- കർഷകർക്കും, കാർഷികയന്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന സംരംഭകർക്കും, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും കാർഷികയന്ത്രങ്ങൾ വാങ്ങാൻ ധനസഹായം. കാർഷികയന്ത്രങ്ങളും കൃഷി ഉപകരണങ്ങളും 40 ശതമാനം മുതൽ 80 ശതമാനം വരെ സബ്സിഡിയിൽ സ്വന്തമാക്കാം. സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയനുസരിച്ചാണ് കർഷകന് നേരിട്ട് സബ്സിഡി ലഭ്യമാക്കുന്നത്. 2 ഹെക്ടർ വരെയുള്ള കർഷകർക്ക് 50%വും രണ്ടു ഹെക്ടറിനു മുകളിലുള്ളവർക്ക് 40%വും സബ്സിഡി ലഭിക്കു. സ്ത്രീകൾക്കും പട്ടിക വിഭാഗക്കാർക്കും 60% വരെയാണ് സബ്സിഡി ലഭിക്കുക. കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന സംരംഭകർക്ക് 10 ലക്ഷം രൂപ വരെയുള്ള ഉപകരണങ്ങൾ 80 ശതമാനം വരെ സബ്സിഡിയിൽ വാങ്ങാം. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് agrimachinery.nic.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: സ്വതന്ത്രഭാരതത്തിലെ 'കാർഷിക ഇന്ത്യ'
- സംസ്ഥാനത്ത് നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണം നവംബർ 6 വരെ നീട്ടി. കഴിഞ്ഞ മാസം 1-ാം തീയതി വരെയായിരുന്നു സംഭരണത്തിന് കാലാവധി അനുവദിച്ചിരുന്നത്. എന്നാൽ, സംഭരണ കാലാവധി നീട്ടിയുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കത്ത് തിങ്കളാഴ്ച സംസ്ഥാന സർക്കാരിനും നാഫെഡിനും ലഭിച്ചു. കേരളത്തിൽ സംഭരണം വൈകിയതിനാലാണ് കേന്ദ്ര സർക്കാർ അധികസമയം അനുവദിച്ചത്. നാളികേരമായി എത്തിച്ചാലും സംഭരിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ സബ്സിഡി കർഷകർക്കു ലഭിക്കുമെന്നും നാഫെഡ് അറിയിച്ചു. കൊപ്ര വില ഇടിഞ്ഞ സാഹചര്യത്തിൽ കേരളത്തിൽ ഫെബ്രുവരി 3 മുതൽ സംഭരണം ആരംഭിക്കുകയായിരുന്നു. മിൽ കൊപ്ര കിലോയ്ക്ക് 105 രൂപ 90 പൈസയാണ് താങ്ങുവിലയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.
- തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഒഴിവുള്ള പഞ്ചായത്തുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം നടത്തുക. എബിസി പദ്ധതിക്കായാണ് ഡോക്ടർമാരെ നിയമിക്കുന്നത്. കൂടാതെ, തെരുവുനായ പ്രശ്നം പരിഹരിക്കാൻ ആറിന പദ്ധതിയുമായി വെറ്റിനറി സര്‍വകലാശാല രംഗത്തെത്തിയിട്ടുണ്ട്. നായ്ക്കളെ പിടികൂടാന്‍ തൊഴിലാളികള്‍ക്ക് പരിശീലനം നൽകുന്നതും, തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍റ്റര്‍ നിര്‍മാണത്തിന് സാങ്കേതികസഹായം നൽകുന്നതുമുൾപ്പെടെയുള്ളവ ആറിന പദ്ധതിയിൽപ്പെടുന്നു.
- ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 11 മണിക്ക് ഇലക്കറികളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ തത്സമയപരിശീലനം സംഘടിപ്പിക്കുന്നു. എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് തത്സമയപരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- 'കൃഷിക്കൊപ്പം കളമശ്ശേരി' സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. അയിരൂർ സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ രൂപീകരിച്ച എസ്.എച്ച്.ജി അംഗങ്ങൾക്കായി സംഘടിപ്പിച്ച ശിൽപ്പശാല പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി നിയോജക മണ്ഡലം എം.എൽ .എയും കയർ നിയമ വ്യവസായ വകുപ്പ് മന്ത്രിയുമായ പി. രാജീവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കൃഷിക്ക് ഒപ്പം കളമശ്ശേരി. അയിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.ഒ ജോണി യോഗത്തിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളും കൃഷി ഓഫീസർമാരും ബാങ്ക് ഭരണസമിതി അംഗങ്ങളും കർഷകരും യോഗത്തിൽ പങ്കെടുത്തു. കുന്നുകര ഗ്രാമപഞ്ചായത്തിലെ പഴം പച്ചക്കറി മേഖലയിൽ ഇടപെട്ട് ഉൽപ്പാദനം വർധിപ്പിക്കുന്നതിനും, തരിശു സ്ഥലങ്ങളിൽ കൃഷി വ്യാപന പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള രൂപരേഖയും ശിൽപ്പശാലയിൽ തയാറാക്കി.
- ജി 20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ 200 ജി20 യോഗങ്ങൾ സംഘടിപ്പിക്കും. ഡിസംബർ ഒന്നിനാണ് ഒരു വർഷത്തേക്ക് ജി20 അധ്യക്ഷ പദം ഇന്ത്യ ഏറ്റെടുക്കുന്നത്. 2023 സെപ്റ്റംബർ 9,10 തീയതികളിൽ ഡൽഹിയിൽ ജി20 ഉച്ചകോടി നടക്കും. ഇന്ത്യ, അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്തൊനീഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ജി20യിലെ രാജ്യങ്ങൾ. രാജ്യാന്തര സാമ്പത്തിക സഹകരണത്തിനുള്ള വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി20.
- രാജ്യത്തെ ക്ഷീരമേഖലയെ നയിക്കുന്നത് സ്ത്രീശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രേറ്റര്‍ നോയിഡയില്‍, അന്താരാഷ്ട്ര ക്ഷീര ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ക്ഷീരമേഖലയിലെ തൊഴില്‍ ശക്തിയില്‍ സ്ത്രീകള്‍ക്ക് 70 ശതമാനം പ്രാതിനിധ്യമുണ്ട്. ക്ഷീര സഹകരണ സംഘങ്ങളിലെ മൂന്നിലൊന്ന് അംഗങ്ങളും സ്ത്രീകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 മുതല്‍ ഇന്ത്യയുടെ ക്ഷീരമേഖലയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സർക്കാർ അക്ഷീണം പ്രയത്നിക്കുന്നതായും, ഇതിലൂടെ പാലുല്‍പ്പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമാക്കി.
- രാജ്യത്തെ കർഷകർക്ക് പ്രയോജനകരമാകുന്ന വളം, മണ്ണ്, ജല പരിശോധനാ ലബോറട്ടറിയും ക്രോപ് അഡ് വൈസറി ടൂളും അവതരിപ്പിച്ച് ICL. ICLeaf, ICL ക്രോപ്പ് അഡ്വൈസർ ടൂൾ എന്നിവയുടെ ഉദ്ഘാടനം ധാപ്പോളിയിലെ ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠത്തിലെ വിസി ഡോ SD സാവന്ത് നിർവഹിച്ചു. പൂനെയിലെ ഹോട്ടൽ സയാജിയിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ഇലകളിലെയും മണ്ണിലെയും പോഷകങ്ങളുടെ അളവ് നിർണയിക്കുന്നതിനുള്ള മികവുറ്റ സാങ്കേതിക വിദ്യയാണ് ICLeafലൂടെ വികസിപ്പിച്ചിട്ടുള്ളത്. വിളകളുടെ വളർച്ചയും ഉൽപ്പാദനവും മെച്ചപ്പെടുത്തുന്നതിന് ICL CROP ADVISORഉം മുതൽക്കൂട്ടാകും.
- കൃഷിയിലും ഭക്ഷ്യഉൽപ്പാദനത്തിലും പുരോഗതി കൈവരിക്കുന്നതിന് സഹായകരമായ മികച്ച ട്രാക്ടറുകൾക്കും കൃഷിയന്ത്രങ്ങൾക്കുമായുള്ള അവാർഡ് വിതരണം ന്യൂഡൽഹിയിലെ ഐസിഎആർ എപി സിന്ധെ ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമർ അവാർഡ് വിതരണം നിർവഹിച്ചു. സ്വരാജ് ട്രാക്ടേഴ്സായിരുന്നു പരിപാടിയുടെ സംഘടകർ. അഞ്ച് മണിക്കൂർ നീണ്ട അഗ്രിടെക് ഉച്ചകോടിയെ തുടർന്നായിരുന്നു അവാർഡ് ദാന ചടങ്ങ് നടത്തിയത്.
- ലോകത്തിലെ ഏറ്റവും നീളമേറിയ കാര്‍ഷിക കാരവന്‍ നടത്തി സൗദി അറേബ്യ. സൗദി അറേബ്യയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന കാര്‍ഷിക വിപുലീകരണ വാഹനവ്യൂഹം 8,320 ദൂരം പിന്നിട്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. 2021 ഡിസംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ കാര്‍ഷിക യാത്ര സൗദി അറേബ്യ നടത്തിയത്. സംഘടനാ പ്രവര്‍ത്തകര്‍, വിദഗ്ധര്‍, കാര്‍ഷിക വിപുലീകരണ തൊഴിലാളികള്‍, സന്നദ്ധ സംഘങ്ങള്‍ എന്നിവരുള്‍പ്പെടെ 230 പേരുടെ സംഘമായിരുന്നു കാരവനില്‍ ഉണ്ടായിരുന്നത്. 'അഗ്രികള്‍ച്ചറല്‍ കാരവന്‍' എന്ന പേരില്‍ ഗിന്നസ് റെക്കോര്‍ഡില്‍ സൗദി വാഹനവ്യൂഹം സര്‍ട്ടിഫിക്കറ്റ് നേടിയ അവസരത്തില്‍, കാരവൻ സഞ്ചരിച്ച സൌദിയിലെ വിവിധ പ്രദേശങ്ങളിലെ മന്ത്രാലയത്തിന്റെ ശാഖകളില്‍ നിന്നുള്ള നിരവധി വിഭാഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. സൗദി പരിസ്ഥിതി, ജലം, കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി എന്‍ജിനീയര്‍ മന്‍സൂര്‍ ബിന്‍ ഹിലാല്‍ അല്‍ മുഷൈത്തി ചടങ്ങില്‍ പങ്കെടുത്തു.
- കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ലെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും, ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും നിർദേശമുണ്ട്. കൂടാതെ, സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നൽകി.
Share your comments