1. Livestock & Aqua

പൂച്ചകളെ ബാധിക്കുന്ന മാരകമായ പാർവോ രോഗത്തെ അറിയുക

ലോകമെമ്പാടുമുള്ള വളർത്തു പൂച്ചകളിലെ മുഖ്യ മരണ കാരണങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന രോഗമാണ് ഫെലൈൻ പാൻ ലൂക്കോപീനിയ എന്ന രോഗം. ഫലപ്രദമായ വാക്സിൻ്റെ ലഭ്യത മൂലം പ്രതിരോധിക്കാവുന്ന ഒന്നായി ഇന്നത് മാറിയിരിക്കുന്നു.

Dr. Sabin George PhD
cats

ലോകമെമ്പാടുമുള്ള  വളർത്തു പൂച്ചകളിലെ മുഖ്യ മരണ കാരണങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന രോഗമാണ് ഫെലൈൻ പാൻ ലൂക്കോപീനിയ എന്ന രോഗം.  ഫലപ്രദമായ വാക്സിൻ്റെ ലഭ്യത മൂലം പ്രതിരോധിക്കാവുന്ന ഒന്നായി ഇന്നത് മാറിയിരിക്കുന്നു. പൂച്ചകളില് കണ്ടുവരുന്ന അതിതീവ്രമായ  സാംക്രമിക രോഗമായ ഇത് ഫൈലൈൻ പാർവോ, ഫെലൈൻ ഡിസ്റ്റമ്പർ എന്നീ പേരുകളിലും അറിയപ്പെടുന്നു. പേരിൽ സാമ്യമുണ്ടെങ്കിലും  നായ്ക്കളിൽ പാർവോയോ ഡിസ്റ്റമ്പറോ ഉണ്ടാക്കുന്ന വൈറസുകളല്ല പൂച്ചകളിൽ രോഗമുണ്ടാക്കുന്നത്. ഇവ മനുഷ്യനെ ബാധിക്കുന്നവയുമല്ല.ഫെലൈന് പാര്വോ അല്ലെങ്കിൽ പാന്ലൂക്കോപീനിയ  വൈറസാണ് രോഗകാരണം.  ചുറ്റുപാടുകളിലും അന്തരീക്ഷത്തിലും  ഏറെ നാളുകള് അതിജീവിക്കാനുള്ള കഴിവാണ് എല്ലാ പാര്വോ വൈറസുകളെയും പോലെ പൂച്ചകളിലെ പാർവോയുടെയും പ്രത്യേകത. വീട്ടിൽ ഒരു പൂച്ചയ്ക്ക് രോഗം വന്നു മാറിയാലും മറ്റുള്ളവയ്ക്കും വരുമെന്നത് വലിയ വെല്ലുവിളിയാണ്. അതിനാൽ കൂടുതൽ  എണ്ണം  പൂച്ചകളെ വളര്ത്തുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടതുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പൂച്ച മീശയുടെ അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ

മഴക്കാലത്ത് കേരളത്തിൽ പല സ്ഥലങ്ങളിലും മാരകമായ ഈ അസുഖം കൂട്ടമായി പൂച്ചകളെ ബാധിക്കാറുണ്ട്.

പൂച്ചക്കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായും തീവ്രമായും ബാധിക്കുന്നതെങ്കിലും പ്രായ വ്യത്യാസമില്ലാതെയും രോഗം വരാവുന്നതാണ്. പൂച്ചക്കുഞ്ഞുങ്ങൾ, അനാരോഗ്യമുള്ള പൂമകൾ ,വാക്സിൻ ലഭിച്ചിട്ടില്ലാത്ത പൂച്ചകൾ എന്നിവരൊക്കെ രോഗം വരാൻ സാധ്യത കൂടുതലുള്ളവരാണ്. രോഗം ബാധിച്ച പൂച്ച അതിൻ്റെ സ്രവങ്ങൾ, വിസർജ്യം എന്നിവ വഴി പുറത്തു വിടുന്ന വൈറസ് വർഷങ്ങളോളം ചുറ്റുവട്ടത്ത് നിലനിൽക്കുന്നു. മറ്റു പൂച്ചകൾക്ക് ഇതുമൂലം എപ്പോൾ വേണമെങ്കിലും രോഗം വരാൻ സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ പൂച്ചയ്ക്ക് കൊടുക്കാം നല്ല 5 ഭക്ഷണങ്ങൾ

