വേനൽക്കാലത്തിൻറെ തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് ചൂട് കൂടുതലാണ്. ക്രമാതീതമായി ചൂട് ഉയരുന്ന സാഹചര്യമാണ് കാണുന്നതും. ഈ സമയത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാൽ പുറത്തുപോകുമ്പോഴും മറ്റും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം, വൃക്കരോഗം, അമിത രക്തസമ്മര്‍ദം മറ്റ് ഗുരുതര രോഗമുള്ളവര്‍, തുടങ്ങിയവര്‍ യാതൊരു കാരണവശാലും നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്. കടുത്ത ചൂടില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ജ്ജലീകരണം, തൊലിപ്പുറത്തുള്ള ആരോഗ്യപ്രശ്നങ്ങള്‍, പൊള്ളല്‍, തളര്‍ച്ച, തലചുറ്റല്‍ തുടങ്ങിയവ ഉണ്ടാകാനും സാധ്യതയുണ്ട്.
എന്തെല്ലാം മുൻകരുതലുകൾ എടുക്കാമെന്ന് നോക്കാം
* രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്.
* 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.
* ചൂട് കാലങ്ങളിൽ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. അല്ലെങ്കില്‍ നിര്‍ജ്ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം നിര്‍ബന്ധമായും കുടിക്കണം. വെള്ളം കൃത്യമായ അളവില്‍ കുടിക്കുന്നതിലൂടെ വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. തിളപ്പിച്ചാറിയ വെള്ളം, ഫ്രഷ് ജ്യൂസുകള്‍, മോര്, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, എന്നിവ കൂടുതലായി കുടിക്കാന്‍ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ക്ഷീണം, തളര്‍ച്ച എന്നിവ മാറാന്‍ ഇത് സഹായിക്കും.
* വേനല്‍ക്കാലത്ത് പഴവര്‍ഗങ്ങള്‍ ആഹാരത്തിന്‍റെ ഭാഗമാക്കുക. ആപ്പിള്‍, ഓറഞ്ച്, തണ്ണിമത്തന്‍, മുന്തിരി എന്നീ പഴങ്ങള്‍ ഉള്‍പ്പെട്ട സാലഡ്, ജ്യൂസ് എന്നിവയും കഴിക്കാം. ഭക്ഷണത്തില്‍ സസ്യാഹാരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം.
* അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് വേനൽക്കാലത്ത് നല്ലത്. ശരീരത്തിന്‍റെ ചൂട് നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
* രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കുക, തുടങ്ങി മുകളിൽ പറഞ്ഞവയെല്ലാം പിന്തുടരുകയാണെങ്കിൽ സൂര്യാഘാതത്തിൽ നിന്ന് രക്ഷ നേടാം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.
നേര്‍ത്തവേഗതയിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, പേശിവലിവ്, തലകറക്കം, ഛര്‍ദി, മാനസികാവസ്ഥയിലുള്ള മാറ്റം എന്നിവയാണ് സൂര്യാഘാതമേറ്റാലുള്ള പ്രധാന ലക്ഷണങ്ങള്‍. തീപ്പൊള്ളലേല്‍ക്കുന്നതു പോലെ ശരീരത്തില്‍ കുമിളകള്‍ പൊന്തിവരുന്ന അവസ്ഥയുമുണ്ടാകാം. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക. തണുത്തവെളളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാന്‍, എസി തുടങ്ങിയവയുടെ സഹായത്തോടെ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക, വൈദ്യസഹായം തേടുക എന്നീ കാര്യങ്ങൾ ഉടനടി ചെയ്യേണ്ടതാണ്.
Share your comments