തീരദേശത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ 250 ഭവനങ്ങൾ കൂടെ ഇന്ന് (8.03.2022) കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാൻ സ്മാരക അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുന്നത്.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി 689 വ്യക്തിഗത ഭവനങ്ങളാണ് കൈമാറുന്നത.് ഇതിന്റെ ആദ്യഘട്ടമായാണ് 250 ഭവനങ്ങൾ കൈമാറുന്നതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി 308 വ്യക്തിഗത ഭവനങ്ങൾ പൂർത്തിയാക്കി കൈമാറിയിരുന്നു.
സുഭിക്ഷ കേരളം - മത്സ്യ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയാൻ
2020 ൽ ആരംഭിച്ച പുനർഗേഹം പദ്ധതി പ്രകാരം ഇതുവരെ 1109 ഗുണഭോക്താക്കൾക്കു സ്വന്തമായി ഭൂമി കണ്ടെത്തി ഭവനം നിർമിച്ചു നൽകിയെന്നു മന്ത്രി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി 1126 വീടുകൾ നിർമാണം പുരോഗമിക്കുന്നു, 2235 പേർ ഭൂമി രജിസ്റ്റർ ചെയ്തു. ഇതോടൊപ്പം തിരുവനന്തപുരത്ത് കാരോട് 128, ബീമാപള്ളിയിൽ 20, മലപ്പുറത്ത് പൊന്നാനിയിൽ 128 ഫ്‌ളാറ്റുകളുടെ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി.
കൊല്ലം ജില്ലയിലെ QSS കോളനിയിലെ 114 ഫ്‌ളാറ്റുകളുടെ നിർമാണം ഈ മാസം പൂർത്തിയാകും. ഇതിനു പുറമേ തിരുവനന്തപുരം ജില്ലയിലെ കാരോട്, വലിയതുറ, ആലപ്പുഴ ജില്ലയിലെ മണ്ണുംപുറം, മലപ്പുറം ജില്ലയിലെ നിറമരുതൂർ, പൊന്നാനി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹിൽ, കാസർകോട് ജില്ലയിലെ കോയിപ്പടി എന്നിവിടങ്ങളിൽ 784 ഫ്‌ളാറ്റുകൾക്ക് ഭരണാനുമതി നൽകിയത് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളവും ഉല്‍നാടന്‍ മത്സ്യ ബന്ധനവും (Kerala and Inland fishing )
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം പദ്ധതി പുരോഗതിക്കായി രജിസ്‌ട്രേഷൻ ചെലവ് ഒഴിവാക്കുകയും തീരദേശത്ത് നിന്ന് മാറി താമസിക്കുന്നവർ ഭൂമി ഉപേക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കുകയും ചെയ്തു. സുരക്ഷിത മേഖലയിലേക്ക് മാറുവാൻ സന്നദ്ധത അറിയിച്ച മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കുകയാണ് സർക്കാർ നയമെന്നും അതിലൂടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കി സന്തുഷ്ടമായ ഒരു തീരദേശം സൃഷ്ടിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Share your comments