തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി വി. ഉണ്ണിക്കൃഷ്ണന്‍ കൃഷിയിലേക്ക് തിരിയുന്നത് ബാങ്കിലെ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചിട്ടാണ്. നെടുമങ്ങാട് എസ്.ബി.ടി ബ്രാഞ്ചില്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസറായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇദ്ദേഹം കൃഷിക്കാരെ പരിചയപ്പെടുന്നതും കൃഷിയെ അടുത്തറിയുന്നതും. ഈ പരിചയം കൃഷിയോടുള്ള താല്പ്യത്തിലേക്ക് വഴിമാറി. അങ്ങനെ 2001 ല്‍ എസ്.ബി.ടിയില്‍ നിന്ന് അദ്ദേഹം സ്വയം വിരമിച്ചു.
അഞ്ഞൂറോളം ഗ്രോ ബാഗിലാണ് മട്ടുപ്പാവിലും മുറ്റത്തുമായി ഇദ്ദേഹം കൃഷിചെയ്യുന്നത്. പയര്‍, വെണ്ട, വഴുതന, ചീര, മത്തന്‍, കുമ്പളം, മുളക്, ചേന, ചേമ്പ്, പാവല്‍, പീച്ചിങ്ങ തുടങ്ങി എല്ലാവിധ പച്ചക്കറികളും വീട്ടില്‍ തന്നെ കൃഷിചെയ്തുണ്ടാക്കുന്നു. വീട്ടിലേക്കുള്ള പച്ചക്കറികള്‍ ഇപ്പോള്‍ പുറത്തുനിന്ന് വാങ്ങേണ്ടതില്ല. അതോടൊപ്പം ഇപ്പോള്‍ കാച്ചാണിയില്‍ രണ്ടേക്കര്‍ ഭൂമിയിലും ഇദ്ദേഹം പച്ചക്കറിക്കൃഷി തുടങ്ങി.
കോഴിക്കാഷ്ഠവും ചാണകവുമാണ് വളമായി ഉപയോഗിക്കുന്നത്. കീടനിയന്ത്രണം തൈ ആയിരിക്കുമ്പോഴേ തുടങ്ങും. കീടനിയന്ത്രണത്തിന് വിവരങ്ങള്‍ ശേഖരിക്കാന്‍ പലപ്പോഴും ഇന്റര്‍നെറ്റിന്റെ സഹായം തേടാറുണ്ട്. മുളകിന്റെ ഇലചുരുളലിന് കുമ്മായം വിതറുന്നതും വെണ്ടയിലെ ഇലമഞ്ഞളിപ്പിന് മഞ്ഞള്‍പ്പൊടി വിതറുന്നതും പ്രതിവിധിയാണെന്ന് ഇദ്ദേഹം പറയുന്നു. കീടനാശിനിയായി ഐ.എം.സി കമ്പനിയുടെ അഗ്രോ ബൂസ്റ്റ് ആണ് ഉപയോഗിക്കുന്നത്. ഇതിന് ഒരു ലിറ്റര്‍ ബോട്ടിലിന് 650 രൂപയാണ് വില. അനുപാതം ഒരു ലിറ്റര്‍ വെള്ളത്തിന് 1.5 മില്ലിയാണ്. അതോടൊപ്പം ആവശ്യക്കാര്‍ക്ക് പച്ചക്കറിത്തൈകളും വിത്തും ഗ്രോബാഗും തയ്യാറാക്കി കൊടുക്കും. ചാണകം, മണ്ണ്, ചകിരിച്ചോറ് എന്നിവ ചേര്‍ത്താണ് നടീല്‍ മിശ്രിതം തയ്യാറാക്കുന്നത്.
കേരളത്തിലെ കര്‍ഷകരുടെ പ്രാധാന പ്രശ്‌നമായി ഇദ്ദേഹം പറയുന്നത് കണക്ക് എഴുതുന്നില്ല എന്നതാണ്. കൃഷിക്ക് ചെലവാകുന്ന എല്ലാ കണക്കുകളും കര്‍ഷകന്‍ എഴുതിവെയ്ക്കണം. എന്നാലേ കൃഷി ലാഭമായിരുന്നോ നഷ്ടമായിരുന്നോ എന്ന് കൃത്യമായി പറയാന്‍ സാധിക്കൂ. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കര്‍ഷകരുടെ ക്ഷേമത്തിനായി കൂടുതല്‍ ഇടപെടലുകള്‍ വേണമെന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്. വിദേശരാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് സംഭരണ സൗകര്യം സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിളവ് കൂടുതലുണ്ടെങ്കില്‍ അവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. പക്ഷേ കേരളത്തില്‍ ഇത്തരമൊരു സൗകര്യമില്ലാത്തതുകൊണ്ട് കൂടുതല്‍ വിളവുണ്ടായാല്‍ ചീഞ്ഞു പോവുകയേ ഉള്ളൂ. വിദേശരാജ്യങ്ങളിലേതുപോലെ കേരളത്തിലും സംഭരണസൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മാത്രമല്ല, വിദേശരാജ്യങ്ങളില്‍ കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുക്കുന്നുണ്ട്. കേരളത്തില്‍ കര്‍ഷകരെ അവഗണിക്കുകയാണ്. ഞാന്‍ കര്‍ഷകനാണ് എന്നു പറയാന്‍ കര്‍ഷകര്‍ക്കുപോലും നാണക്കേടാണ്. ഈ അവസ്ഥ മാറണം. എന്നാലേ കൃഷിയും കര്‍ഷകരും രക്ഷപ്പെടൂ.
കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലും ഇദ്ദേഹം സജീവാംഗമാണ്. ജനങ്ങള്‍ക്ക് ഒരു പ്രചോദനമായി കൃഷി സംസ്‌കാരം പകര്‍ന്നുകൊടുക്കണം എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. അതിന് താനൊരു മാതൃകയാകണം. അഞ്ഞൂറോളം പേര്‍ ഇതിനകംതന്നെ തന്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൃഷി തുടങ്ങിക്കഴിഞ്ഞുവെന്നും ഉണ്ണിക്കൃഷ്ണന്‍ അഭിമാനത്തോടെ പറയുന്നു.
(തയ്യാറാക്കിയത് - സ്റ്റാഫ് പ്രതിനിധി)
Share your comments