നന്നാവാനും സഹായിക്കുന്നു. കടുത്ത വെയിലിൽ നിന്ന് സംരക്ഷണം നൽകാൻ തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീനും ബീറ്റാ കരോറ്റിനും സഹായിക്കും.
തണ്ണിമത്തൻ ഇനങ്ങൾ
ഇന്ത്യയിൽ തന്നെ വിവിധ ഇനങ്ങളിൽ തണ്ണിമത്തനുകൾ കാണപ്പെടുന്നുണ്ട്. തണ്ണിമത്തൻ വളരാൻ ചൂടുള്ള കാലാവസ്ഥ ആവശ്യമാണ്. കായ്കൾ വാടിപ്പോകാനും വള്ളികളിൽ നിന്ന് തന്നെ ഫലങ്ങൾ നശിച്ചുപോകാനും തണുത്ത കാലാവസ്ഥ ഇടയാക്കിയേക്കാം. അതിനാൽ തണുത്ത താപനിലയുള്ള പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യാൻ കഴിയില്ല. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഒറീസ്സ എന്നിവയാണ് വിവിധ തണ്ണിമത്തൻ ഇനങ്ങൾ കൃഷി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾ. തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വർഷം മുഴുവൻ ഇവയുടെ ഉൽപ്പാദനം നടക്കാറുണ്ട്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കൂടുതലായും ഉല്പാദിപ്പിക്കുന്ന 'കിരൺ' എന്ന ഇനം തണ്ണിമത്തൻ ആണ് ഇതിൽ പ്രധാനി. കടുത്ത പച്ചനിറത്തിൽ കാണപ്പെടുന്ന തൊലിയും കടുത്ത കറുപ്പോ തവിട്ട് നിറത്തിലോ കാണപ്പെടുന്ന വിത്തുകളും ആണ് ഈ ഇനത്തിൻ്റെ പ്രധാന സവിശേഷത. പിങ്കോ ചുവന്നതോ ആയ മാംസളമായ ഉൾഭാഗത്തിൽ 12 മുതൽ 14 ശതമാനം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ആകർഷകമായ കടും മഞ്ഞ മാംസത്തോടുകൂടിയ 'ആരോഹി' എന്നയിനം തണ്ണിമത്തൻ ഹരിയാനയിൽ നിന്നാണ് ലഭിക്കുന്നത്. കടും പച്ച നിറത്തിലുള്ള തൊലിയാണ് ഇവയ്‌ക്കെങ്കിലും ഉൾഭാഗം നല്ല മഞ്ഞ നിറത്തിലാണ് കാണപ്പെടുക. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ എന്നിവയുടെ അപകടസാധ്യതകൾ കുറയ്ക്കാനും, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറയ്ക്കാനും, ഭാരം നിയന്ത്രിക്കാനും, രോഗ പ്രതിരോധശേഷിക്കും ഇവ സഹായകരമാണ്.
Share your comments