ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ, ഭാരതീയ ചികിത്സാവകുപ്പും, കോട്ടക്കൽ ഗവണ്മെന്റ് ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഡിസീസസും കോട്ടക്കൽ ആയുർവേദ കോളേജും സംയുക്തമായി ആരംഭിച്ച `കൂടെ ´- ടെലികൗൺസിലിങ് മൂന്നാഴ്ചകൾ പിന്നിടുമ്പോൾ കരുതൽ തേടിയെത്തിയത് നാലായിരത്തിലധികം ഫോൺ വിളികൾ.
ഇവർക്കുള്ള സേവനം ലഭ്യമാക്കുന്നതിനായി ആയുർവേദ മാനസികരോഗ ചികിത്സയിലും കൗൺസിലിങ്ങിലും വിദഗ്ധരായ നൂറ്റിനാല്പതോളം ഡോക്ടർമാരും എൺപതോളം മെഡിക്കൽ വിദ്യാർത്ഥികളുമാണ് `കൂടെ ´ യുടെ ഭാഗമായിരിക്കുന്നത്.
കോവിഡിന്റെ രണ്ടാം വരവോടെ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നപ്പോൾ തന്നെ, അസാധാരണമായൊരു സാഹചര്യം മുന്നിൽകണ്ട് ഈ ആശയത്തിനു രൂപം നൽകി.
ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ രോഗപ്രതിസന്ധിയെ നേരിടുമ്പോൾ സമൂഹത്തിൽ അനിവാര്യമായ ചില നിയന്ത്രണങ്ങളെ ശാരീരികമായും മാനസികമായും ഉൾക്കൊള്ളാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് `കൂടെ ´യുടെ പ്രധാന പ്രവർത്തന ലക്ഷ്യം.
ക്വാറൻടൈനിലിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച്, ഫോണിലൂടെ ബന്ധപ്പെട്ട്, അവരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ `കൂടെ ´ പ്രവർത്തകർ ശ്രമിക്കുന്നു. അവശ്യഘട്ടങ്ങളിൽ അവർക്ക് കൗൺസിലിങ് നൽകുകയും പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കേസുകൾ മാനസികാരോഗ്യ വിഭാഗം വിദഗ്ധസംഘത്തിന് കൈമാറുകയും ചെയ്യു ന്നു. അപ്രതീക്ഷിത ലോക്ക്ഡൌൺ സൃഷ്‌ടിച്ച പലതരം മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും ഈ സേവനം നൽകിവരുന്നു.
ജോലിയും വരുമാനവും ഇല്ലാതെയുള്ള സാമ്പത്തിക പ്രയാസങ്ങൾ, രോഗഭീതി, ദൂരദേശങ്ങളിൽ കഴിയുന്നവരെ കുറിച്ചുള്ള ആശങ്കകൾ തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നിരവധി വ്യക്തികളാണ് `കൂടെ ´ കൗൺസിലർമാരുടെ സഹായം തേടിയത്. അവരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്ന ആശ്വാസവാക്കുകൾക്ക് പുറമെ, ഭക്ഷണം, വൈദ്യസഹായം എന്നിവ ഉൾപ്പെടെയുള്ള അടിയന്തിരപ്രശ്നങ്ങൾ അതാത് സ്ഥലങ്ങളിലെ ഉത്തരവാദിത്തപ്പെട്ട ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അവയ്ക്ക് പരിഹാരം കാണാനും ഈ കൂട്ടായ്മക്ക് കഴിയുന്നുണ്ട്.
Share your comments