ലക്ഷണങ്ങൾ

ദ്രുതഗതിയിൽ വളരുകയും വിഭജിക്കുകയും ചെയ്യപ്പെടുന്ന കോശങ്ങളെയാണ് ഫെലൈൻ പാർവോ വൈറസ് ബാധിക്കുന്നതും കൊല്ലുന്നതും. ഉദാഹരണത്തിന് മജ്ജ,ചെറുകുടൽ, വളരുന്ന ഭ്രൂണം തുടങ്ങിയവയിലെ കോശങ്ങൾ.ചെറുകുടലിന്റെ  ആവരണം അഥവാ എപ്പിത്തീലിയത്തെ ഈ വൈറസ് നശിപ്പിക്കുന്നതു മൂലമുണ്ടാകുന്ന കഠിനമായ വയറിളക്കവും, ഛര്ദ്ദിയുമാണ് പ്രധാന ലക്ഷണങ്ങൾ. പൊതുവായ മടുപ്പ്, വിശപ്പില്ലായ്മ, ഉയർന്ന പനി, മൂക്കൊലിപ്പ് എന്നിവ മറ്റു ലക്ഷണങ്ങൾ. തുടക്കത്തിൽ നേരിയ പനിയും ദുർഗന്ധമുള്ള വയറിളക്കവുമുള്ള പൂച്ചകള് വെള്ളം നൽകുന്ന പാത്രത്തിൻ്റെ മുൻപിൽ  തലകുനിച്ചിരിക്കുന്നതാവും ഉടമകൾ കാണുക. വയറിളക്കവും ഛർദ്ദിയും ദിവസങ്ങളോളം നീളുന്നതോടെ ശരീരത്തില് നിര്ജ്ജലീകരണം ഉണ്ടാകുന്നു. ദ്രാവകങ്ങളും ലവണങ്ങളും വിറ്റാമിനുകളും നഷ്ടപ്പെടുന്നതോടെ  ശരീരക്ഷീണം കലശലാകുന്നു. ശരീരത്തിൻ്റെ രോഗപ്രതിരോധ സംവിധാനത്തിൻ്റെ ഭാഗമായ  ശ്വേതരക്താണുക്കളെ വൈറസ് നശിപ്പിക്കുന്നതിനാൽ രോഗപ്രതിരോധശേഷി ദുർബലമാകുന്നു. പ്രതിരോധശേഷി കുറയുന്ന ഈയവസരം മുതലെടുത്ത് കുടലിലുള്ള ബാക്ടീരിയകളും വിരകളും കൂടി ആക്രമിക്കുന്നതോടുകൂടി ചെറുകുടലിന്റെ ആവരണത്തിൻ്റെ പുനര്നിര്മ്മാണ പ്രവർത്തനം അട്ടിമറിക്കപ്പെടുന്നു. തൽഫലമായി രക്തത്തോടു കൂടിയ വയറിളക്കം കാണപ്പെടും.

ജലാംശം നഷ്ടപ്പെട്ട ശരീര ചർമ്മം വയസ്സായവരുടേതുപോൽ  ചുളുങ്ങി കാണപ്പെടും.  രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ്  കുറയുന്നതോടു കൂടി വയര് വീർത്തു വരികയും നട്ടെല്ലിലെ പേശികള്ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു. ഗര്ഭ സമയത്ത് രോഗമുണ്ടായി വിമുക്തി നേടിയവയ്ക്ക് ജനിക്കുന്ന കുട്ടികള്ക്ക് മസ്തിഷ്ക രോഗങ്ങളും സുഷുമ്നനാഡിയെ ബാധിക്കുന്ന പ്രശ്നങ്ങളുമുണ്ടാകാം.

ബന്ധപ്പെട്ട വാർത്തകൾ: പൂച്ച മാന്തിയാൽ പേവിഷബാധ വരാമോ?

വാക്സിനേഷൻ പ്രധാനം

പൂച്ചക്കുഞ്ഞുങ്ങൾക്ക് 8-10 ആഴ്ച പ്രായമാകുമ്പോൾ വെറ്ററിനറി ഡോക്ടറുടെ ഉപദേശമനുസരിച്ച് പാന്ലൂക്കോപീനിയക്കെതിരെയുള്ള വാക്സിൻ നൽകണം . 3-4 ആഴ്ചകള്ക്കുശേഷം  ബൂസ്റ്റര് ഡോസും  ഡോക്ടറുടെ നിർദേശപ്രകാരം നൽകുക.

വാക്സിനേഷനു മുന്പേ വിരമരുന്ന് നൽകുന്നതും പൂച്ചകൾ നല്ല ആരോഗ്യസ്ഥിതിയിലാണെന്ന്  ഉറപ്പുവരുത്തുകയും ചെയ്യുന്നത് വാക്സിന് ഫലവത്താകാന് സഹായിക്കും.

ഓർക്കേണ്ടത്

രോഗലക്ഷണങ്ങള് കാണിക്കുന്ന പൂച്ചകളെ  മറ്റുള്ള പൂച്ചകളില് നിന്നും മാറ്റി നിർത്തണം. രോഗിയായ പൂച്ചകൾക്കായി ഉപയോഗിച്ച ഒരു വസ്തുവും മറ്റുള്ളവയ്ക്കായി ഉപയോഗിക്കരുത്.സോഡിയം ഹൈപ്പോക്ലോറൈറ്റ് അല്ലെങ്കില് ബ്ലീച്ചിങ്ങ് പൗഡര് ഉപയോഗിച്ച് രോഗം ബാധിച്ച പൂച്ചകൾ ഇടപഴകിയ പരിസരം  മുഴുവന് കഴുകി വൃത്തിയാക്കി അണു നശീകരണം നടത്തണം. അണു നശീകരണം നടത്തിയാൽ പോലും പരമാവധി അവിടേക്ക് മറ്റു പൂച്ചകളുടെ പ്രവേശനം അനുവദിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില് കളിക്കാന് പൂച്ചക്കുട്ടികളെ അനുവദിക്കരുത്. വയറിളക്കം, ഛര്ദ്ദി തുടങ്ങിയ രോഗ ലക്ഷണം കണ്ടാല് രോഗം തീവ്രമായി നിര്ജ്ജലീകരണത്തിന്റെ അവസ്ഥയിലേക്ക് എത്തുന്നതിനു മുമ്പേ വേഗത്തില് വെറ്ററിനറി ആശുപത്രിയില് എത്തിക്കേണ്ടതാണ്

വൈറസിനെതിരെ പ്രത്യേക ചികിൽസയില്ല. ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള  ചികിത്സയാണ് നൽകുക.  നാലോ അഞ്ചോ ദിവസങ്ങള് നീണ്ടുനില്ക്കുന്ന ഫ്ളൂയിഡ് തെറാപ്പിയുംഅണുസംക്രമണത്തിനെതിരായുള്ള മരുന്നുകളും നല്കാറുണ്ട്. വീട്ടിനുള്ളിൽ വളർത്തുന്നവയാലും പുറത്തു പോകുന്നവയായാലും വാക്സിൻ നൽകുക തന്നെയാണ് പ്രധാന പ്രതിരോധം.

ബന്ധപ്പെട്ട വാർത്തകൾ: മൃഗാശുപത്രിയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍

English Summary: Parvo disease affects cats: know more details

Like this article?

Hey! I am Dr. Sabin George PhD. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds