കന്നുകാലികളില്‍ ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ പ്ലാസന്റ അല്ലെങ്കില്‍ മറുപിള്ള ഉല്പ്പാദിപ്പിക്കുന്ന മാംസ്യതന്മാത്ര ആയ പ്രെഗ്‌നന്‍സി സ്‌പെസിഫിക് പ്രോട്ടീന്‍ ബി അഥവാ പ്രെഗ്‌നന്‍സി അസോസിയേറ്റഡ് ഗ്ലൈകോ പ്രോട്ടീനിന്റെ അംശം ELISA ടെക്നോളജി പ്രയോജനപ്പെടുത്തി രക്തത്തില്‍നിന്ന് പരിശോധിച്ച് കണ്ടെത്തുന്ന രീതി കേരളത്തിലും പ്രചാരം നേടുകയാണ്. നിലവില്‍ വിദഗ്ദ്ധര്‍ നേരിട്ട് മൃഗങ്ങളെ പെര്‍ റെക്ടല്‍ (per rectal) പരിശോധന നടത്തിയാണ് ഗര്‍ഭാവസ്ഥയെ കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തുന്നത്. പലപ്പോഴും ഇത്തരം പരിശോധനകള്‍ ശരിയായി നടത്തുവാന്‍ കൃത്രിമ ബീജദാനത്തിനു ശേഷം രണ്ടു മുതല്‍ രണ്ടര മാസം വരെ സമയം എടുക്കാറുണ്ട്. അവിടെയാണ് ELISA പോലുള്ള നൂതന സങ്കേതിക വിദ്യകളുടെ പ്രസക്തി. ഇണചേര്‍ത്തതിനോ, കൃത്രിമ ബീജാദാനത്തിനോ ശേഷം മുപ്പതു ദിവസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ വളരെ കൃത്യതയോടെ രക്തപരിശോധന വഴിയുള്ള ഗര്‍ഭനിര്‍ണ്ണയം നടത്താനാകുമെന്നതാണ് നേട്ടം.
ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിലെ ബ്രൂസല്ല രോഗത്തെ അറിയുക
സാധാരണയില്‍ അധികമായി ദീര്‍ഘിച്ചു പോകുന്ന മദിചക്രം കേരളത്തിലെ പശുക്കളില്‍ കൂടിവരുകയാണ്. അതേസമയം നിലവില്‍ രണ്ടു പ്രസവങ്ങള്‍ക്കിടയിലുള്ള ഇടവേള യില്‍ 90 ദിവസത്തിലധികം കുറവ് വരുത്താനായാല്‍ കേരളത്തിലെ പാലുല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. പലപ്പോഴും ഗര്‍ഭനിര്‍ണ്ണയം വൈകുകയും അതിന്റെ ഭാഗമായി ഗര്‍ഭകാലവുമായി ബന്ധപ്പെട്ട് ചെയ്തിരിക്കേണ്ട ക്രമീകരണങ്ങളും തീറ്റയും കൃത്യമായി നല്‍കാന്‍ കഴിയാതെ പോകുകയും ചെയ്യുന്നു. ഉന്നത പ്രത്യുല്‍പ്പാദനശേഷിയുള്ള മൃഗങ്ങളില്‍ ഇത് കൂടുതല്‍ നഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ചിലപ്പോള്‍ എങ്കിലും പരമ്പരാഗത രീതികളില്‍ നേരത്തെയുള്ള ഗര്‍ഭനിര്‍ണ്ണയം നടത്തുമ്പോള്‍ ഗര്‍ഭവധിയായ പശുക്കള്‍ക്ക് ഗര്‍ഭമില്ലെന്ന് വിലയിരുത്തപ്പെടുകയും തുടര്‍ചികിത്സ നല്‍കുകയും അതുമൂലം ഗര്‍ഭം അലസിപ്പോവുകയും ചെയ്‌തേക്കാം. ഇത് കര്‍ഷകരെ നിരാശാജനകമായ നഷ്ടത്തിലേക്കു നയിക്കാം. ഇത്തരം സാഹചര്യങ്ങളിലാണ് പരമ്പരാഗത പരിശോധന രീതികളുമായി താരതമ്യപ്പെടുത്താവുന്ന അതെ ചിലവില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ ഗര്‍ഭനിര്‍ണ്ണയം സാധ്യമാകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര കര്‍ഷകര്‍ ജാഗ്രത! ജന്തുജന്യ രോഗവ്യാപനത്തിൽ പ്രത്യേക കരുതല്‍ നല്‍കണം
പശുക്കളും, എരുമകളും ഗര്‍ഭവതിയല്ലെന്ന് നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അവയെ വീണ്ടും മദിചക്രത്തിലേക്ക് എത്തിക്കാനാവശ്യമായ രീതികള്‍ സ്വീകരിക്കുകയും ഉല്‍പ്പാദനത്തിന്റെ ദിവസങ്ങള്‍ നഷ്ടമാകുന്നത് കുറക്കുകയും ചെയ്യാം. അങ്ങനെ കൂടുതല്‍ പശുക്കിടാവുകള്‍ ഉണ്ടാകുകയും തന്മൂലം കൂടുതല്‍ ഉല്‍പ്പാദനം സാധ്യമാവുകയും ചെയ്യും. ഫാമുകളില്‍ പ്രത്യുല്‍പ്പാദനക്ഷമത കുറഞ്ഞ പശുക്കളെ വേഗത്തില്‍ കണ്ടെത്താനും, അവയെ ഉടനടി ഒഴിവാക്കുവാനും സാധിക്കും. നിലവില്‍ ആടുകളില്‍ നേരത്തെയുള്ള ഗര്‍ഭനിര്‍ണ്ണയത്തിനായി ചിലവേറിയ അള്‍ട്രാസോണോഗ്രാഫി (Ultrasonography) രീതി മാത്രമാണുള്ളത് എന്നുള്ള കുറവും ഈ സാങ്കേതികവിദ്യ വിപുലമാകുന്നതോടെ പരിഹരിക്കപ്പെടും. തീരുന്നില്ല നേട്ടത്തിന്റെ കണക്കുകള്‍. ഒരു പശുവിനെ അല്ലെങ്കില്‍ എരുമയെ പരിപാലിച്ചുകൊണ്ട് പോകുന്നതിന്റെ ചിലവ് മുപ്പത് ശതമാനത്തിലധികം (കൃത്യമായി പറഞ്ഞാല്‍ 32%) കുറയ്ക്കാനായി സാധിക്കും. കൃത്യമായ പ്രത്യുല്‍പ്പാദന പദ്ധതി കര്‍ഷകന് ആവിഷ്‌കരിക്കാന്‍ സാധിക്കുന്നതിനാല്‍ പരിപാലനത്തിലും, വില്‍പനയിലും കൂടുതല്‍ കാര്യക്ഷമത നേടിയെടുക്കാന്‍ കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: പശുവിനും ഫാറ്റി ലിവർ? അറിയേണ്ടതെല്ലാം
കൃത്രിമ ബീജാദാനത്തിന്/ഇണചേര്‍ത്തതിന് മുപ്പത് ദിവസത്തിന് ശേഷം പരിശോധന നടത്താവുന്നതാണ്. കറവയുള്ള പശുക്കളുടെ രക്തത്തില്‍ ഗര്‍ഭകാലത്തെ മാംസ്യ തന്മാത്രകള്‍ പ്രസവാനന്തരം കുറച്ചു നാളുകള്‍കൂടെ ഉണ്ടാകാം. അതിനാല്‍ തൊട്ടുമുമ്പുള്ള പ്രസവത്തിന് ശേഷം 90 ദിവസം കഴിഞ്ഞു മാത്രമേ പരിശോധന നടത്തേണ്ടതുള്ളൂ. പരിശോധനക്കായി കുറഞ്ഞത് 2ml രക്തമാണ് ആവശ്യം. ജുഗുലാര്‍ സിരയില്‍ (Jugular Vein) നിന്നോ, വാലില്‍ നിന്നോ രക്തം ശേഖരിക്കാവുന്നതാണ്.
വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തചന്റ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന IVET ലാബ് എന്ന സംരംഭമാണ് കേരളത്തില്‍ വ്യാപകമായി ELISA ടെക്‌നോളജി ഉപയോഗിച്ച ഗര്‍ഭനിര്‍ണ്ണയം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം സംവിധാനങ്ങള്‍ ലഭ്യമല്ല. തുച്ഛമായ നിരക്കില്‍ ഇത്തരം സാങ്കേതിക വിദ്യകളുടെ സേവനം കര്‍ഷകരിലേക്ക് എത്തിക്കുന്നത് ക്ഷീരമേഖലക്ക് ഒരു പുതിയ ഉണര്‍വ് നല്‍കും. 97 ശതമാനംവരെ കൃത്യതയോടെ ഗര്‍ഭനിര്‍ണ്ണയം നടത്താനാകും. കുത്തിവെച്ചിട്ടും ഗര്‍ഭിണികളാവാത്ത പശുക്കളെ 99 മുതല്‍ 100% വരെ കൃത്യതയോടെ കണ്ടെത്താനാവും. ഇ-മെയില്‍ വഴിയോ, വാട്‌സാപ്പ് സന്ദേശം വഴിയോ ഉപഭോക്താവിന് പരിശോധന ഫലം ലഭ്യമാക്കാം. മാറുന്ന കാലത്തോടൊപ്പം കേരളവും മുന്നേറുന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്ന് തന്നെയാണ്.
(കൂടുതല്‍ വിവരങ്ങള്‍ക്ക് IVET ലാബിന്റെ 1800-889-1900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ, info@ivetlab.com എന്ന മെയില്‍ വിലാസത്തിലേക്ക് സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാം)
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കന്നുകാലികളിൽ രക്തക്കുറവ് വ്യാപകമാകുന്നതെന്തുകൊണ്ട്?
വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments