പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും വീടുകള്‍ക്കുണ്ടായ ചെറിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയര്‍ലോണ്‍ പദ്ധതി സാന്ത്വനമായത് 85,661 കുടുംബങ്ങള്‍ക്ക്.
പദ്ധതിയുടെ ഭാഗമായി 713.92 കോടി രൂപയാണ് വായ്പയായി വിതരണം ചെയ്തത്. കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലൊഴികെ 9126 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്.
ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളുള്ള ആലപ്പുഴ ജില്ലയില്‍ 35932 അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി 214.52 കോടി രൂപ വിതരണം ചെയ്തു. തൃശ്ശൂരില്‍ 2871 അയല്‍ക്കൂട്ടങ്ങള്‍ക്കായി 189.50 കോടി രൂപയും എറണാകുളം ജില്ലയില്‍ 1333 അയല്‍ക്കൂട്ടങ്ങള്‍ക്കായി 176.32 കോടി രൂപയും വിതരണം ചെയ്തു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കിയ കെയര്‍ കേരളയുടെ ഭാഗമായാണ് കെയര്‍ ലോണ്‍ പദ്ധതിയും ആവിഷ്‌കരിച്ചത്. കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഒന്‍പതു ശതമാനം പലിശനിരക്കിലാണ് വായ്പ അനുവദിച്ചത്.
സര്‍ക്കാരാണ് പലിശ വഹിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ വഴി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് വായ്പ നല്‍കിയത്. പ്രളയകാലത്ത് കുടുംബശ്രീ വഴി സര്‍ക്കാര്‍ നടപ്പിലാക്കിയ റീസര്‍ജന്റ് കേരള ലോണ്‍ സ്‌ക്കിമിൽ ഉള്‍പ്പെടുത്തിയാണ് കെയര്‍ ലോണ്‍ വായ്പാ വിതരണവും നടത്തിയത്.
പ്രളയത്തില്‍ ദുരിതം നേരിട്ടവര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പ പലിശരഹിതമായി ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു റീസര്‍ജന്റ് കേരള ലോണ്‍ സ്്കീം (ആര്‍.കെ.എല്‍.എസ്.). അര്‍ഹരായ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് 9% പലിശയ്ക്ക് എല്ലാ ബാങ്കുകളും വായ്പ നല്‍കുകയും ഈ പലിശ പൂര്‍ണമായും സര്‍ക്കാര്‍ അനുവദിച്ചു നല്‍കുകയും ചെയ്യുന്ന രീതിയിലായിരുന്നു പദ്ധതി.
ആകെ 30276 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 2,02789 അയല്‍ക്കൂട്ടാംഗങ്ങളാണ് വായ്പ സ്വീകരിച്ചത്. 1794.02 കോടി രൂപയാണ് ആകെ വായ്പയായി ആര്‍.കെ.എല്‍.എസ് മുഖേന വിതരണം ചെയ്തത്.
Share your comments